ഗംഭീര തുടക്കം പാഴാക്കി രാജസ്ഥാന്‍ റോയല്‍സ്; 200ന് താഴെയൊതുക്കി ഡല്‍ഹി ബൗളര്‍മാര്‍

Sunday 17 May 2026 9:40 PM IST

ന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സിനെതിരായ നിര്‍ണായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് 194 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗ്, വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുരേല്‍ എന്നിവരും വെടിക്കെട്ട് തുടക്കം നല്‍കിയ കൗമാരതാരം വൈഭവ് സൂര്യവംശിയുമാണ് രാജസ്ഥാന്റെ പ്രധാന സ്‌കോറര്‍മാര്‍. 13 ഓവറില്‍ 152ന് രണ്ട് എന്ന ശക്തമായ നിലയില്‍ നിന്നാണ് രാജസ്ഥാന്‍ 200ന് താഴെ ഒതുങ്ങിയത്.

അവസാന ഏഴ് ഓവറുകളില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സ് മാത്രമാണ് രാജസ്ഥാന്‍ കൂട്ടിച്ചേര്‍ത്തത്. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്‌വാള്‍ 12(9) വൈഭവ് സൂര്യവംശി 46(21) റണ്‍സ് വീതം നേടി പുറത്തായി. മൂന്നാമനായി ക്രീസിലെത്തിയ ധ്രുവ് ജുരേല്‍ 53(40) റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 26 പന്തുകളില്‍ നിന്ന് മൂന്ന് ബൗണ്ടറിയും അഞ്ച് സിക്‌സറുകളും സഹിതം 51 റണ്‍സെടുത്തു. ഇതിന് ശേഷമാണ് റോയല്‍സ് ബാറ്റിംഗ് തകര്‍ച്ച നേരിട്ടത്.

ഡൊണോവാന്‍ ഫെറെയ്‌റ 0(1), രവി സിംഗ് 4(2), ശുബം ദൂബെ 5(9), ഇംപാക്ട് സബ് ആയി എത്തിയ ശ്രീലങ്കന്‍ താരം ദസൂണ്‍ ഷണക 10(8) എന്നിവര്‍ നിരാശപ്പെടുത്തി. ജോഫ്ര ആര്‍ച്ചര്‍, ആദം മിലീന്‍ എന്നിവര്‍ രണ്ട് റണ്‍സ് വീതം നേടി പുറത്താകാതെ നിന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനായി മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മാധവ് തിവാരി, ലുംങ്കി എങ്കിടി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി.