എഫ്.എ കപ്പിൽ സിറ്റി സൈൻ

Monday 18 May 2026 12:20 AM IST

മാഞ്ചസ്റ്റർ സിറ്റിക്ക് എഫ്.എ കപ്പ് ഫുട്ബാൾ കിരീടം

ഫൈനലിൽ ചെൽസിയെ തോൽപ്പിച്ചത് 1-0ത്തിന്

ലണ്ടൻ : ഇംഗ്ളീഷ് എഫ്.എ കപ്പ് മാഞ്ചസ്റ്റർ സിറ്റിക്ക്. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ചെൽസിയെ 1-0 ന് തോൽപ്പിച്ചാണ് സിറ്റി തങ്ങളുടെ എട്ടാമത് എഫ്.എ കപ്പ് സ്വന്തമാക്കിയത്. 72-ാം മിനിട്ടിൽ ഏർലിംഗ് ഹാലാൻഡിന്റെ പാസിൽ നിന്ന് ആന്റണി സെമെന്യോ നേടിയ ബാക്ക്ഹീൽ ഗോളാണ് ഫൈനലിന്റെ നിശ്ചയിച്ചത്.ചെൽസി, ലിവർപൂൾ, ടോട്ടൻഹാം എന്നീ ക്ലബ്ബുകളും എട്ട് തവണ എഫ്.എ കപ്പിൽ മുത്തമിട്ടിട്ടുണ്ട്.

ആദ്യപകുതിയിൽ ഇരുടീമുകളും പ്രതിരോധത്തിലാണ് ശ്രദ്ധിച്ചത്. ഇതിനിടയിൽ ഹാലാൻഡ് വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ്സൈഡാണെന്ന് തെളിഞ്ഞു. രണ്ടാം പകുതിയിൽ ചെൽസി മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും സിറ്റിയുടെ പ്രതിരോധം തകർക്കാനായില്ല.ഇതിനിടയിൽ സെമെന്യോ നേടിയ ഗോൾ സിറ്റിയുടെ വിജയം നിശ്ചയിച്ചു.

എഫ്എ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി നാല് തവണ ഫൈനലിൽ (2023, 2024, 2025, 2026) എത്തുന്ന ടീമാണ് മാഞ്ചസ്റ്റർ സിറ്റി. 2023ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയ സിറ്റിക്ക് 2024ലും 2025ലും ഫൈനലിൽ അടിപതറി.

20

കോച്ച് പെപ് ഗ്വാർഡിയോളയ്ക്ക് കീഴിൽ മാഞ്ചസ്റ്റർ സിറ്റി നേടുന്ന ഇരുപതാമത്തെ കിരീടമാണ് ഇത്. മൂന്ന് എഫ്.എ കപ്പുകളിൽ പെപ് ക്ളബിനെ ചാമ്പ്യൻസാക്കിയിട്ടുണ്ട്.

145

ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റായ എഫ്.എ കപ്പിന്റെ 145-ാമത് പതിപ്പായിരുന്നു ഇത്.