ദുബായ്: ഏഷ്യാ കപ്പില്‍ തുടര്‍ന്നുള്ള മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി പാകിസ്ഥാന്‍. ഇന്ത്യക്കെതിരായ മത്സരത്തില്‍ തോല്‍ക്കുകയും ഇന്ത്യന്‍ താരങ്ങളുമായി ഹസ്തദാനം പോലും നടക്കാതിരിക്കുകയും ചെയ്ത സംഭവം ആരോപിച്ചാണ് ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യ - പാക് പോരാട്ടത്തില്‍ മാച്ച് റഫറിയായിരുന്ന ആന്‍ഡി പൈക്രോഫ്റ്റിനെ ടൂര്‍ണമെന്റെ റഫറി പാനലില്‍ നിന്ന് ഒഴിവാക്കണം എന്നാണ് പാകിസ്ഥാന്‍ ആവശ്യപ്പെടുന്നത്.
മത്സരത്തിന്റെ ടോസ് സമയത്ത് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവും പാക് നായകന്‍ സല്‍മാന്‍ അലി ആഗയും തമ്മില്‍ ഹസ്തദാനം നടക്കാത്തതിനും മത്സരത്തിന് ശേഷം ഇരുടീമിലേയും താരങ്ങള്‍ തമ്മില്‍ ഹസ്തദാനം നടക്കാത്തതിനും കാരണം പൈക്രോഫ്റ്റ് ആണെന്ന് ആരോപിച്ചാണ് പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറാന്‍ ആലോചിക്കുന്നത്. റഫറി പാനലില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയില്ലെങ്കില്‍ പാകിസ്ഥാന്‍ പിന്‍മാറാന്‍ സാദ്ധ്യത കൂടുതലാണെന്നാണ് പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി പ്രതികരിച്ചത്.
ഇന്ത്യയുമായുള്ള മത്സരത്തിലെ നാണക്കേടിന് പിന്നാലെ വിഷയം ചൂണ്ടിക്കാണ് ഐസിസിക്ക് പരാതി നല്‍കിയിരിക്കുകയാണ് പിസിബി. ഐസിസി പെരുമാറ്റച്ചട്ടവും എംസിസി നിയമങ്ങളും ലംഘിച്ചുവെന്നാരോപിച്ച് മാച്ച് റഫറിയെ ഉടന്‍ നീക്കം ചെയ്യണമെന്ന് പിസിബി ആവശ്യപ്പെട്ടതായി നഖ്വി തിങ്കളാഴ്ച അറിയിച്ചു. ഐസിസി പെരുമാറ്റച്ചട്ടവും ക്രിക്കറ്റ് സ്പിരിറ്റുമായി ബന്ധപ്പെട്ട എംസിസി നിയമങ്ങളും മാച്ച് റഫറി ലംഘിച്ചതായി പിസിബി ഐസിസിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ക്യാപ്റ്റന്‍മാര്‍ ടോസില്‍ കണ്ട് മുട്ടുമ്പോള്‍ സൂര്യക്ക് കൈ കൊടുക്കാന്‍ ശ്രമിക്കരുതെന്ന് മാച്ച് റഫറി പ്രത്യേകം നിര്‍ദേശിച്ചുവെന്നും പിസിബി പറയുന്നു. ഈ പെരുമാറ്റം കായിക മനോഭാവത്തിന് എതിരാണെന്ന് ആരോപിച്ച് പാകിസ്ഥാന്‍ ടീം മാനേജ്‌മെന്റ് പ്രതിഷേധം രേഖപ്പെടുത്തിയെന്നും ബോര്‍ഡ് പറഞ്ഞു. ആതിഥേയരായ യുഎഇക്ക് എതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. ഈ മത്സരം ബഹിഷ്‌കരിക്കുകയാണെങ്കില്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ വെറും ഒരു ജയം മാത്രമുള്ള പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |