രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തോല്‍വി, ബാറ്റിംഗിലും ബൗളിംഗിലും കരുത്ത് കാട്ടി ഡല്‍ഹി

Sunday 17 May 2026 11:44 PM IST

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തോല്‍വി. അഞ്ച് വിക്കറ്റിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് രജസ്ഥാനെ പരാജയപ്പെടുത്തിയത്. 194 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി 19.2 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. സീസണിലെ ആദ്യ നാല് മത്സരങ്ങള്‍ ജയിച്ച് തുടങ്ങിയ രാജസ്ഥാന്‍ കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ നിന്ന് വഴങ്ങുന്ന ആറാമത്തെ തോല്‍വിയാണിത്. ഇതോടെ അവസാന നാലില്‍ സ്ഥാനമുറപ്പിക്കാന്‍ ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിക്കണം എന്ന സ്ഥിതിയിലാണ് രാജസ്ഥാന്‍. അതിനോപ്പം മറ്റ് മത്സരങ്ങളുടെ ഫലത്തെ ആശ്രയിക്കുകയും വേണം.

വിജയലക്ഷ്യം പിന്തുടര്‍ന്ന ക്യാപിറ്റല്‍സിന് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിക്കൊണ്ട് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. അഭിഷേക് പോരല്‍ 51(31) - കെഎല്‍ രാഹുല്‍ 56(42) സഖ്യം ഒന്നാം വിക്കറ്റില്‍ 10.1 ഓവറില്‍ 105 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സഹില്‍ പാരക് 9(8), ട്രിസ്റ്റന്‍ സ്റ്റബ്‌സ് 4(6), ഡേവിഡ് മില്ലര്‍ 9(6) റണ്‍സ് വീതം നേടി പുറത്തായി. ക്യാപ്റ്റന്‍ അക്‌സര്‍ പ്‌ട്ടേല്‍ 34*(18), അഷുതോഷ് ശര്‍മ്മ 18*(5) എന്നിവര്‍ പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി ബ്രിജേഷ് ശര്‍മ്മയും ജോഫ്ര ആര്‍ച്ചറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ദസൂണ്‍ ഷണകയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗ്, വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുരേല്‍ എന്നിവരും വെടിക്കെട്ട് തുടക്കം നല്‍കിയ കൗമാരതാരം വൈഭവ് സൂര്യവംശിയുമാണ് രാജസ്ഥാന്റെ പ്രധാന സ്‌കോറര്‍മാര്‍. 13 ഓവറില്‍ 152ന് രണ്ട് എന്ന ശക്തമായ നിലയില്‍ നിന്നാണ് രാജസ്ഥാന്‍ 200ന് താഴെ ഒതുങ്ങിയത്.

അവസാന ഏഴ് ഓവറുകളില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സ് മാത്രമാണ് രാജസ്ഥാന്‍ കൂട്ടിച്ചേര്‍ത്തത്. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍ 12(9) വൈഭവ് സൂര്യവംശി 46(21) റണ്‍സ് വീതം നേടി പുറത്തായി. മൂന്നാമനായി ക്രീസിലെത്തിയ ധ്രുവ് ജുരേല്‍ 53(40) റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 26 പന്തുകളില്‍ നിന്ന് മൂന്ന് ബൗണ്ടറിയും അഞ്ച് സിക്സറുകളും സഹിതം 51 റണ്‍സെടുത്തു. ഇതിന് ശേഷമാണ് റോയല്‍സ് ബാറ്റിംഗ് തകര്‍ച്ച നേരിട്ടത്.

ഡൊണോവാന്‍ ഫെറെയ്റ 0(1), രവി സിംഗ് 4(2), ശുബം ദൂബെ 5(9), ഇംപാക്ട് സബ് ആയി എത്തിയ ശ്രീലങ്കന്‍ താരം ദസൂണ്‍ ഷണക 10(8) എന്നിവര്‍ നിരാശപ്പെടുത്തി. ജോഫ്ര ആര്‍ച്ചര്‍, ആദം മിലീന്‍ എന്നിവര്‍ രണ്ട് റണ്‍സ് വീതം നേടി പുറത്താകാതെ നിന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനായി മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മാധവ് തിവാരി, ലുംങ്കി എങ്കിടി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി.