കേരളം 265,172/6
ഗോവ 311
ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറിയടിച്ച രോഹൻ പ്രേം രണ്ടാം ഇന്നിംഗ്സിൽ 68നോട്ടൗട്ട്
തിരുവനന്തപുരം : ഗോവയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ 46 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ കേരളം തോൽവി ഒഴിവാക്കാൻ രണ്ടാം ഇന്നിംഗ്സിൽ പൊരുതുന്നു. ആദ്യ ഇന്നിംഗ്സിൽ 265 റൺസിന് ആൾഒൗട്ടായിരുന്ന കേരളത്തിനെതിരെ മൂന്നാം ദിവസമായ ഇന്നലെ 311 റൺസെടുത്താണ് ഗോവ ആൾഒൗട്ടായത്.തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം കളി നിറുത്തുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തിൽ 172 റൺസ് എന്ന നിലയിലാണ്.
അവസാന ദിനമായ ഇന്ന് 126 റൺസിന്റെ ലീഡുമായാണ് കേരളം ബാറ്റിംഗ് പുനരാരംഭിക്കാനെത്തുന്നത്. ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ രോഹൻ പ്രേം രണ്ടാം ഇന്നിംഗ്സിൽ 68 റൺസുമായി പുറത്താകാതെ നിൽക്കുന്നതാണ് കേരളത്തിന്റെ പ്രതീക്ഷ. എന്നാൽ ആദ്യ ഇന്നിംഗ്സിൽ ആദ്യ ദിനം 247/5 എന്ന നിലയിലായിരുന്ന കേരളത്തെ രണ്ടാം ദിനം രാവിലെ 18 റൺസ് കൂടി നേടുന്നതിനിടയിൽ ഗോവ ആൾഒൗട്ടാക്കിയിരുന്നു. അതിനാൽ ഇന്ന് കഴിയുന്നത്ര സമയം പിടിച്ചുനിന്ന് തോൽവി ഒഴിവാക്കാനാവും കേരളത്തിന്റെ ശ്രമം.
ഇന്നലെ 200/5 എന്ന സ്കോറിൽ ബാറ്റിംഗ് പുനരാരംഭിച്ച ഗോവയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയ ഇഷാൻ ഗഡേക്കർ(105),ക്യാപ്ടൻ ദർശൻ മിശൽ(43),മോഹിത് റെഡ്കർ (37) എന്നിവർ നടത്തിയ പോരാട്ടമാണ് 311ലെത്തിച്ചത്. സച്ചിന്റെ മകൻ അർജുൻ ടെൻഡുൽക്കർ ആറ് റൺസെടുത്ത് ജലജ് സക്സേനയുടെ പന്തിൽ എൽ.ബിയിൽ കുരുങ്ങി പുറത്തായി. കേരളത്തിനായി ജലജ് അഞ്ചുവിക്കറ്റും ക്യാപ്ടൻ സിജോമോൻ ജോസഫ് മൂന്ന് വിക്കറ്റും വൈശാഖ് ചന്ദ്രൻ രണ്ട് വിക്കറ്റും നേടി.
തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളത്തിന് ഏഴാം ഓവറിൽത്തന്നെ ഷോൺ റോജറിനെ (11)നഷ്ടമായി.തുടർന്നിറങ്ങിയ രോഹൻ പ്രേം ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും പിന്തുണനൽകാൻ ആർക്കും കഴിഞ്ഞില്ല. രോഹൻ എസ്.കുന്നുമ്മൽ 34 റൺസെടുത്ത് മടങ്ങി. രാഹുൽ(16),സച്ചിൻ ബേബി(4),അക്ഷയ് ചന്ദ്രൻ(4), സിജോമോൻ (1) എന്നിവരുടെ വിക്കറ്റുകൾ 16 റൺസെടുക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 128/5 എന്ന നിലയിൽ ക്രീസിലെത്തിയ ജലജ് സക്സേന(28 നോട്ടൗട്ട്) നൽകിയ പിന്തുണയിലാണ് രോഹൻ ടീമിനെ 172ലെത്തിച്ചത്.129 പന്തുകൾ നേരിട്ട രോഹൻ അഞ്ച് ബൗണ്ടറികൾ നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |