സാന്റോസ്: നമ്മുടെ സങ്കൽപ്പങ്ങളിലുള്ള ഒരു സെമിത്തേരിയിലല്ല കഴിഞ്ഞ ദിവസം നിര്യാതനായ ഫുട്ബാൾ ഇതിഹാസം പെലെ അടക്കം ചെയ്യപ്പെട്ടിരിക്കുന്നത്. 14 നിലകളിലുള്ള ഒരു ബൃഹത് മന്ദിരമാണ് പെലെയുടെ പ്രിയ നഗരമായ സാന്റോസിലെ മെമ്മോറിയൽ നെക്രോപോൾ എക്യൂമെനിക്ക സെമിത്തേരി. ഇതിന്റെ ഒൻപതാം നിലയിലാണ് ഫുട്ബാൾ രാജാവിന്റെ അന്ത്യവിശ്രമം. ഇവിടെ നിന്നാൽ ദൂരെ കടലുകാണാം, തൊട്ടടുത്തായി മഴക്കാടുകളും പിന്നെ പെലെയ്ക്ക് ഏറെ പ്രിയപ്പെട്ട സാന്റോസ് ക്ലബ്ബിന്റെ വിലെ ബെൽമിറോ മൈതാനവും.
ഉയരക്കൂടുതലിന്റെ കാര്യത്തിൽ ഗിന്നസ് റെക്കാഡുണ്ട് ഈ സെമിത്തേരിക്ക്. പെലെ അദ്ദേഹത്തെ അടക്കംചെയ്യാൻ ആഗ്രഹിച്ചിരുന്നയിടത്തുതന്നെയാണ് ഫുട്ബാൾ സ്റ്റേഡിയത്തിന് സമാനമായ അന്തരീക്ഷമൊരുക്കി കുടുംബം അടക്കംചെയ്തിരിക്കുന്നത്. പെലെയുടെ പിതാവിനെയും മറ്റു കുടുംബാംഗങ്ങളെയും ഇതേ സെമിത്തേരിയിലാണ് സംസ്‌കരിച്ചത്.
സംഗീതമൊഴുകുന്ന സെമിത്തേരി
14 നിലകളിലായി ഏകദേശം 16,000 പേർക്ക് അന്ത്യവിശ്രമത്തിന് സൗകര്യമുള്ള കെട്ടിടമാണ് മെമ്മോറിയൽ സെമിത്തേരി. ഒരു ഫൈവ് സ്റ്റാർ ഹോട്ടൽപോലെയാണ് സെമിത്തേരിയുടെ ഉൾവശം ഒരുക്കിയിരിക്കുന്നത്. പിയാനോയിൽനിന്നും വയലിനിൽനിന്നും സംഗീതം സദാ ഒഴുകിക്കൊണ്ടിരിക്കും. ഇവിടെയെത്തുന്ന സന്ദർശകർക്കുവേണ്ടി ചാപ്പലും റസ്റ്റോറന്റും മിനിബാർ സൗകര്യങ്ങളുമുണ്ട്. സംസ്‌കാരച്ചടങ്ങിനെത്തുന്ന ദൂരസ്ഥലങ്ങളിലുള്ളവർക്ക് താമസിക്കാന്‍ സ്യൂട്ട് റൂമും ഒരുക്കിയിരിക്കുന്നു. ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്ന 300 പേർക്ക് ഇരിക്കാവുന്ന പ്രത്യേക മുറിയുമുണ്ട്. വായിച്ചിരിക്കാൻ പത്രമാസികകളും ലോബിയിൽ ലഭ്യമാണ്.
സെമിത്തേരിയുടെ ഓരോ നിലയിലും 150 കുടീരങ്ങളാണുള്ളത്. ഓരോന്നിലും ആറ് മൃതദേഹങ്ങൾവരെ സംസ്‌കരിക്കാം. ഏകദേശം മൂന്ന് വർഷംകൊണ്ടാണ് മൃതദേഹം പൂർണമായും വിഘടിക്കുക. കുടുംബത്തിന്റെ താത്പര്യപ്രകാരം മൃതദേഹം പുറത്തെടുക്കുകയോ അല്ലെങ്കില്‍ അസ്ഥികൾ മറ്റൊരിടത്തേക്ക് മാറ്റുകയോ ചെയ്യാം. ഇതിനും സെമിത്തേരി പരിസരത്ത് സൗകര്യമൊരുക്കിയിട്ടുണ്ട്. ചെലവ് അഞ്ചുമുതൽ 18 വരെ ലക്ഷം ആഡംബര സെമിത്തേരിയിൽ അന്ത്യവിശ്രമത്തിന് ചെലവും ധാരാളം. മൂന്നുവർഷത്തേക്ക് ഏകദേശം അഞ്ചുലക്ഷം മുതൽ 18 ലക്ഷം രൂപവരെയാണ് വാടക. കെട്ടിടത്തിന്റെ ഏതുഭാഗത്താണ് സംസ്‌കരിക്കുന്നത് എന്നതിനനുസരിച്ചാണ് വിലയീടാക്കുന്നത്. 1991-ലായിരുന്നു ഉദ്ഘാടനം. പെലെയെ അടക്കംചെയ്തതോടെ മെമ്മോറിയൽ സെമിത്തേരിയിൽ സന്ദർശക പ്രവാഹമുണ്ടാകും എന്നാണ് കണക്കുകൂട്ടൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |