മുംബയ്: ഐ.സി.സി ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ ഇന്ത്യൻ ടീമിന് 58 കോടിരൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ. ടീമംഗങ്ങൾക്കും ചീഫ് കോച്ച് ഗൗതം ഗംഭീറിനും 3 കോടി രൂപ വീതം ലഭിക്കും. സപ്പോർട്ടിംഗ് സ്റ്റാഫിന് 50 ലക്ഷം വീതവും ചീഫ് സെലക്‌ടർ അജത്ത് അഗാർക്കറിന് 30 ലക്ഷവും സെലക്ഷൻ കമ്മിറ്റി അംഗങ്ങൾക്ക് 25 ലക്ഷം വീതവും ലഭിക്കും. ദുബായി ഇന്ത്യൻ ടീമിന്റെ ഭാഗമായുണ്ടായിരുന്ന ബി.സി.സി.ഐ സ്റ്റാഫിനും 25 ലക്ഷം വീതം ലഭിക്കും. ചാമ്പ്യൻസ് ട്രോഫിയിലെ സമ്മാനത്തുകയായ 20 കോടി രൂപ കളിക്കാർക്ക് മാത്രം വീതിച്ച് നൽകാനാണ് ബി.സി.സി.ഐ തീരുമാനം.
പാകിസ്ഥാൻ വേദിയായ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ബി.സി.സി.ഐ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ടീമിനെ അയക്കാതിരുന്നതിനാൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ് നടത്തിയത്. ഫൈനലിൽ ന്യൂസിലാൻഡിനെ കീഴടക്കിയാണ് ഇന്ത്യ ചാമ്പ്യൻമാരായത്. ഒരു മത്സരവും തോൽക്കാതെയായിരുന്നു ഇന്ത്യ കിരീടം നേടിയത്. കഴിഞ്ഞ ട്വന്റി-20 ലോകകപ്പിലും ഒരു മത്സരം പോലും തോൽക്കാതെ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യ ചാമ്പ്യൻമാരായിരുന്നു.
ഐ.സി.സി ടൂർണമെന്റുകളിൽ തുടർച്ചയായി കിരീടം ചൂടുന്നത് വളരെ വലിയ നേട്ടമാണ്. അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യൻ ടീമിന്റെ സമർപ്പണത്തിന്റെയും മികവിന്റെയും അടയാളമാണിത്. ഈ നേട്ടത്തിനു പിന്നിലെ ഓരോ താരത്തിന്റെയും അധ്വാനത്തിനുള്ള അംഗീകാരമാണ് ഈ ക്യാഷ് അവാർഡ്’ – ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നി പത്രക്കുറിപ്പിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |