കൊച്ചി: പ്രൈം വോളിബാൾ ലീഗിന്റെ ആവേശത്തിരകളിലേക്ക് കൊച്ചിയും. ലീഗിന്റെ അവസാനഘട്ട മത്സരങ്ങൾ നാളെ മുതൽ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്. ഹൈദരാബാദ്,ബെംഗളൂരു എന്നിവിടങ്ങളിലെ മത്സരങ്ങൾക്ക് ശേഷമാണ് പ്രൈം വോളി കൊച്ചിയിലേക്കെത്തുന്നത്. സെമിയും ഫൈനലും ഉൾപ്പടെയുള്ള മത്സരങ്ങൾക്ക് വേദിയാവുന്നത് കൊച്ചിയാണ്.
നാളെ വൈകിട്ട് ഏഴിന് കലിക്കറ്റ് ഹീറോസും ചെന്നൈ ബ്ലിറ്റ്‌സും തമ്മിലാണ് കൊച്ചിയിലെ ആദ്യ മത്സരം. ഞായറാഴ്ച രണ്ട് മത്സരങ്ങളുണ്ടാവും.രാത്രി 9.30നായിരിക്കും രണ്ടാം മത്സരം. മാർച്ച് രണ്ടിന് റൗണ്ട് റോബിൻ ലീഗ് മത്സരങ്ങൾ അവസാനിക്കും. മാർച്ച് 3,4 തീയതികളിലാണ് സെമിഫൈനൽ മത്സരങ്ങൾ. മാർച്ച് 5ന് കിരീടപ്പോരാട്ടം.
ഡിഫന്‍ഡേഴ്‌സ് മുന്നിൽ
അഞ്ച് മത്സരങ്ങളിൽ നിന്ന് നാലു ജയവും ഒരു തോൽവിയുമായി 9 പോയിന്റുള്ള അഹമ്മദാബാദ് ഡിഫൻഡേഴ്‌സാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. നാലുകളി ജയിച്ച കൊൽക്കത്ത തണ്ടർബോൾട്ട്‌സ് എട്ടു പോയിന്റുമായി രണ്ടാമതുണ്ട്. ഇത്രയുംതന്നെ പോയിന്റുള്ള ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് മൂന്നാമതാണ്. നാലു മത്സരം മാത്രം കളിച്ച കാലിക്കറ്റ് ഹീറോസ് ആറു പോയിന്റുമായി നാലാമത്. ബെംഗളൂരു ടോർപ്പിഡോസ് (6), മുംബയ് മിറ്റിയോർസ് (3), ചെന്നൈ ബ്ലിറ്റ്‌സ് (2), കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് (0) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ പോയിന്റ് നില. ഇതുവരെ ഒരു മത്സരവും ജയിക്കാത്ത കൊച്ചിക്ക് സ്വന്തം തട്ടകത്തിൽ ശേഷിക്കുന്ന മത്സരങ്ങളെല്ലാം നിർണായകമാണ്. പോയിന്റ് ടേബിളിലെ ആദ്യ നാലുസ്ഥാനക്കാരാണ് സെമിഫൈനലിലെത്തുക.
സോണി ടെൻ ചാനൽ ശൃംഖലയിൽ കളി ലൈവായി കാണാം. നേരിട്ടുകാണാൻ https://in.bookmyshow.com/ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |