ഐപിഎൽ; ക്യാപ്‌ടൻ സഞ്ജുവിന് പകരക്കാരനായി ഇറങ്ങി തീപ്പൊരി ബാറ്റിംഗ്, ഔട്ടായപ്പോൾ കരഞ്ഞുകൊണ്ട് കളംവിട്ട് വൈഭവ്
ജയ്‌പൂർ: ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ രാജസ്ഥാൻ റോയൽസ് ഓപ്പണർ വൈഭവ് സൂര്യവംശി 20 പന്തിൽ മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം അടിച്ചുകൂട്ടിയത് 34 റൺസ്. ഇന്നലെ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിലാണ് 14കാരനായ സൂര്യവംശി തന്റെ എതിരാളികളെ വെള്ളം കുടിപ്പിച്ചത്. എന്നാൽ വെറും രണ്ട് റൺസിന് രാജസ്ഥാൻ റോയൽസ് ലക്‌നൗവിനോട് തോൽവി ഏറ്റുവാങ്ങി.
14 വയസും 23 ദിവസവും മാത്രം പ്രായമുള്ള സൂര്യവംശി, പരിക്കിനെ തുടർന്ന് ടീമിൽ ഇല്ലാതിരുന്ന ക്യാപ്‌ടൻ സഞ്ജു സാംസണ് പകരമാണ് ഓപ്പണറായത്. കളത്തിലിറങ്ങി ആദ്യ പന്തിൽ തന്നെ സിക്‌സർ പറത്തിയാണ് സൂര്യവംശി തന്റെ വരവറിയിച്ചത്. തുടക്കത്തിൽ സ്ലോ മോഡിലായിരുന്ന സഹ ഓപ്പണർ യശസ്വി ജയ്‌സ്വാളിന് ആവേശം പകർന്നതും സൂര്യവംശിയുടെ ഇന്നിംഗ്‌സായിരുന്നു. സ്‌പിന്നർമാർ എത്തിയപ്പോൾ അൽപമൊന്ന് പകച്ചെങ്കിലും ലക്‌നൗവിന്റെ മിസ്റ്ററി സ്‌പിന്നർ ദിഗ്‌വേശ് റാഠിയും സൂര്യവംശിയുടെ മുന്നിൽ വിയർപ്പിച്ചു.
ഒൻപതാം ഓവറിൽ നാലാം പന്തിൽ സൂര്യവംശി പുറത്താകുമ്പോൾ 85 റൺസായിരുന്നു രാജസ്ഥാൻ റോയൽസ് അതുവരെ നേടിയത്. എയ്‌ഡൻ മാർക്രമിന്റെ പന്തിൽ ഔട്ടായ സങ്കടത്തിൽ വിതുമ്പിക്കൊണ്ട് സൂര്യവംശി കളംവിടുന്നതിന്റെ ദൃശ്യങ്ങൾ വൈറലാണ്. ആദ്യം ബാറ്റ് ചെയ്‌ത ലക്‌നൗ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 180 റൺസ് ആണെടുത്തത്. മറുപടിക്കിറങ്ങിയ രാജസ്ഥാൻ പൊരുതിയെങ്കിലും 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 178 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. ഐപിഎല്ലിൽ ഇതുവരെ കളിച്ചവരിൽ ഐപിഎൽ ആദ്യ സീസണിന് ശേഷം ജനിച്ച ഒരേയൊരു താരം കൂടിയാണ് സൂര്യവംശി. 2011ലാണ് ബിഹാർ സ്വദേശിയായ സൂര്യവംശിയുടെ ജനനം. ഇക്കഴിഞ്ഞ ഐപിഎൽ മെഗാലേലത്തിൽ 1.1 കോടി രൂപയ്ക്കാണ് വൈഭവിനെ രാജസ്ഥാൻ സ്വന്തമാക്കിയത്.