ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ടോട്ടനം
ഹാരി കേനിന് ഗോളടിയിൽ റെക്കാഡ്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിൽ ആഴ്സനലിനും ലിവർപൂളിനും പിന്നാലെ തോൽവി ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി. കരുത്തന്മാരുടെ പോരാട്ടത്തിൽ ടോട്ടനമാണ് സിറ്റിയെ വെട്ടിവീഴ്ത്തിയത്. വിജയം. നായകൻ ഹാരി കേൻ നേടിയ ഏക ഗോളിനാണ് ടോട്ടനം മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. ഈ ഗോളോടെ ടോട്ടനത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കാഡിനും ഹാരി കേൻ അർഹനായി. മത്സരത്തിന്റെ 15-ാം മിനിട്ടിലായിരുന്നു ഹാരി കേനിന്റെ ഗോൾ. പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് പന്ത് പിടിച്ചെടുത്ത ഹൊയ്ബെർഗിൽ നിന്ന് കിട്ടിയ പാസ് കേൻ അനായാസം വലയിലാക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ഡിബ്രുയ്നെ കളത്തിലിറക്കിയെങ്കിലും തിരിച്ചടിക്കാനുള്ള സിറ്റിയുടെ ശ്രമങ്ങളെല്ലാം ടോട്ടനത്തിന്റെ പ്രതിരോധക്കോട്ടയിൽ തട്ടിത്തെറിച്ചു. ഈ തോൽവിയോടെ ഒന്നാം സ്ഥാനക്കാരായ ആഴ്സനലുമായുള്ള പോയിന്റ് വ്യത്യാസം കുറക്കാനുള്ള അവസരം മാഞ്ചസ്റ്റർ സിറ്റി നഷ്ടപ്പെടുത്തി. 21-മത്സരങ്ങളിൽ നിന്ന് 45 പോയിന്റോടെ രണ്ടാം സ്ഥാനത്ത് തുടരുകയാണ് സിറ്റി. ഒരു മത്സരം കുറച്ചു കളിച്ച ആഴ്സനലിന് 50-പോയിന്റാണുള്ളത്. 22 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുമായി അഞ്ചാംസ്ഥാനത്താണ് ടോട്ടനം. 267 ടോട്ടനത്തിനായി തന്റെ 267-ാമത്തെ ഗോളാണ് ഹാരി കേൻ സിറ്റിക്കെതിരെ നേടിയത്. ക്ളബിനായി 266 ഗോളുകൾ നേടിയിരുന്ന ഇതിഹാസതാരം ജിമ്മി ഗ്രീവ്സിന്റെ റെക്കാഡ് കേൻ മറികടന്നു. 200 ഇംഗ്ലീഷ് പ്രിമിയർ ലീഗിലെ ഹാരി കേനിന്റെ 200-ാം ഗോൾ കൂടിയായിരുന്നു ഇത്. അലൻ ഷിയറർക്കും വെയ്ൻ റൂണിക്കും ശേഷം പ്രിമിയർ ലീഗിൽ 200 ഗോളുകൾ നേടുന്ന താരമാണ് കേൻ. 260-ഗോളുകൾ നേടിയ ഷിയററാണ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോൾ നേടിയ താരം. റൂണി 208 ഗോളുകൾ നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |