ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിംഗിൽ നേട്ടവുമായി ഇന്ത്യയുടെ ആർ.അശ്വിനും വിരാട് കൊഹ്‌ലിയും. ബൗളർമാരുടെ പട്ടികയിൽ അശ്വിൻ ഒന്നാം സ്ഥാനം നിലനിറുത്തിയപ്പോൾ ബാറ്റർമാരിൽ വിരാട് 13-ാം സ്ഥാനത്തേക്ക് ഉയർന്നു.
ഇംഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്‌സണെ മറികടന്നാണ് കഴിഞ്ഞവാരം അശ്വിൻ ഒന്നാമതെത്തിയിരുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് റാങ്ക് നിലനിറുത്താൻ അശ്വിന് തുണയായത്. പരമ്പരയിലാകെ 25 വിക്കറ്റുകൾ വീഴ്ത്തിയ അശ്വിനായിരുന്നു പ്ളെയർ ഒഫ് ദ സിരീസ്.
ബൗളർമാരുടെ പട്ടികയിലെ ആദ്യ പത്തിൽ രണ്ട് ഇന്ത്യന്‍ താരങ്ങൾ കൂടിയുണ്ട്. പരിക്കിന്റെ പിടിയിലായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ജസ്പ്രീത് ബുംറ ഒരു സ്ഥാനം നഷ്ടപ്പെട്ട് ഏഴാം റാങ്കിലായി. രവീന്ദ്ര ജഡേജ ഒരു പടിയിറങ്ങി ഒൻപതാം സ്ഥാനത്തായി. ഇന്ത്യയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഓസ്‌ട്രേലിയയുടെ നഥാൻ ലിയോൺ എട്ടാം റാങ്കിലെത്തി.
ബാറ്റർമാരുടെ പട്ടികയിൽ വിരാട് എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് 13-ാം സ്ഥാനത്തെത്തിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിലെ സെഞ്ച്വറിയാണ് താരത്തിന് തുണയായത്.ഇന്ത്യൻ നായകൻ രോഹിത് ശർമ ഒരു സ്ഥാനം മെച്ചപ്പെടുത്തി 10-ാം റാങ്കിലെത്തി. വാഹനാപകടത്തിൽ പരിക്കേറ്റ് വിശ്രമിക്കുന്ന ഋഷഭ് പന്ത് ഒമ്പതാം റാങ്കിലുണ്ട്. ഓസ്‌ട്രേലിയയുടെ മാർനസ് ലാബുഷേയ്‌നാണ് ഒന്നാമത്.
ആൾറൗണ്ടർമാരുടെ പട്ടികയിൽ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിറുത്തി. അശ്വിനാണ് രണ്ടാമത്. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അക്ഷർ പട്ടേൽ നാലാമതെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |