SignIn
Kerala Kaumudi Online
Saturday, 02 August 2025 4.12 AM IST

ഇനി അൽ -ക്രിസ്റ്റ്യാനോ

Increase Font Size Decrease Font Size Print Page
cristiano

രണ്ട് പതിറ്റാണ്ടോളമായി യൂറോപ്യൻ ഫുട്ബാളിൽ വിസ്മയങ്ങൾ സൃഷ്ടിച്ച പോർച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി ഏഷ്യയിൽ പന്തുതട്ടും. 2002ൽ പോർച്ചുഗീസ് ക്ളബ് സ്പോർട്ടിംഗിൽ നിന്ന് തുടങ്ങിയ പ്രയാണം മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് റയൽ മാഡ്രിഡിലേക്കും യുവന്റസിലേക്കും അവിടെ നിന്ന് തിരികെ മാഞ്ചസ്റ്ററിലേക്കും ഒടുവിൽ സൗദി ക്ളബ് അൽ നസർ എഫ്.സിയിലേക്കുമെത്തിയിരിക്കുകയാണ്.

തന്റെ കരിയറിലെ വൈഷമ്യങ്ങൾ ഏറെ നിറഞ്ഞ ഒരു കാലഘട്ടത്തിനൊടുവിലാണ് ഏഷ്യൻ ക്ളബിന്റെ കുപ്പായമണിയാനുള്ള ക്രിസ്റ്റ്യാനോയുടെ തീരുമാനം. തന്റെ ഓരോ ക്ളബ് മാറ്റവും ചരിത്രമാക്കിയ ക്രിസ്റ്റ്യാനോയുടെ ചുവടുകൾ പിഴച്ചുതുടങ്ങിയത് കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ക്ളബ് യുവന്റസിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മാറാൻ തീരുമാനിച്ചപ്പോഴാണ്. സർ അലക്സ് ഫെർഗൂസണിൽ നിന്ന് കളി പഠിച്ച തന്റെ പഴയ മാഞ്ചസ്റ്റർ ആയിരുന്നില്ല അതെന്ന് ക്രിസ്റ്റ്യാനോ തിരിച്ചറിഞ്ഞത് വൈകിയാണ്. ഫെർഗൂസന് ശേഷമെത്തിയ പരിശീലകരൊക്കെയും കാലാവധി പൂർത്തിയാക്കാൻ കഴിവില്ലാത്തവരായി.അപ്പോഴേക്കും മാഞ്ചസ്റ്റർ യുണൈറ്റഡ് അതിന്റെ പഴയ പ്രതാപമെല്ലാം വിട്ട് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പടികടക്കാൻ യോഗ്യതയില്ലാത്ത ക്ളബായി മാറിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ കളിക്കുക എന്ന സ്വപ്നത്തിനായി മറ്റൊരു ക്ളബിലേക്ക് കൂടുമാറാൻ ക്രിസ്റ്റ്യാനോ ശ്രമം തുടങ്ങിയപ്പോഴാണ് ക്ളബുമായി ഇടയേണ്ടിവന്നത്. എറിക് ടെൻ ഹാഗ് എന്ന പുതിയ പരിശീലകന് ക്രിസ്റ്റ്യാനോയുമായി സമരസപ്പെടാനാവാതെ വന്നതും പ്രശ്നങ്ങൾ രൂക്ഷമാക്കി. ലോകകപ്പിന് ഖത്തറിലേക്ക് തിരിക്കും മുമ്പ് ക്രിസ്റ്റ്യാനോ നൽകിയ ഒരു ഇന്റർവ്യൂവിന്റെ ടീസർ പുറത്തുവന്നതുതന്നെ ഭൂകമ്പമുണ്ടാക്കി. പിന്നാലെ താരവുമായി ചർച്ചനടത്തി മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഇരുകൂട്ടർക്കും പരിക്കുകൾ ഇല്ലാതെ വേർപിരിയാൻ അവസരമുണ്ടാക്കി.

അതിന് പിന്നാലെയാണ് ലോകകപ്പിൽ പോർച്ചുഗൽ ടീമിന്റെ പകരക്കാരനായി മാറേണ്ട സ്ഥിതി ക്രിസ്റ്റ്യാനോയ്ക്കുണ്ടായത്.37ലെത്തിയ പ്രായം ക്രിസ്റ്റ്യാനോയെ മുഴുവൻ സമയവും കളിപ്പിക്കുന്നതിൽ കോച്ച് സാന്റോസിന് വിലങ്ങുതടിയായപ്പോൾ ലോകകപ്പ് എന്ന സ്വപ്നം നേടിയെടുക്കാൻ ആ തീരുമാനത്തോട് കടിച്ചുപിടിച്ചു സഹകരിക്കുകയായിരുന്നു ക്രിസ്റ്റ്യാനോ.പക്ഷേ ക്വാർട്ടറിൽ ലോകകപ്പ് സ്വപ്നം പൊലിഞ്ഞ് മടങ്ങുമ്പോൾ മറ്റൊരു തീരുമാനം ക്രിസ്റ്റ്യാനോ എടുത്തുരുന്നു; തന്റെ ഭാവി ഫുട്ബാൾ ഏഷ്യയിലായിരിക്കുമെന്ന്. സാധാരണ കരിയറിന്റെ അവസാനഘട്ടം ചിലവഴിക്കാൻ അമേരിക്കൻ മേജർ സോക്കർ ലീഗോ, ജപ്പാൻ ലീഗോ,ഓസ്ട്രേലിയൻ ലീഗോ താരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവിടെയും തന്റെ വ്യത്യസ്തത കാത്തുസൂക്ഷിക്കുകയായിരുന്നു ക്രിസ്റ്റ്യാനോ. സൗദി ക്ളബ് അൽ നസറിൽ നിന്നുള്ള വലിയ തുകയുടെ ഓഫറാണ് ക്രിസ്റ്റ്യാനോ സ്വീകരിച്ചത്.

കോളടിച്ചത് അൽ നസറിന്

അൽ നസറിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ കൂടുമാറ്റത്തിന് പിന്നാലെ ക്ലബ്ബിന്റെ വിപണിമൂല്യവും കുതിച്ചുയർന്നു. സമൂഹമാധ്യമങ്ങളിലും ക്രിസ്റ്റ്യാനോയുടെ കൂടുമാറ്റം തരംഗമായി. അൽ നസർ ക്ലബ്ബിന്റെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായത്. താരത്തിന്റെ ഏഴാം നമ്പർ ജേഴ്‌സി വാങ്ങാനും വൻ തിരക്കാണ്. കുതിച്ചുയർന്ന് വിപണി മൂല്യം ക്രിസ്റ്റ്യാനോ ടീമിലെത്തുന്നതുവരെ അൽ നസർ ക്ലബ്ബിന്റെ വിപണിമൂല്യം ഏതാണ്ട് 400 കോടിയോളം രൂപയായിരുന്നു. എന്നാൽ പോർച്ചുഗൽ മുന്നേറ്റനിര താരം ടീമിലെത്തിയതോടെ മൂല്യം 630 കോടി രൂപയിലേക്കുയർന്നു. ക്ലബ്ബ് കളിക്കുന്ന സൗദി പ്രോ ലീഗിലെ ഏറ്റവും മൂല്യമേറിയ താരമായും ക്രിസ്റ്റ്യാനോ മാറി. 160 കോടിയോളം രൂപയാണ് ക്രിസ്റ്റ്യാനോയുടെ വിപണി മൂല്യം.

ഏറ്റെടുത്ത് ആരാധകർ

ക്രിസ്റ്റ്യാനോയെ ടീമിലെത്തിച്ചതിനു പിന്നാലെ സൗദി ക്ലബ്ബ് അൽ നസറിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഫോളോവേഴ്‌സിന്റെ എണ്ണം കുതിച്ചുയർന്നു. ക്രിസ്റ്റ്യാനോ ടീമിലെത്തുന്നതിന് മുമ്പുണ്ടായിരുന്ന ഫോളോവേഴ്‌സിനേക്കാൾ മൂന്നും നാലും ഇരട്ടിയാണ് താരത്തെ ക്ലബ്ബിലെത്തിച്ച ശേഷം വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലായി ഉണ്ടായിരിക്കുന്നത് താരത്തെ ടീമിലെത്തിച്ച വാർത്ത പുറത്തുവിടും മുമ്പ് അൽ നസറിന്റെ ഫേസ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണം 1.74 ലക്ഷമായിരുന്നു. എന്നാൽ പ്രഖ്യാപനം വന്ന് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ 8.74 ലക്ഷത്തിലെത്തി . ട്വിറ്ററിൽ വെറും 90,000 ഫോളോവേഴ്‌സ് ഉണ്ടായിരുന്നത് ഒറ്റയടിക്ക് 4.65 ലക്ഷമെത്തി. ഇൻസ്റ്റഗ്രാമിൽ 8.60 ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്നത് ക്രിസ്റ്റ്യാനോ ടീമിലെത്തി മണിക്കൂറുകൾക്കകം 43 ലക്ഷത്തിലെത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ശേഷവും ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ബ്രാൻഡിന്റെ മൂല്യത്തിന് ഒരു ഇടിവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ.

ജേഴ്സി വാങ്ങാൻ ഇടി

ക്രിസ്റ്റ്യാനോയുടെ പേരും നമ്പറുമുള്ള അൽ നസർ ക്ലബ്ബിന്റെ ഏഴാം നമ്പർ ജേഴ്സി വാങ്ങാൻ ആരാധകരുടെ വൻതിരക്കാണ്. പരിമിതമായ ജേഴ്സി മാത്രമാണ് നിലവിലുള്ളത്. വൻതോതിൽ ജേഴ്സി വിപണിയിലെത്തിക്കാനാണ് ക്ലബ്ബ് മാനേജ്മെന്റിന്റെ തീരുമാനം. പരിശീലക നിരയിൽ പോർച്ചുഗൽ ഇലവന്‍ അൽ നസർ ക്ലബ്ബിൽ മറ്റു പോർച്ചുഗൽ താരങ്ങളില്ല. എന്നാൽ, പരിശീലകരും പരിശീലകസംഘത്തിലുമായി 11 പേർ പോർച്ചുഗലിൽ നിന്നുള്ളവരാണ്. ഫ്രഞ്ചുകാരനായ റുഡി ഗാർഷ്യയാണ് മുഖ്യ പരിശീലകൻ. സഹപരിശീലകൻ അർനാള്‍ഡോ ടെക്സീര, യൂത്ത് ടീം മുഖ്യപരിശീലകൻ ഹെൽദർ ക്രിസ്റ്റോവാവോ, യൂത്ത് ടീമിന്റെ സഹപരിശീലകരായ ആന്ദ്രെ ഡി സോസ, ന്യൂനോ അൽവെസ് എന്നിവരും പോർച്ചുഗലിൽ നിന്നുള്ളവരാണ്. ഇവർക്കുപുറമെ, ഫിറ്റ്നസ് കോച്ചുമാർ, ഗോൾകീപ്പിംഗ് കോച്ച്, അഞ്ചംഗ മെഡിക്കൽ സംഘം എന്നിവരും പോർച്ചുഗലിൽ നിന്നാണ്.

സൗദി ലീഗിൽ ഒന്നാമത്

സൗദി പ്രൊഷണൽ ലീഗിൽ ഒന്നാം സ്ഥാനത്താണ് അൽ നസർ ക്ളബ് . കഴിഞ്ഞ ദിവസം നടന്ന കളിയിൽ അൽ ഖലീജ് ടീമിനെ 1-0ത്തിന് തോൽപ്പിച്ചു. അഞ്ചാം മിനിറ്റിൽ വിൻസെന്റ് അബൂബക്കറാണ് ഗോൾ നേടിയത്.ലോകകപ്പിൽ ബ്രസീലിനെതിരെ ഗോൾ നേടിയ കാമറൂൺ താരമാണ് വിൻസന്റ് അബൂബക്കർ. 11 കളികളിൽ നിന്ന് 26 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള അൽ നസറിനുള്ളത്.

7

ഏഴാം നമ്പറിൽത്തന്നെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബിലും പ്രത്യക്ഷപ്പെടുക.

1771

കോടി രൂപയാണ് വാണിജ്യക്കരാറുകളടക്കം ക്രിസ്റ്റ്യാനോയ്ക്ക് സൗദി ക്ലബ്ബായ അൽ നസർ നൽകുന്നത്. അൽ നസറിന്റെ മാത്രമല്ല ഒരു ഏഷ്യൻ ക്ളബിന്റെതന്നെ ഏറ്റവും ഉയർന്ന പ്രതിഫലമാണിത്.

118

അന്താരാഷ്ട്ര ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിനായി 196 മത്സരങ്ങളിൽ നിന്നാണ് 118 ഗോളുകൾ നേടിയത്.

5

ക്രിസ്റ്റ്യാനോയുടെ അഞ്ചാമത്തെ ക്ളബാണ് അൽ നാസർ. പോർച്ചുഗലിലെ സ്പോർട്ടിംഗ് ആണ് ആദ്യ ക്ളബ്. അവിടെ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തി. പിന്നീട് റയൽ മാഡ്രിഡിൽ. അവിടെ നിന്ന് യുവന്റസിൽ. അവിടെ നിന്ന് തിരികെ മാഞ്ചസ്റ്ററിൽ. ഇപ്പോൾ അൽ നസറിൽ.

653

മത്സരങ്ങളാണ് ക്രിസ്റ്റ്യാനോ തന്റെ ക്ളബ് കരിയറിൽ കളിച്ചിട്ടുള്ളത്. 498 ഗോളുകൾ വിവിധ ക്ളബുകൾക്കായി നേടി.

32

കിരീടങ്ങളാണ് കരിയറിൽ ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. 5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ. ഇതിൽ നാലെണ്ണം റയൽ മാഡ്രിഡിനാെപ്പം. ഒന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനായി 4 ക്ളബ് ലോകകപ്പുകൾ. മൂന്നെണ്ണം റയലിനായി.ഒന്ന് മാഞ്ചസ്റ്ററിനൊപ്പം. 3 ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടങ്ങൾ. 2 ലാ ലിഗ കിരീടങ്ങൾ. 2 സെരി എ കിരീടങ്ങൾ.

ക്രിസ്റ്റ്യാനോ ക്ളബ് കരിയർ

വർഷം,ക്ളബ് മത്സരങ്ങൾ,ഗോൾ എന്ന ക്രമത്തിൽ

2002-2003 : സ്പോർട്ടിംഗ് സി.പി 25 -3

2003-2009 : മാൻ.യുണൈറ്റഡ് 196 -84

2009-2018 : റയൽ മാഡ്രിഡ് 292-311

2018-2021 : യുവന്റസ് 98-81

2021-2022 : മാൻ.യുണൈറ്റഡ് 40 -19

TAGS: NEWS 360, SPORTS, CRISTIANO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.