സൂര്യതേജസോടെ രാജസ്ഥാൻ
ജയ്പൂർ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ലക്നൗ സൂപ്പർ ജയ്ന്റ്സിനെ 7 വിക്കറ്റിന് കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി രാജസ്ഥാൻ റോയൽസ്. ജയ്പൂരിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു. മറുപടിക്കിറങ്ങിയ രാജസ്ഥാൻ 19.1 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (225/3). 38 പന്തിൽ 10 സിക്സും 7 ഫോറും ഉൾപ്പെടെ 93 റൺസ് നേടിയ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ ചേസിംഗിലെ മുന്നണിപ്പോരാളിയായത്. ധ്രുവ് ജുറേൽ (പുറത്താകാതെ 38 പന്തിൽ 53), ക്യാപ്ടൻ യശ്വസി ജയ്സ്വാൾ (23 പന്തിൽ 43) തുടങ്ങിയവരും മികച്ച രീതിയിൽ ബാറ്റ് ചെയ്തു.സീസണിൽ രാജസ്ഥാന്റെ അവസാന ഹോം മത്സരമായിരുന്നു ഇത്.
നേരത്തേ മിച്ചൽ മാർഷ് (57 പന്തിൽ 96), ജോഷ് ഇംഗ്ലിസ് (29 പന്തിൽ 60), ക്യാപ്ടൻ റിഷഭ് പന്ത് (23 പന്തിൽ35) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ലക്നൗവിനെ മികച്ച സ്കോറിൽ എത്തിച്ചത്. ഇംഗ്ലിസും മാർഷും ഓപ്പണിംഗ് വിക്കറ്റിൽ വെറും 50 പന്തിൽ 109 റൺസാണ് അടിച്ചെടുത്തത്.യഷ് പുംജ രാജസ്ഥാനായി രണ്ട് വിക്കറ്റ് വീഴ്ത്തി..