ലോകകപ്പിനുള്ള പറങ്കിപ്പടയെ പ്രഖ്യാപിച്ചു; ലക്ഷ്യം കന്നിക്കിരീടം, പോർച്ചുഗലിനായി ആറാമതും ബൂട്ടണിയാൻ റൊണാൾഡോ

Tuesday 19 May 2026 8:34 PM IST

ലിസ്ബൺ: ഫുട്‌ബോൾ ലോകം കാത്തിരിക്കുന്ന 2026 ഫിഫാ ലോകകപ്പിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. പരിശീലകൻ റൊബർട്ടോ മാർട്ടിനസാണ് 27 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ടീമിനെ നയിക്കുന്നത്. കാനഡ-മെക്സിക്കോ-അമേരിക്കൻ മണ്ണിലാണ് പോർച്ചുഗീസ് പട കന്നി കിരീടത്തിനായി തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാനിറങ്ങുന്നത്.

തന്റെ കരിയറിലെ ആറാം ലോകകപ്പിനാണ് ക്രിസ്റ്റ്യാനോ ബൂട്ടണിയുക. ആറ് ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ താരം എന്ന അപൂർവ്വ നേട്ടം ഇതോടെ റൊണാൾഡോ സ്വന്തമാക്കും. റൊണാൾഡോയുടെ കരിയറിലെ അവസാന ലോകകപ്പാകും ഇതെന്നാണ് കരുതപ്പെടുന്നത്. ടൂർണമെന്റിൽ ലോകകിരീടം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള വലിയ ദൗത്യമാണ് റൊണാൾഡോയ്‌ക്ക് മുന്നിൽ.

വമ്പൻ ക്ലബ്ബുകളിൽ കളിക്കുന്ന താരങ്ങളുടെ നീണ്ട നിര തന്നെ പോർച്ചുഗൽ സ്‌ക്വാഡിലുണ്ട്. മുന്നേറ്റ നിര: ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗോൺസാലോ റാമോസ്, ജാവോ ഫെലിക്സ്, പെഡ്രോ നെറ്റോ, റാഫേൽ ലിയോ. മദ്ധ്യനിര: ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, റൂബൻ നെവസ് തുടങ്ങിയ സീനിയർ താരങ്ങളുടെ കരുത്താണ് ടീമിന്റെ നട്ടെല്ല്. പ്രതിരോധ നിര: റൂബൻ ഡയസ്, ജാവോ കാൻസലോ, ഡിയോഗോ ഡാലോ, നെൽസൺ സെമെഡോ, ന്യൂനോ മെൻഡിസ് എന്നിവർ ഉൾപ്പെടുന്നതാണ് വിശ്വസ്ത നിര. ഡിയോഗോ കോസ്റ്റ, റൂയി സിൽവ എന്നിവരാണ് ഗോൾ കീപ്പർമാർ.

ലോകകപ്പിൽ ഗ്രൂപ്പ് 'കെ'യിലാണ് പോർച്ചുഗൽ ഇടംപിടിച്ചിരിക്കുന്നത്. കോംഗോ, ഉസ്ബക്കിസ്ഥാൻ, കൊളംബിയ തുടങ്ങിയവരാണ് എതിരാളികൾ. ജൂൺ 17ന് കോംഗോയ്‌ക്കെതിരെയാണ്  ആദ്യ മത്സരം. യൂറോ കപ്പും യുവേഫ നേഷൻസ് ലീഗും ഷെൽഫിലെത്തിച്ച പോർച്ചുഗലിന് ഇതുവരെ ലോകകിരീടം മാത്രം തൊടാനായിട്ടില്ല. ക്രിസ്റ്റ്യാനോ എന്ന ഫുട്‌ബോൾ ഇതിഹാസ താരത്തിന്റെ അവസാന ലോകകപ്പ് പോരാട്ടം എന്ന നിലയിൽ ലോകമെമ്പാടുമുള്ള ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.