SignIn
Kerala Kaumudi Online
Friday, 19 April 2024 12.29 PM IST

ഏഴഴകുള്ള സിറ്റി

football

രണ്ടാം പാദ പ്രീ ക്വാർട്ടറിൽ ലെയ്പ്സിഗിനെ 7-0ത്തിന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി അഞ്ചു ഗോളുകൾ നേടി എർലിംഗ് ഹാലാൻഡ്

പോർട്ടോയെ സമനിലയിൽ കുരുക്കി ഇന്റർ മിലാനും ക്വാർട്ടറിൽ

ലണ്ടൻ : അഞ്ചുഗോളുകൾ നേടി അദ്‌ഭുതം സൃഷ്ടിച്ച നോർവീജിയൻ സ്ട്രൈക്കർ എർലിംഗ് ഹാലാൻഡിന്റെ അതിഗംഭീരപ്രകടനത്തിന്റെ മികവിൽ രണ്ടാം പാദ പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ 7-0ത്തിന് ജർമ്മൻ ക്ളബ് ആർ.ബി ലെയ്പ്സിഗിനെ തോൽപ്പിച്ച ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റി യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെത്തി. ആദ്യ പാദത്തിൽ 1-1ന് സമനില വഴങ്ങിയിരുന്ന മാഞ്ചസ്റ്റർ സിറ്റി സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ ഏഴഴകിലേക്കുയരുകയായിരുന്നു. 8-1 എന്ന ഗോൾമാർജിനിൽ ഇരുപാദങ്ങളും പൂർത്തിയാക്കിയാണ് സിറ്റി അവസാന എട്ടിൽ ഇടം പിടിച്ചിരിക്കുന്നത്.

22-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ഗോളടി തുടങ്ങിയ ഹാലാൻഡ് 24,45+2,53,57 മിനിട്ടുകളിലായാണ് മറ്റ് ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽതന്നെ ഹാട്രിക് പൂർത്തിയാക്കിയ ഹാലാൻഡ് രണ്ടാം പകുതിയിലും തകർത്താടിയപ്പോൾ ലെയ്പ്സിഗിന് ഒന്നും ചെയ്യാനില്ലാതായിപ്പോയി. 63-ാം മിനിട്ടിൽ ഹാലാൻഡിനെ കളിക്കളത്തിൽ നിന്ന് പിൻവലിച്ചതിന് സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയോട് ലെയ്പ്സിഗുകാർ മനസിൽ നന്ദി പറഞ്ഞില്ലേ അദ്ഭുതമുള്ളൂ.49-ാം മിനിട്ടിൽ ഇക്കേയ് ഗുണ്ടോഗനും അവസാന മിനിട്ടിൽ കെവിൻ ഡ്രി ബുയാനും ചേർന്നാണ് പട്ടിക പൂർത്തിയാക്കിയത്.

മറ്റൊരു രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ പോർച്ചുഗീസ് ക്ളബ് എഫ്.സി പോർട്ടോയെ ഗോൾരഹിത സമനിലയിൽ തളച്ച് ഇറ്റാലിയൻ ക്ളബ് ഇന്റർമിലാനും ക്വാർട്ടറിലേക്ക് മുന്നേറി. ആദ്യപാദ പ്രീ ക്വാർട്ടറിൽ ഇന്റർ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു.

ഹാലാൻഡിന്റെ ഗോൾ പഞ്ചാംഗം

1

22-ാം മിനിട്ട്

ലെയ്പ്സിഗ് താരം ഹെൻറിച്ച്സിന്റെ ഹാൻഡ്ബാൾ ഫൗളിന് ലഭിച്ച പെനാൽറ്റികിക്കാണ് ഹാലാൻഡ് തന്റെ ആദ്യ ഗോളാക്കി മാറ്റിയത്.

2

24-ാം മിനിട്ട്

കെവിൻ ഡി ബ്രുയാന്റെ ഒരു തകർപ്പൻ ക്രോസ് തലവച്ച് വലയിലാക്കി ഹാലാൻഡിന്റെ രണ്ടാം ഗോൾ.

3

45+2 -ാം മിനിട്ട്

ഡി ബ്രുയാന്റെ കോർണർ കിക്ക് ഡയസ് ഹെഡ് ചെയ്ത് വലയിലേക്കിട്ടെങ്കിലും ഗോൾ ലൈനിന് സമാന്തരമായി നീങ്ങിയത് അകത്തേക്ക് തട്ടിവിട്ട് ഹാട്രിക് പൂർത്തിയാക്കി.

4

53 -ാം മിനിട്ട്

ഡി ബ്രുയാൻ എടുത്ത മറ്റൊരു കോർണർ കിക്കിനെത്തുടക്കുണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഹാലാൻഡിന്റെ വക നാലാം ഗോൾ.

5

57 -ാം മിനിട്ട്

അകാൻജി എടുത്ത കോർണർ കിക്കിൽ നിന്ന് മത്സരത്തിലെ ഹാലാൻഡിന്റെ അഞ്ചാം ഗോളും പിറന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, FOOTBALL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.