ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 177ന് പുറത്ത്, ഇന്ത്യ 77/1
രവീന്ദ്ര ജഡേജയ്ക്ക് 5 വിക്കറ്റ്
നാഗ്പൂർ: ഇന്ത്യൻ സ്പിൻ കെണി തകർക്കാൻ 'ഡ്യൂപ്ലിക്കേറ്റ് അശ്വിനെ' ഉൾപ്പെടെ ഇറക്കി പരിശീലനം നടത്തിയിട്ടും ഓസ്ട്രേലിയക്ക് രക്ഷയില്ല. ബോർഡർ -ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിന്റെ ആദ്യദിനം ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 177 റൺസിന് ഓൾഔട്ടായി. ഇടവേളയ്ക്ക് ശേഷം ടീമിലേക്കുള്ള തിരിച്ചുവരവ് അഞ്ച് വിക്കറ്റ് നേട്ടവുമായി ആഘോഷിച്ച രവീന്ദ്ര ജഡേജയും ടെസ്റ്റിൽ 450 വിക്കറ്റ് നേട്ടം കുറിച്ച് ഇന്നലെ മൂന്നിരകളെ സ്വന്തമാക്കിയ ആർ. അശ്വിനുമാണ് കംഗാരുക്കള കറക്കി വീഴ്ത്താൻ നേതൃത്വം നൽകിയത്. ഓപ്പണർമാരെ തുടക്കത്തിലെ കൂടാരം കയറ്റിയ സിറാജും ഷമയും തങ്ങളുടെ റോളം മികച്ചതാക്കി. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ സ്റ്റമ്പെടുക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എടുത്തിട്ടുണ്ട്. ലീഡ് നേടാൻ ഇന്ത്യയ്ക്ക് 101 റൺസ് കൂടിമതി. അർദ്ധ സെഞ്ച്വറി തികച്ച ക്യാപ്ടൻ രോഹിത് ശർമ്മ 56റൺസുമായും റണ്ണൊന്നുമെടുക്കാതെ നൈറ്റ് വാച്ച്മാൻ ആശ്വിനുമാണ് ക്രീസിലുള്ളത്. കെ.എൽ രാഹുലിന്റെ (20) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രാഹുലിനെ ടോഡ് മർഫി സ്വന്തം ബൗളിംഗിൽ പിടികൂടുകയായിരുന്നു.
'തിരുമ്പി വന്തിട്ടേന്ന് സൊല്ല് '
പരിക്കിനെത്തുടർന്ന് ഏറെക്കാലമായി ടീമിന് പുറത്തായിരുന്ന ജഡേജ തിരിച്ചുവരവിൽ എവിടെ നിറുത്തിയോ അവിടെ നിന്ന് തന്നെ തുടങ്ങുകയായിരുന്നു. അശ്വിനെ നേരിടാൻ കൂടുതൽ ഹോം വർക്ക് ചെയ്ത ഓസീസിന് ജഡേജ ശരിക്കും ഔട്ട് ഓഫ് സിലബസായി. നാഗ്പൂരിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത നായകൻ പാറ്റ് കമ്മിൻസിന്റെ പ്രതീക്ഷകൾ തകർത്ത് തുടക്കത്തിലെ ഓസീസിന് തിരിച്ചടി കിട്ടി. രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഉസ്മാൻ ഖവാജയെ (1) വിക്കറ്രിന് മുന്നിൽ കുടുക്കി സിറാജ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി. ഡി.ആർ.എസിന്റെ സഹായത്തോടെയാണ് വിക്കറ്റ് ലഭിച്ചത്. അടുത്ത ഓവറിലെ ആദ്യ പന്തിൽ മനോഹരമായി ഗുഡ്ലെംഗ്ത് ബാളിലൂടെ ഡേവിഡ് വാർണറുടെ (1) ഓഫ് സ്റ്റമ്പ് തകർത്ത് മുഹമ്മദ് ഷമി ഓസ്ട്രേലിയയെ 2/2 എന്ന നിലയിലാക്കി. തുടർന്ന് ക്രീസിൽ ഒന്നിച്ച മാർനസ് ലബുഷയ്നും (49), സ്റ്റീവ് സ്മിത്തും (37) തുടക്കത്തിലെ തകർച്ചയിൽ നിന്ന് ഓസീസിനെ കരകയറ്റി മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് ജഡേജ 36-ാം ഓവറിൽ കളിയുടെ കടിഞ്ഞാൺ കൈയിലെടുക്കുന്നത്. ഓഓവറിലെ അഞ്ചാം പന്തിൽ ലബുഷെയ്നെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റിനിറങ്ങിയ വിക്കറ്ര് കീപ്പർ ഭരത് സ്റ്റമ്പ് ചെയ്തപ്പോൾ തൊട്ടടുത്ത പന്തിൽ മാറ്റ് റെൻഷൊയെ ജഡേജ വിക്കറ്റിന് മുന്നിൽ കുടുക്കി. 84/4 എന്ന നിലയിലായി അതോടെ ഓസീസ്. അധികം വൈകാതെ ഒരു ക്ലൂലെസ് ബാളിൽ സ്മിത്തിന്റെ പ്രതിരോധം തകർത്ത് ജഡേജ കുറ്രിയിളക്കി. പിന്നീട് അലക്സ് കാരെയും (33 പന്തിൽ 36), പീറ്റർ ഹാൻഡ്‌സ്കോമ്പും (31) നല്ലൊരു കൂട്ടുകെട്ടുണ്ടാക്കി മുന്നേറുന്നതിനിടെ അശ്വിൻ അന്തകനായെത്തി. കാരെയെ ക്ലീൻബൗൾഡാക്കിയാണ് അശ്വൻ കൂട്ടുകെട്ട് പൊളിച്ചത്. അധിക വൈകാതെ കമ്മിൻസിനെയും (6), ലാസ്റ്റ് മാൻ സ്കോട്ട് ബോളണ്ടിനേയും (1) അശ്വിനും ഹാൻഡ്സ്കോമ്പിനേയും മർഫിയേയും (0) ജഡേജയും പുറത്താക്കി ഓസീസിന്റെ ഒന്നാം ഇന്നിംഗ്സിന് തിരശീലയിട്ടു.
കന്നിക്കാർ
സൂപ്പർ ബാറ്രർ സൂര്യ കുമാർ യാദവും വിക്കറ്ര് കീപ്പർ ബാറ്റർ കെ.എസ്. ഭരതും ഇന്ത്യയ്ക്കായി ടെസ്റ്റിൽ അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |