പാരീസ്: സ്പാനിഷ് ഇതിഹാസ ഡിഫൻഡർ സെർജിയോ റാമോസ് അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു. തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെയാണ് 36കാരനായ റാമോസ് സ്പാനിഷ് ജേഴ്സിയിൽ ഇനി താനുണ്ടാകില്ലെന്ന് അറിയിച്ചത്. സ്പെയിനിന്റെ പുതിയ കോച്ച് ലൂയിസ് ഡെ ലാ ഫ്യുയെന്റെ ദേശീയ ടീമിലേക്ക് തുടർന്ന് റാമോസിനെ പരിഗണിക്കില്ലെന്ന് ഫോണിൽ വിളിച്ചറിയിച്ചതിന് പിന്നാലെയാണ് അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കാൻ താരം തീരുമാനിച്ചത്. ഈ രീതിയിൽ അല്ല അന്തരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കാൻ താൻ ആഗ്രഹിച്ചതെന്നും പ്രകടനം നോക്കാതെ പ്രായം മാനദണ്ഡമാക്കി ടീമിൽ പരിഗണിക്കില്ലെന്ന് പറയുന്ന് നീതിയല്ലെന്നും റാമോസ് വിരമിക്കൽ സന്ദേശത്തിൽ കുറിച്ചു. നിലവിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ താരമാണ് റാമോസ്.
2005 മുതൽ സ്പാനിഷ് കുപ്പായമണിഞ്ഞ റാമോസ് രാജ്യത്തിനായി 180 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളും നേടി. സ്പെയിനിനായി ഏറ്രവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും റാമോസാണ്. സ്പെയിനിന്റെ 2010ലെ ലോകകപ്പ് നേട്ടത്തിലും 2008ലേയും 2012ലേയും യൂറോകപ്പ് നേട്ടത്തിലും പങ്കാളിയായി.2021 മാർച്ചിലാണ് അവസാനമായി സ്പാനിഷ് ജേഴ്സി അണിഞ്ഞത്. ഇതിന് മുൻപത്തെ കോച്ച് ലൂയിസ് എൻറിക്കെയും റാമോസിനെ നിരന്തരം തഴഞ്ഞിരുന്നു. കഴിഞ്ഞ ലോകകപ്പ് ടീമിലും ഉൾപ്പെടുത്തിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |