മാഡ്രിഡ്: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡും ലിവർപൂളും തമ്മിലുള്ള രണ്ടാം പാദ പ്രീക്വാർട്ടർ ഇന്ന് ര ാത്രി നടക്കും. റയലിന്റെ തട്ടകമായ സാന്റിയാഗൊബർണബ്യൂവിൽ ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 1.30 മുതലാണ് മത്സരം. ലിവറിന്റെ മൈതാനമായ ആൻഫീൽഡിൽ നടന്ന ഒന്നാം പാദത്തിൽ 5-2ന്റെ ഗംഭീര ജയ നേടിയ റയൽ ക്വാർട്ടറിന് തൊട്ടരികിലാണ്. ആദ്യ പാദത്തിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് അഞ്ച് ഗോൾതിരിച്ചടിച്ച് റയൽ വമ്പൻവിജയം നേടിയത്.
മറുവശത്ത് ലിവർപൂളിന് 4 ഗോളിന്റെയെങ്കിലും വ്യത്യാസത്തിൽ ജയിക്കാനായാലെ ക്വാർട്ടറിൽ കടക്കാനാകൂ. അദ്ഭുതങ്ങളുടെ ആശാൻമാരായ ലിവർപൂൾ തിരിച്ചുവരവിനായി കൈയ്മെയ്മറന്ന് പോരാടുമെന്നുറപ്പാണ്. 2019ലെ ഒന്നാം പാദസെമിയിൽ ബാഴ്സലോണയ്ക്കെതിരെ അവരുടെ തട്ടകത്തിൽ 3-0ത്തിന്റെ തോൽവി വഴങ്ങിയ ശേഷം സ്വന്തം മൈതാനത്ത് നടന്ന രണ്ടാം പാദത്തിൽ 4-0ത്തിന്റെ ജയം നേടി ഫൈനലുറപ്പിച്ച സമീപകാല ചരിത്രം ലിവറിന്റെ പ്രതീക്ഷകൾ സജീവമാക്കുന്നുണ്ട്. എന്നാൽ ഇത്തവണ എവേ മത്സരമാണെന്നത് ലിവറിന് വലിയ വെല്ലുവിളിയാണ്. അതും സാന്റിയാഗൊ ബെർണബ്യൂവിൽ.
മറ്രൊരു രണ്ടാം പാദ പ്രീക്വാർട്ടറിൽ നാപ്പൊളിയും എയ്ൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടും തമ്മിൽ ഏറ്രുമുട്ടും. എവേ മത്സരത്തിൽ 2-0ത്തിന്റെ ജയം നേടാനായതിന്റെ മുൻതൂക്കവുമായാണ് നാപ്പൊളി സ്വന്തം മൈതാനത്ത് ഫ്രാങ്ക്ഫർട്ടിനെ നേരിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |