മെൽബൺ : ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പൺ തന്റെ അവസാനത്തെ ഗ്രാൻസ്ളാം ടൂർണമെന്റായിരിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ടെന്നിസിലെ സൂപ്പർ താരം സാനിയ മിർസ. അടുത്ത മാസം നടക്കുന്ന ദുബായ് ഓപ്പണാകും തന്റെ അവസാന അന്താരാഷ്ട്ര മത്സരമെന്നും സാനിയ ഇന്നലെ ഒൗദ്യോഗികമായി അറിയിച്ചു.
ആറാം വയസുമുതൽ ടെന്നിസ് കോർട്ടിലിറങ്ങിയ തനിക്ക് ഇനി മകനുവേണ്ടി കൂടുതൽ സമയം ചെലവിടണമെന്നും രാജ്യത്തിന് വേണ്ടി അന്താരാഷ്ട്ര കായിക മേളകളിൽ മെഡലുകൾ നേടാനായതാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ വിലമതിക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിരമിക്കൽ സന്ദേശത്തിൽ 36കാരിയായ സാനിയ പറഞ്ഞു.
ആറ് ഗ്രാൻസ്ളാം ഡബിൾസ് കിരീടങ്ങൾ സ്വന്തമാക്കിയ താരമാണ് സാനിയ. ആദ്യമായി ഡബ്ളിയു.ടി.എ കിരീടം നേടുന്ന ഇന്ത്യൻ താരമാണ് സാനിയ.2005ലായിരുന്നു അത്. തുടർന്ന് സിംഗിൾസിലും ഡബിൾസിലും മിക്സഡ് ഡബിൾസിലും നിരവധി അന്താരാഷ്ട്ര ടൂർണമെന്റുകളിൽ വിജയം നേടിയ സാനിയ ഇന്ത്യൻ വനിതാ ടെന്നിസിന്റെ മുഖമായി മാറി.
നാളെ തുടങ്ങുന്ന ആസ്ട്രേലിയൻ ഓപ്പണിൽ കസാഖിസ്ഥാന്റെ അന്ന ഡാനിലിനയ്ക്കൊപ്പമാണ് സാനിയ മത്സരിക്കുന്നത്. 2016ലെ ആസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസ് ചാമ്പ്യനാണ് സാനിയ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |