പഞ്ചാബിനെ പൂട്ടിട്ട് നിര്‍ത്തി ഗുജറാത്ത്; കുഞ്ഞന്‍ സ്‌കോറില്‍ ഒതുങ്ങി ശ്രേയസും സംഘവും
അഹമ്മദാബാദ്: വമ്പന്‍ ടോട്ടലുകള്‍ക്ക് പേരുകേട്ട പഞ്ചാബ് കിംഗ്‌സിനെ ചെറിയ സ്‌കോറില്‍ ഒതുക്കി ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത കിംഗ്‌സിന്റെ മുന്‍നിര തകര്‍ന്നപ്പോള്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ആകെ നേടാനായത് വെറും 163 റണ്‍സ് മാത്രമാണ്. ഗുജറാത്ത് പേസര്‍മാരുടെ കൃത്യതയാര്‍ന്ന ബൗളിംഗ് പ്രകടനമാണ് പഞ്ചാബിനെ പിടിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്.
ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യ 2(2), പ്രഭ്‌സിംറാന്‍ സിംഗ് 15(14) കൂപ്പര്‍ കണോലി 0(1) എന്നിവര്‍ വന്നപോലെ മടങ്ങി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 19(21), നേഹാല്‍ വധേര 0(6) എന്നിവരും നിരാശപ്പെടുത്തിയപ്പോള്‍ പഞ്ചാബ് 47ന് അഞ്ച് എന്ന സ്‌കോറിലെത്തി. ആറാം വിക്കറ്റില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ സൂര്യാന്‍ഷ് ഷെഡ്‌ഗെ 57(29), മാര്‍ക്കസ് സ്റ്റോയിനിസ് 40(31) എന്നിവരുടെ പ്രകടനങ്ങളാണ് ടീം സ്‌കോര്‍ 100 കടത്തിയത്. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ 44 പന്തുകളില്‍ നിന്ന് 79 റണ്‍സ് പിറന്നു.
മാര്‍ക്കോ യാന്‍സന്‍ 20(11) റണ്‍സ് നേടിയതോടെ ടീം സ്‌കോര്‍ 150 കടന്നു. സേവ്യര്‍ ബാര്‍ട്‌ലെറ്റ് പൂജ്യത്തിന് പുറത്തായപ്പോള്‍ വിജയകുമാര്‍ വൈശാഖ്, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ഓരോ റണ്‍ വീതമെടുത്ത് പുറത്താകാതെ നിന്നു. ടൈറ്റന്‍സിനായി ജേസണ്‍ ഹോള്‍ഡര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജിനും കഗിസോ റബാഡയ്ക്കും രണ്ട് വിക്കറ്റുകള്‍ വീതവും റാഷിദ് ഖാന് ഒരു വിക്കറ്റും ലഭിച്ചു.