പ്രൈം വോളി: കാലിക്കറ്റ് ഹിറോസ് ചെന്നൈ ബ്ലിറ്റ്‌സിനെ കീഴടക്കി
കൊച്ചി: കൊച്ചിയിൽ ആഞ്ഞടിച്ച 'കാലിക്കറ്റ് സ്മാഷിൽ' കടപുഴകി ചെന്നെെ ബ്ലിറ്റ്സ്. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന പ്രൈം വോളി അവസാനപാദ മത്സരങ്ങളുടെ ആദ്യ പോരാട്ടത്തിൽ കാലിക്കറ്റ് ഹീറോസിന് തകർപ്പൻ ജയം. സ്‌കോർ 13-15, 15-8,15-14,15-13,8-14. മിന്നും പ്രകടനം നടത്തിയ കാലിക്കറ്ര് നായകൻ ജെറോം വിനീതാണ് കളിയിലെ താരം. ഈ തോൽവിയോടെ ചെന്നൈ ബ്ലിറ്റ്സിന്റെ സെമി പ്രതീക്ഷകൾ അവസാനിച്ചു. അതേസമയം കാലിക്കറ്റ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു.
കൊച്ചിയെ ഇളക്കിമറിച്ച് തുടങ്ങിയ മത്സരത്തിൽ അഖിൻ ജി.എസിന്റെ തകർപ്പൻ ആക്രമണങ്ങളിലൂടെ ചെന്നൈ ബ്ലിറ്റ്‌സാണ് ആദ്യം മുൻതൂക്കം നേടിയത്. ഇഞ്ചോടിഞ്ച് പേരാട്ടത്തിനൊടുവിൽ ചെന്നൈ ആദ്യ സെറ്റും കൈപ്പിടിയിലൊതുക്കി. ഒരുഘട്ടത്തിൽ രണ്ടുപോയിന്റിന് പിന്നിൽപോയ കാലിക്കറ്റിനെ ജെറോമിന്റെ മികച്ച സ്മാഷുകളാണ് മത്സരത്തിലേക്ക് തിരയെത്തിച്ചത്. സ്കോർ. 13-15. കാലിക്കറ്റ് കുതിപ്പായിരുന്നായിരുന്നു രണ്ടാം സെറ്റിൽ. എതിരാളികൾക്ക് ഒരവസരംപോലും നൽകിയില്ല. മത്സരം ഒപ്പത്തിനൊപ്പം. മോഹൻ ഉക്രപാണ്ഡ്യനും എം.അശ്വിനും ശക്തമായ ബ്ലോക്കുകൾ തീർത്ത് മുന്നേറാനുള്ള ചെന്നൈ ശ്രമങ്ങളെല്ലാം പരാജയപ്പെടുത്തി. ഹർഷ് മാലിക്കിന്റെ മൂർച്ചയേറിയ സ്മാഷുകളും ചെന്നൈയെ ശ്വാസംമുട്ടിച്ചു. സ്കോർ 15-8. ത്രില്ലർ പേരാട്ടം നടന്ന മൂന്നാം സെറ്റും വിട്ടുകൊടുക്കാൻ കാലിക്കറ്റ് തയ്യാറായില്ല. ചെന്നെെയ്ക്കായി കാമറൂൺ അറ്റാക്കർ കെവിൻ മോയോയും അഖിനും നിരന്തരം പന്തിന്റെ ദിശമാറ്റാൻ തുടങ്ങിയതോടെ ബ്ലിറ്റ്‌സ് കളിയിലേക്ക് തിരിച്ചുവരുമെന്ന് തോന്നിച്ചു. എന്നാൽ സന്ദീപും ജെറോമും തിരിച്ചടിച്ച് കാലിക്കറ്റിന് മേൽക്കൈ നേടിക്കൊടുക്കുകയായിരുന്നു. ക്യൂൻ ബ്ലോക്കർ ജോസ് അന്റോണി സാൻഡോവലും കാലിക്കറ്റിനായി മൂന്നാം സെറ്റിൽ കസറി. 15-14. ജെറോമിന്റെയും സന്ദീപിന്റെയും സ്ഥിരതയാർന്ന ബ്ലോക്കുകളുമായി കാലിക്കറ്റിനെ നാലാം സെറ്റിലും മുന്നോട്ട് നയിച്ചു. അഖിൻ മദ്ധ്യഭാഗത്ത് ടീമിന്റെ തിരിച്ചുവരവിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സഹതാരങ്ങളിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല. ഇതോടെ തീപാറിയ നാലാം സെറ്റും പിടിച്ചെടുക്കാൻ ചെന്നൈയ്ക്കായില്ല. അനായാസം അഞ്ചാം സെറ്റും സ്വന്തമാക്കാക്കാൻ ഇറങ്ങിയ കാലിക്കറ്റിന്റെ കണക്കുകൂട്ടലുകൾ തെറ്റി. മോയോയും റെനാറ്റോയും കസറിയതോടെ 8-15ന് ചെന്നൈ സെറ്റ് സ്വന്തമാക്കി. ഇന്ന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സും കാലിക്കറ്റും ഏറ്റുമുട്ടും. രാത്രി ഏഴിനാണ് മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |