മുൻ ബ്ളാസ്റ്റേഴ്സ് താരത്തെക്കൂട്ടി ഹെയ്തി ലോകകപ്പിന്
ഡക്കൻസ് നാസോൺ ഹെയ്തി ലോകകപ്പ് ടീമിൽ
പോർട്ട് ഓ പ്രിൻസ് : കരീബിയൻ രാജ്യമായ ഹെയ്‌തി 52 വർഷത്തിന് ശേഷം ഫിഫ ലോകകപ്പിനെത്തുമ്പോൾ മലയാളി ഫുട്ബാൾ ആരാധകർക്കും സന്തോഷിക്കാൻ വകയുണ്ട്. കഴിഞ്ഞദിവസം പ്രഖ്യാപിച്ച ഹെയ്‌തിയുടെ 26 അംഗടീമിൽ കേരള ബ്ളാസ്റ്റേഴ്സ് ടീമിന് വേണ്ടി കളിച്ച ഒരു താരമുണ്ട്; സ്ട്രൈക്കർ ഡക്കൻസ് നാസോൺ.
ഇപ്പോൾ ഇറാനിയൻ ക്ളബ് ഇസ്തിഗ്‌ലാലിൽ കളിക്കുന്ന നാസോൺ 2016-17 സീസണിലാണ് ബ്ളാസ്റ്റേഴ്സിനായി കളിച്ചത്. ഏഴ് മത്സരങ്ങളിൽ ബ്ളാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായമണിഞ്ഞ താരം രണ്ടുഗോളുകൾ നേടിയിരുന്നു.2016 സെപ്തംബറിൽ ഫ്രഞ്ച് ക്ളബ് ലാവലിൽ നിന്ന് ബ്ളാസ്റ്റേഴ്സിലേക്കെത്തിയ നാസോൺ 2017 ജനുവരിയിൽ ഇംഗ്ളീഷ് ക്ളബ് വോൾവർഹാംപ്ടണിലേക്ക് മാറുകയായിരുന്നു.2014 മുതൽ ഹെയ്‌തി ദേശീയ ടീമിനുവേണ്ടി കളിക്കുന്ന നാസോൺ അവരുടെ ഏറ്റവും പരിചയസമ്പന്നനായ താരങ്ങളിലൊരാളാണ്. ഹെയ്‌തിക്ക് വേണ്ടി 80 മത്സരങ്ങൾ കളിച്ച താരം 44 ഗോളുകളും നേടിയിട്ടുണ്ട്.
1974ന് ശേഷം ആദ്യമായാണ് ഹെയ്‌തി ലോകകപ്പിന് യോഗ്യത നേടുന്നത്. മുൻ ലോകചാമ്പ്യന്മാരായ ബ്രസീൽ,മൊറോക്കോ,സ്കോട്ട്‌ലാൻഡ് എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പ് സിയിലാണ് ഹെയ്‌തി മത്സരിക്കുന്നത്. ജൂൺ 14ന് സ്കോട്ട്‌ലാൻഡിന് എതിരെയാണ് ആദ്യ മത്സരം.