ചരിത്രം കുറിച്ച് ഡി ഗുകേഷ്; കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ വിജയിച്ച് 17കാരൻ

Monday 22 April 2024 7:12 AM IST

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള കൗമാരക്കാരൻ ഗുകേഷ് ദൊമ്മരാജു കാനഡയിൽ നടന്ന കാൻഡിഡേറ്റ്‌സ് ചെസ് ടൂ‌ർണമെന്റിൽ ചരിത്ര വിജയം നേടി. 14 റൗണ്ട് നീണ്ടുനിന്ന മത്സരത്തിൽ അമേരിക്കൻ ഗ്രാൻഡ്‌മാസ്റ്റർ ഹികാരു നകമുറയെ 14-ാം റൗണ്ടിൽ സമനിലയിൽ തളച്ചതോടെയാണ് കാൻഡിഡേറ്റ്‌സ് ചെസിൽ വിജയിയായത്. ഇതോടെ പ്രധാന ടൂ‌ർണമെന്റിൽ വിജയം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗുകേഷ്. ലോകചാമ്പ്യനെ തീരുമാനിക്കുന്ന മത്സരത്തിലേക്ക് ഗുകേഷ് ഇതോടെ യോഗ്യത നേടി. ഈ വർഷം നിലവിലെ ചാമ്പ്യനായ ഡിംഗ് ലിറെനെ ഗുകേഷ് നേരിടും.

ടൊറന്റോയിലെ ഗ്രേറ്റ് ഹാളിൽ ഫാബിയാനോ കരുവാനയും ഇയാൻ നെപോംനിയാച്ചിയും തമ്മിലെ മത്സരം സമനിലയിലായതോടെയാണ് ഗുകേഷ് മത്സരവിജയിയായത്. ഡിംഗ് ലിറെനെ തോൽപ്പിക്കാനായാൽ ലോക ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗുകേഷിന് മാറാനാകും. മാഗ്നസ് കാൾസൺ, ഗാരി കാസ്‌പറോവ് എന്നിവർ 22-ാം വയസിലാണ് ലോകചാമ്പ്യന്മാരായത്. നിലവിലെ റെക്കാ‌‌ഡ് മറികടക്കാനുള്ള അവസരമാണ് കൈവന്നത്.

ഇന്ത്യൻ ഇതിഹാസം വിശ്വനാഥൻ ആനന്ദ്, ഗുകേഷിന്റെ നേട്ടത്തിൽ അഭിനന്ദനം അറിയിച്ചു. ആനന്ദിന് ശേഷം ഈ ടൂർണമെന്റിൽ വിജയിയാകുന്ന ആദ്യ ഇന്ത്യൻ താരമാണ് ഗുകേഷ്. ശക്തമായ പരീക്ഷണങ്ങളെ ടൂർണമെന്റിൽ ഉടനീളം എളുപ്പത്തിൽ ഗുകേഷ് കൈകാര്യം ചെയ്‌തതിനെ ആനന്ദ് എടുത്തുപറഞ്ഞു. ചെന്നൈ സ്വദേശിയായ ഗുകേഷ് 12-ാം വയസിലാണ് ഗ്രാൻഡ് മാസ്‌റ്ററായത്. നകമുറയുടെ ശക്തമായ നീക്കത്തിനിടയിലും ഗുകേഷ് കരുത്തോടെ നിലയുറപ്പിച്ചാണ് സമനില നേടിയെടുത്തത്. ടൂർണമെന്റിൽ ആർ പ്രഗ്നാനന്ദ, വിദിത് ഗുജറാത്തി എന്നിവരും മികച്ച പ്രകടനത്തിലൂടെ അഞ്ചാം സ്ഥാനത്തെത്തി.