ആദ്യ ഏകദിനത്തിലെ തോൽവിക്ക് തിരിച്ചടി നൽകി ഓസ്ട്രേലിയ
രണ്ടാം ഏകദിനത്തിൽ ഓസീസ് ജയം പത്തുവിക്കറ്റിന്
അവസാന മത്സരം ബുധനാഴ്ച ചെന്നൈയിൽ
വിശാഖപട്ടണം : മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഏകദിനത്തിലെ അഞ്ചുവിക്കറ്റ് തോൽവിക്ക് ഇന്നലെ വിശാഖപട്ടണത്ത് നടന്ന രണ്ടാം മത്സരത്തിൽ പലിശസഹിതം തിരിച്ചടിനൽകി ഓസ്ട്രേലിയ. ആദ്യം ബാറ്റുചെയ്ത ഇന്ത്യയെ 26 ഓവറിൽ 117 റൺസിന് ആൾഒൗട്ടാക്കിയശേഷം വെറും 11ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ വിജയത്തിലെത്തിയ ഓസീസ് പരമ്പര 1-1ന് സമനിലയിലാക്കുകയും ചെയ്തു. മൂന്നാം ഏകദിനത്തിന് ബുധനാഴ്ച ചെന്നൈയിലാണ് വേദിയൊരുങ്ങുന്നത്.
എട്ടോവറിൽ 53 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ പേസർ മിച്ചൽ സ്റ്റാർക്കിന്റെ അപാരമായ ബൗളിംഗ് ഫോമാണ് ഇന്നലെ ഇന്ത്യൻ ബാറ്റിംഗ് നിരയെ പിച്ചിച്ചീന്തിയത്. ഇന്നിംഗ്സിന്റെ മൂന്നാം പന്തിൽ ശുഭ്മാൻ ഗില്ലിനെ (0) പോയിന്റിൽ ലാബുഷേയ്ന്റെ കയ്യിലെത്തിച്ച് തുടങ്ങിയ സ്റ്റാർക്കിന്റെ മികവിന് മുന്നിൽ രോഹിത് ശർമ്മ(13),സൂര്യകുമാർ യാദവ് (0),കെ.എൽ രാഹുൽ(9), മുഹമ്മദ് സിറാജ് (0) എന്നിവർകൂടി കൂടാരം കയറി. 31 പന്തുകളിൽ 35 റൺസെടുത്ത വിരാട് കൊഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്കോററർ. അക്ഷർ പട്ടേൽ(29 നോട്ടൗട്ട്) ,രവീന്ദ്ര ജഡേജ(16) എന്നിവരുടെ പോരാട്ടമാണ് 100 കടത്തിയത്. ഹാർദിക് പാണ്ഡ്യ(1), കുൽദീപ് (4), ഷമി (0) എന്നിവരെ സീൻ അബ്ബോട്ട് പുറത്താക്കിയപ്പോൾ അഞ്ചോവറിൽ 13 റൺസ് മാത്രം വിട്ടുകൊടുത്ത നഥാൻ എല്ലിസാണ് വിരാടിനെയും ജഡേജയേയും പുറത്താക്കിയത്.
മറുപടിക്കിറങ്ങിയ ഓസീസിന് വേണ്ടി തകർത്തടിച്ച് അർദ്ധസെഞ്ച്വറികൾ നേടിയ ഓപ്പണർമാരായ ട്രാവിസ് ഹെഡും (51 നോട്ടൗട്ട്) മിച്ചൽ മാർഷുമാണ് (66നോട്ടൗട്ട്) 39 ഓവറുകൾ ബാക്കിനിൽക്കേ വിജയം കണ്ടത്. മിച്ചൽ സ്റ്റാർക്കാണ് മാൻ ഒഫ് ദ മാച്ച്.
വിക്കറ്റ് വീഴ്ച ഇങ്ങനെ
1-3
സ്റ്റാർക്ക് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിൽ ശുഭ്മാൻ ഗിൽ അലക്ഷ്യമായി ബാറ്റുവച്ച് പോയിന്റിൽ ലാബുഷേയ്ന് ഈസി ക്യാച്ച് നൽകുന്നു.
2-32
അഞ്ചാം ഓവറിൽ രോഹിത് ശർമ്മയെ സ്റ്റാർക്കിന്റെ ബൗളിംഗിൽ ഫസ്റ്റ് സ്ളിപ്പിൽ സ്റ്റീവ് സ്മിത്ത് പിടികൂടുന്നു.
3-32
നേരിട്ട ആദ്യ പന്തിൽ സൂര്യകുമാറിനെ സ്റ്റാർക്ക് എൽ.ബിയിൽ കുരുക്കുന്നു.
4-48
ഒൻപതാം ഓവറിൽ കെ.എൽ രാഹുലിനെതിരെ സ്റ്റാർക്കിന്റെ എൽ.ബി അപ്പീലിന് അമ്പയർ വിരലുയർത്തുന്നു.റിവ്യൂ നൽകിയെങ്കിലും വിധിയിൽ മാറ്റമുണ്ടായില്ല.
5-49
നേരിട്ട മൂന്നാം പന്തിൽ സീൻ അബ്ബോട്ടിനെ സ്ളിപ്പിലേക്ക് തട്ടിയിട്ട ഹാർദിക് പാണ്ഡ്യയെ തകർപ്പൻ ഫുൾലെംഗ്ത് ക്യാച്ചിലൂടെ സ്മിത്ത് കൈപ്പിടിയിലൊതുക്കുന്നു.
6-71
16-ാം ഓവറിൽ വിരാട് കൊഹ്‌ലിയുടെ ചെറുത്തുനിൽപ്പ് അവസാനിപ്പിച്ച് എല്ലിസ് എൽ.ബിയിൽ കുരുക്കുന്നു.
7-91
കഴിഞ്ഞ കളിയിലെ മാൻ ഒഫ് ദ മാച്ചായ ജഡേജയുടെ പോരാട്ടവും അവസാനിപ്പിച്ചത് എല്ലിസ്.20-ാം ഓവറിൽ കീപ്പർ കാരേയ്ക്ക് ക്യാച്ച് നൽകിയാണ് ജഡേജ മടങ്ങിയത്.
8-103
അക്ഷറിനൊപ്പം 100 കടത്താൻ കൂട്ടുനിന്ന കുൽദീപിനെ 25-ാം ഓവറിൽ അബ്ബോട്ട് ട്രാവിസ് ഹെഡിന്റെ കയ്യിലെത്തിച്ചു.
9-103
തൊട്ടടുത്ത പന്തിൽ ഷമിയെ കാരേ പിടികൂടി.
10-117
26-ാം ഓവറിന്റെ അവസാന പന്തിൽ സിറാജിനെ ക്ളീൻ ബൗൾഡാക്കി സ്റ്റാർക്ക് അഞ്ചുവിക്കറ്റ് നേട്ടം തികച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |