ന്യൂസിലാന്‍ഡിനേയും വീഴ്ത്തി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യ; സെമിയില്‍ എതിരാളികള്‍ മൈറ്റി ഓസ്‌ട്രേലിയ

Sunday 02 March 2025 9:43 PM IST

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ശക്തരായ ന്യൂസിലാന്‍ഡിനെ 44 റണ്‍സിന് തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായിട്ടാണ് ഇന്ത്യയുടെ സെമി പ്രവേശനം. ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡിന് 45.3 ഓവറില്‍ 205 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. ചൊവ്വാഴ്ച ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ ലോകചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ബുധനാഴ്ച ലാഹോറില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ന്യൂസിലാന്‍ഡ് ദക്ഷിണാഫ്രിക്കയെ നേരിടും.

സ്കോർ, ഇന്ത്യ 249-9 (50), ന്യൂസിലാന്‍ഡ് 205-10 (45.3)

250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് നിരയില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ മുന്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍ 81(120) മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. വില്‍ യങ് 22(35), രചിന്‍ രവീന്ദ്ര 6(12), ഡാരില്‍ മിച്ചല്‍ 17(35), ടോം ലഥാം 14(20), ഗ്ലെന്‍ ഫിലിപ്‌സ് 12(8) എന്നിങ്ങനെയാണ് മുന്‍നിര ബാറ്റര്‍മാരുടെ സംഭാവന. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ 28(31) എട്ടാമനായി പുറത്തായതോടെ കിവീസിന്റെ അവസാന വിജയപ്രതീക്ഷയും അസ്തമിക്കുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി ലെഗ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി അഞ്ച് വിക്കറ്റ് വീഴ്ത്തി. 10 ഓവറുകളില്‍ നിന്ന് 42 റണ്‍സ് വഴങ്ങിയാണ് താരത്തിന്റെ നേട്ടം. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഒമ്പത് വിക്കറ്റുകളാണ് വീഴ്ത്തിയത്. കിവീസ് ഇന്നിംഗ്‌സിന്റെ ഒരു ഘട്ടത്തിലും അവരുടെ ബാറ്റര്‍മാരെ മുന്നേറാന്‍ അനുവദിക്കാത്ത പ്രകടനമാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പുറത്തെടുത്തത്.

നേരത്തെ ടോസ് നേടിയ മിച്ചല്‍ സാന്റ്നര്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ 2(7), ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 15(17) എന്നിവര്‍ പെട്ടെന്ന് മടങ്ങി. പോയിന്റില്‍ ഗ്ലെന്‍ ഫിലിപ്സിന്റെ പറക്കും ക്യാച്ചില്‍ വിരാട് കൊഹ്ലി 11(14) പുറത്തയപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 30ന് മൂന്ന് എന്ന നിലയിലായിരുന്നു. നാലാം വിക്കറ്റില്‍ ശ്രേയസ് അയ്യര്‍ 79(98), അക്സര്‍ പട്ടേല്‍ 42(61) സഖ്യം നേടിയ 98 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.

അക്സറിനെ പുറത്താക്കി രചിന്‍ രവീന്ദ്രയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് വന്ന കെഎല്‍ രാഹുല്‍ 23(29), ഹാര്‍ദിക് പാണ്ഡ്യ 45(45), രവീന്ദ്ര ജഡേജ 16(20) എന്നിവര്‍ ടീം സ്‌കോര്‍ 250ന് അടുത്ത് എത്തിച്ചു. മുഹമ്മദ് ഷമി 5(8) റണ്‍സ് നേടി പുറത്തായപ്പോള്‍ കുല്‍ദീപ് യാദവ് 1*(1) പുറത്താകാതെ നിന്നു. ന്യൂസിലാന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കൈല്‍ ജാമിസണ്‍, വില്യം ഒറൂക്ക്, മിച്ചല്‍ സാന്റ്നര്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.