മാഞ്ചസ്റ്റർ: യൂറോപ്പ ലീഗ് നോക്കൗട്ട് രണ്ടാം പാദത്തിൽ സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയെ കീഴടക്കി ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗിന്റെ പ്രീക്വർട്ടറിൽ കടന്നു. കഴിഞ്ഞ ദിവസം നടന്ന രണ്ടാം പാദപോരാട്ടത്തിൽ ബാഴ്സലോണയെ സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയ യുണൈറ്റഡ് ഇരുപാദങ്ങളിലുമായി 4-3ന്റെ ജയം നേടിയാണ് അവസാന പതിനാറിൽ ഇടം നേടിയത്. ബാഴ്സയുടെ മൈതാനത്ത് നടന്ന ആദ്യ പാദ മത്സരം 2-2ന് സമനിലയിൽ അവസാനിച്ചിരുന്നു.
ഓൾഡ്ട്രാഫോർഡിൽ രണ്ടാം പാദത്തിൽ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് യുണൈറ്റഡ് വിജയമുറപ്പിച്ചത്. കോച്ച് എറിക് ടെൻ ഹാഗ് നടത്തിയ സബ്‌സ്‌റ്റിറ്റ്യൂഷനുകളും ടാക്ടിക്സ് മാറ്രങ്ങളും യുണൈറ്റഡിന്റെ വിജയത്തിൽ നിർണാകമായി.
കളിയുടെ 18-ാം മിനിട്ടിൽ കിട്ടിയ പെനാൽറ്റി ഗോളാക്കി സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്കി ബാഴ്‌സലോണയെ മുന്നിലെത്തിച്ചു. ബാഴ്സയുടെ ലെഫ്‌റ്റ് ബാക്ക് ബാൽഡെയെ ബ്രൂണോ ഫെർണാണ്ടസ് ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്രിയാണ് ലെവൻ ഗോളാക്കിയത്. ആദ്യ പകുതി അവസാനിക്കാറാകവെ ലീഡുയർത്താൻ ബാഴ്സയ്ക്ക് സുവർണാവസരം ലഭിച്ചെങ്കിലും നഷ്ടപ്പെടുത്തി.
രണ്ടാം പകുകതിയുടെ തുടക്കത്തിലേ വെഗ്ഹോസ്റ്റിനെ പിൻവലിച്ച് ആന്റണിയെ കളത്തിലിറക്കിയ ടെൻ ഹാഗിന്റെ തീരുമാനം ഫലം കണ്ടു. ആന്റണി എത്തിയതോടെ യുണൈറ്റഡിന്റെ കളിമാറി. 47-ാം മിനിട്ടിൽ ഫ്രെഡ് യുണൈറ്റഡിന് സമനില സമ്മാനിച്ചു. ബ്രൂണോ ബോക്സിന് തൊട്ട് വെളിയിൽ നിന്ന് നൽകിയ ലോ ക്രോസ് മനോഹരമായി നിയന്ത്രണത്തിലാക്കി ഫ്രെഡ് തൊടുത്ത ഷോട്ട് ടെർസ്റ്റെഗനെ നിഷ്പ്രഭനാക്കി ബാഴ്സയുടെ വലകുലുക്കി. അറുപതാം മിനിട്ടിൽ യുണൈറ്റഡിന്റെ ബിസാക്കയുടെ ഫൗളിൽ നിലത്തുവീണ ബാഴ്സ താരം ഡി യോങിന്റെ ദേഹത്തേക്ക് പന്തടിച്ച യുണൈറ്റഡ് നായകൻ ബ്രൂണോ മഞ്ഞക്കാർഡ് കണ്ടു. സംഭവത്തിൽ ഇരുടീമും തമ്മിൽ ഉന്തും തള്ളുമുണ്ടായി. 64-ാം മിനിട്ടിൽ കുൻഡെയുടെ ക്ലോസ് റേഞ്ച് ഹെഡ്ഡർ തട്ടിയകറ്രി ഡി ഗിയ യുണൈറ്റഡിന്റെ രക്ഷകനായി. 73ാം മിനിട്ടിൽ തകർപ്പൻ വോളിയിലൂടെ ആന്റണി യുണൈറ്രഡിന്റെ വിജയമുറപ്പിച്ച ഗോൾ നേടുകയായിരുന്നു.രണ്ടാം പകുതിയുടെ അധികസമയത്ത് 94-ാം മിനിട്ടിൽ വരാനെ ഗോൾ ലൈൻ സേവിലൂടെ യുണൈറ്റഡിനെ കാത്തു.
ഡി മരിയയ്ക്ക് ഹാട്രിക്ക്,
യുവന്റസ് മുന്നോട്ട്
അർജന്റീനൻ സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ നോക്കൗട്ടിൽ രണ്ടാം പാദത്തിൽ ഫ്രഞ്ച് ക്ലബ് നാന്റസിനെ 3-0ത്തിന് കീഴടക്കി യുവന്റസും അവസാന പതിനാറിൽ എത്തി. ഇരുപാദങ്ങളിലുമായി 4-1നാണ് യുവന്റസിന്റെ ജയം. 5,20 (പെനാൽറ്റി),78 മിനിട്ടുകളിലായിരുന്നു മരിയയുടെ ഗോളുകൾ.
യുണൈറ്റഡിന് ബെറ്രിസ്
യൂറോപ്പ ലീഗ് പ്രീക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്‌പെയിനിലെ റയൽ ബെറ്റിസാണ് എതിരാളകൾ. മാർച്ച് 9ന് യുണൈറ്രഡിന്റെ മൈതാനത്ത് ഒന്നാം പാദ മത്സരം നടക്കും. ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ നിലവിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സനലിന് പോർച്ചുഗീസ് ക്ലബ് സ്പോർട്ടിംഗിനെയാണ് നേരിടേണ്ടത്. യുവന്റസും ഫ്രെയ്ബുർഗും തമ്മിലും റോമയും സോസിഡാഡും തമ്മിലും ഏറ്റുമുട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |