രണ്ടാം ട്വന്റി-20യിൽ ഇന്ത്യയെ 16 റൺസിന് തോൽപ്പിച്ച് ശ്രീലങ്ക
ശ്രീലങ്ക 206/6, ഇന്ത്യ 190/8
സൂര്യകുമാറിന്റെും (36 പന്തുകളിൽ 51 റൺസ് ) അക്ഷർ പട്ടേലിന്റെയും (31പന്തിൽ 65)പോരാട്ടം പാഴായി
പൂനെ : ഇന്ത്യയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യിൽ 16 റൺസിന് ജയിച്ച ശ്രീലങ്ക മൂന്ന് മത്സരപരമ്പര 1-1ന് സമനിലയിലെത്തിച്ചു. .ഇന്നലെ പൂനെ എം.സി.എ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ലങ്ക നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തപ്പോൾ ഇന്ത്യയുടെ മറുപടി 190/8ൽ ഒതുങ്ങുകയായിരുന്നു.
അർദ്ധസെഞ്ച്വറികൾ നേടിയ ഓപ്പണർ കുശാൽ മെൻഡിസിന്റെയും (52),ക്യാപ്ടൻ ദാസുൻ ഷനകയുടെയും (56നോട്ടൗട്ട്) ,പൊരുതിനിന്ന പാത്തും നിസംഗയുടെയും(33),ചരിത്ത് അസലങ്കയുടെയും (37) ബാറ്റിംഗാണ് ലങ്കയ്ക്ക് മികച്ച സ്കോർ നൽകിയത്.മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 9.1ഓവറിൽ 57 റൺസെടുക്കുന്നതിനിടയിൽ അഞ്ചുവിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. എന്നാൽ ആറാം വിക്കറ്റിൽ ഒരുമിച്ച സൂര്യകുമാർ യാദവും (51) അക്ഷർ പട്ടേലും (65) തകർത്തടിച്ചെങ്കിലും 16-ാം ഓവറിൽ സൂര്യ പുറത്തായതോടെ ആ പ്രതീക്ഷയും തകർന്നു.തുടർന്നിറങ്ങിയ ശിവം മാവി (26) പൊരുതി നോക്കിയെങ്കിലും അവസാന ഓവറിൽ അക്ഷർ പുറത്തായതോടെ വിജയം നേടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.
തുടക്കത്തിൽ തകർത്തടിച്ച ലങ്കയെ ഇടയ്ക്ക് ഇന്ത്യ വരുതിയിലെത്തിച്ചെങ്കിലും പിന്നീട് പിടിവിട്ടുപോവുകയായിരുന്നു.80 റൺസ് ഓപ്പണിംഗിൽ നേടിയിരുന്ന ലങ്ക 15-ാം ഓവറിൽ 110/4 എന്ന നിലയിലായെങ്കിലും അസലങ്കയും ഷനകയും അവസാന ഓവറുകളിൽ തകത്തടിച്ച് 200 കടത്തുകയായിരുന്നു. അശ്രദ്ധമായ ബൗളിംഗിലൂടെ ഇന്ത്യൻ ബൗളർമാർ മേധാവിത്വം കൈവിടുകയായിരുന്നുവെന്നുവേണം പറയാൻ. രണ്ടോവർ മാത്രമെറിഞ്ഞ അർഷ്ദീപ് സിംഗ് അഞ്ചു നോബാളടക്കം 37 റൺസാണ് വിട്ടുകൊടുത്തത്. ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന അർഷ്ദീപിന്റെ തിരിച്ചുവരവായിരുന്നു ഇത്. കഴിഞ്ഞ കളിയിൽ നാലുവിക്കറ്റുമായി അരങ്ങേറിയ ശിവം മാവി ഇന്നലെ നാലോവറിൽ 53 റൺസാണ് നൽകിയത്. വിക്കറ്റൊന്നും ലഭിച്ചുമില്ല. ഉമ്രാൻ മാലിക്ക് മൂന്ന് വിക്കറ്റ് നേടിയെങ്കിലും നാലോവറിൽ 48 റൺസാണ് വിട്ടുകൊടുത്തത്. നാലോവറിൽ 24 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേലാണ് ഇന്ത്യൻ നിരയിൽ അൽപ്പമെങ്കിലും മികച്ചുനിന്നത്. യുസ്‌വേന്ദ്ര ചഹൽ നാലോവറിൽ 30 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ഇറങ്ങിയ ലങ്കയ്ക്ക് വേണ്ടി പാത്തും നിസംഗയും മെൻഡിസും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. ആറാം ഓവറിൽ അവർ 50 കടന്നു. ഒൻപതാം ഓവറിൽ ടീം സ്കോർ 80ൽ നിൽക്കുമ്പോഴാണ് ഓപ്പണിംഗ് തകർക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞത്. 31 പന്തുകളിൽ മൂന്ന് ഫോറും നാലുസിക്സമടക്കം അതിവേഗ അർദ്ധസെഞ്ച്വറി നേടിയ കുശാൽ മെൻഡിസിനെ എൽ.ബിയിൽ കുരുക്കി ചഹലാണ് ആദ്യ ബ്രേക്ക് നൽകിയത്. അടുത്ത ഓവറിൽ ഉമ്രാൻ ഭനുക രാജപക്സയെ (2) ക്ളീൻ ബൗൾഡാക്കി.12-ാം ഓവറിൽ നിസംഗയെ അക്ഷർ പട്ടേലിന്റെ പന്തിൽ ബൗണ്ടറി ലൈനിനരികിൽ സുന്ദരമായ ഒരു ക്യാച്ചിലൂടെ രാഹുൽ ത്രിപാതി മടക്കി അയച്ചു. 14-ാം ഓവറിൽ അടുത്തടുത്ത പന്തുകളിൽ ധനഞ്ജയ ഡിസിൽവയെയും (3),ഹസരംഗയെയും (0) ഉമ്രാൻമാലിക്ക് പുറത്താക്കിയതോടെ ലങ്ക 110/4 എന്ന നിലയിലായി.19 പന്തുകളിൽ നാലുസിക്സടിച്ച അസലങ്ക 138ൽ പുറത്തായെങ്കിലും ദാസുൻ ഷനക 22 പന്തുകളിൽ രണ്ടുഫോറും ആറ് സിക്സുമടക്കം 56 റൺസടിച്ചുകൂട്ടി ലങ്കയെ 200 കടത്തി. ചമിക കരുണരത്നെ 11 റൺസുമായി പുറത്താവാതെ നിന്നു. 12റൺസ് ഇന്ത്യ എക്സ്ട്രാസായി നൽകി. ഫ്രീഹിറ്റുകളിൽ നിന്ന് ലങ്ക റൺസടിച്ച് കൂട്ടുകയും ചെയ്തു.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ഇഷാൻ കിഷൻ(2),ശുഭ്മൻ ഗിൽ(5),രാഹുൽ ത്രിപാതി (5) എന്നിവരെ ആദ്യ മൂന്നോവറിനുള്ളിൽ നഷ്ടമായി. പരിക്കേറ്റ സഞ്ജുസാംസണ് പകരമാണ് രാഹുൽ ത്രിപാതി അരങ്ങേറിയത്.തുടർന്ന്ഹാർദിക് പാണ്ഡ്യ(12),ദീപക് ഹൂഡ(9) എന്നിവരെക്കൂടി നഷ്ടമായി. തുടർന്നാണ് സൂര്യയും അക്ഷറും ഒരുമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |