നെയ്മർ റിട്ടേൺസ്, ബ്രസീൽ റെഡി
റിയോഡി ജനീറോ: ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിൽ ആറാടിച്ച് വിസ്മയ താരം നെയ്മറെ ഉൾപ്പെടുത്തി ഫിഫ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പരിശീലകൻ കാർലോ ആൻസലോട്ടി പ്രഖ്യാപിച്ചു. ഇന്നലെ റിയോ ഡി ജനീറോയിൽ വച്ചാണ് ആൻസലോട്ടി ലോകകപ്പിനുള്ള 26 അംഗ അന്തിമ ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചത്. പരിക്കിനെ തുടർന്ന് 2023 ഒക്ടോബറിന് ശേഷം ദേശീയ ജേഴ്സിഅണിയാൻ കഴിയാതിരുന്ന നെയ്മർ കായിക ക്ഷമത പൂർണമായും വീണ്ടെടുത്തതോടെയാണ് കാർലോ ടീമിൽ ഉൾപ്പെടുത്തിയത്. നെയ്മർ ടീമിൽ എത്തിയതോടെ ചെൽസിയുടെ മിന്നും താരം ജാവോ പെഡ്രോയെ ഒഴിവാക്കേണ്ടി വന്നു. റയൽ മാഡ്രിഡിന്റെ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ, ബാഴ്സയുടെ റഫീഞ്ഞ, ഗബ്രിയേൽ മാർട്ടിനെല്ലി, എൻഡ്രിക്ക്, കസെമിറൊ, മത്യാസ് കുൻഹ, പക്വേറ്റ എന്നിവരെയെല്ലാം ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലിവർപൂളിന്റെ അലിസൺ ബെക്കർ തന്നെയാണ് ഒന്നാം നമ്പർ ഗോൾ കീപ്പർ, കൂടെ എഡേഴ്സണും വെവേർട്ടണുമുണ്ട്. പരിക്കിന്റെ പിടിയിലായ സൂപ്പർ താരം റോഡ്രിഗോ, യുവതാരം എസ്റ്റേവാവോ എന്നിവർക്ക് കളിക്കാനാകാത്തത് ബ്രസീലിന് തിരിച്ചടിയാണ്. ആന്റണിയുമില്ല.
ബ്രസീൽടീം ഗോൾ കീപ്പർമാർ- അലിസൺ , എഡേഴ്സൺ,വെവേർട്ടൻ പ്രതിരോധം- അലക്സ് സാൻഡ്രോ,ഡാനിലോ, ലിയോ പരേര,ബ്രെമർ,ഡൗഗ്ലസ് സാന്റോസ്, ഗബ്രിയേൽ മഗാൽഹീസ്, ഇബാനസ്, മാർക്വിഞ്ഞോസ്, വെസ്ലി. മിഡ്ഫീൽഡർമാർ- ഗുയിമാറസ്,കസെമിറൊ, ഡാനിലോ സാന്റോസ്,ഫാബീഞ്ഞോ, പക്വേറ്റ. മുന്നേറ്റനിര- എൻഡ്രിക്ക്, മാർട്ടിനെല്ലി, ഇഗോർ തിയാഗോ,ഹെൻറിക്വെ,കുൻഹ, നെയ്മർ ,റഫീഞ്ഞ, റയാൻ, വിനീഷ്യസ്.
ആറാം കിരീടം തേടി 5- തവണ ലോക ചാമ്പ്യൻമാരായിട്ടുള്ള ടീമാണ് ബ്രസീൽ. ഏറ്റവും കൂടുതൽ തവണ ലോകകപ്പിൽ മുത്തമിട്ട ടീമും ബ്രസീൽ തന്നെ. 2002-ലാണ് ബ്രസീൽ അവസാനമായി ലോക ചാമ്പ്യന്മാരായത്.കഴിഞ്ഞ തവണ ക്വാർട്ടറിൽ പുറത്തായി. ഇത്തവണ മൊറോക്കോ, ഹെയ്തി,സ്വിറ്റ്സർലാൻഡ് എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ബ്രസീൽ ജൂൺ 13ന് മൊറോക്കോയ്ക്ക് എതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. നെയ്മറാരവം ടീം പ്രഖ്യാപിക്കുമ്പോൾ ആൻസലോട്ടി നെയ്മറുടെ പേര് പറഞ്ഞപ്പോൾ വലിയ കൈയടിയോടെയാണ് സദസിലിരുന്നവർ എതിരേറ്റത്. നാലാം ലോകകപ്പിനാണ് നെയ്മർ ഒരുങ്ങുന്നത്. 128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയ നെയ്മറാണ് ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം.