പാരീസ്: ഫ്രഞ്ച് ഫുട്‌ബാൾ ടീമിനെ ഇനി സൂപ്പർതാരം കിലിയൻ എംബാപ്പെ നയിക്കും. ഖത്തർ ലോകകപ്പിന് ശേഷം വിരമിച്ച ഗോളി ഹ്യൂഗോ ലോറിസിന് പകരമാണ് 24കാരനായ എംബാപ്പെയെ കപ്പിത്താനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈയാഴ്ച ഹോളണ്ടിനെതിരെ നടക്കുന്ന യൂറോകപ്പ് യോഗ്യതാ മത്സരത്തിൽ എംബാപ്പെ ക്യാപ്ടന്റെ ആം ബാൻഡ് അണിഞ്ഞ് ഇറങ്ങിയേക്കും.
2018 ലോകകപ്പിൽ ഫ്രാൻസിനെ കിരീടത്തിലേക്ക് നയിച്ച ലോറിസ് 2022 ലോകകപ്പിൽ റണ്ണേഴ്സ് അപ്പാക്കിയിരുന്നു.ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീനയോടാണ് ഫ്രാൻസ് പരാജയപ്പെട്ടത്. തുടർന്ന് ജനുവരിയിൽ വിരമിക്കൽ പ്രഖ്യാപിച്ച ലോറിസിന് പകരക്കാരൻ നായകനെ ഇതുവരെ ഫ്രാൻസ് പ്രഖ്യാപിച്ചിരുന്നില്ല. ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിന് ഇറങ്ങുന്നതിന് തൊട്ടുമുന്നേയാണ് കോച്ച് ദിദിയർ ദെഷാംപ്സിന്റെ തീരുമാനമുണ്ടായിരിക്കുന്നത്. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ വൈസ് ക്യാപ്ടനാണ് എംബാപ്പെ. ഖത്തർ ലോകകപ്പിൽ മാസ്‌കമരിക പ്രകടനം കാഴ്ചവച്ച എംബാപ്പെയുടെ മികവിലാണ് ഫ്രാൻസ് ഫൈനലിലെത്തിയത്. ഫൈനലിൽ അർജന്റീനയ്‌ക്കെതിരേ പരാജയപ്പെട്ടെങ്കിലും ഹാട്രിക് നേടിയ എംബാപ്പെയുടെ പ്രകടനം അവിസ്മരണീയമായിരുന്നു. എട്ടുഗോളുകളുമായി ഗോൾഡൻ ബൂട്ട് കരസ്ഥമാക്കിയാണ് എംബാപ്പെ ഖത്തറിൽ നിന്ന് മടങ്ങിയത്. 2018 ലോകകപ്പ് ജേതാവായ എംബാപ്പെ ടൂർണമെന്റിലെ മികച്ച യുവതാരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫ്രഞ്ച് ദേശീയ ടീമിനായി 66 മത്സരങ്ങൾ കളിച്ച എംബാപ്പെ 36 ഗോളുകൾ നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |