മെൽബൺ: കീരടമുയർത്തി ഗ്രാൻസ്ലാമിൽ നിന്ന് വിടപറയാമെന്നുള്ള ഇന്ത്യൻ എയ്സ് സാനിയ മിർസയുടെ മോഹം പൂവണിഞ്ഞില്ല. ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ സീഡ് ചെയ്യപ്പെടാതെ എത്തി സ്വപ്നക്കുതിപ്പ് നടത്തിയ സാനിയയും കൂട്ടാളി രോഹൻ ബൊപ്പണ്ണയും ഫൈനലിൽ ഇടറിവീണു. ബ്രസീലിയൻ ,ജോഡി ലൂയിസ സ്റ്രെഫാനി - റാഫേൽ മാറ്റോസ് സഖ്യത്തോട് നേരിട്ടുള്ള സെറ്റുകളിൽ 6-7,2-6നായിരുന്നു സാനിയ - ബൊപ്പണ്ണ സഖ്യത്തിന്റെ തോൽവി. ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പൺ തന്റെ കരിയറിലെ അവസാന ഗ്രാൻസ്ലാമായിരിക്കുമെന്ന് സാനിയ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരിയിൽ ദുബായി നടക്കുന്ന ഡബ്ല്യ.ടി.എ. ടൂർണമെന്റോടെ ടെന്നീസിൽ നിന്ന് വിരമിക്കുമെന്നും സാനിയ പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഴാം ഗ്രാൻസ്ലാം ലക്ഷ്യമിട്ട് റോഡ് ലെവർ ആരീനയിൽ കലാശപ്പോരിനിറങ്ങിയ സാനിയക്ക് ബൊപ്പണ്ണയ്ക്കൊപ്പം പ്രതീക്ഷിച്ച മികവിലേക്ക് ഉയരാനായില്ല. മറുവശത്ത് മികച്ച പ്രകടനം പുറത്തെടുത്ത സ്റ്രെഫാനിയും -മാറ്രൊസും മിക്സഡ് ഡബിൾസ് ഗ്രാൻസ്ലാം കിരീടം നേടുന്ന ആദ്യ ബ്രസീലിയൻ ജോഡിയായി.
ഓസ്ട്രേലിയൻ ഓപ്പണിൽ ഓരോ തവണ വീതം വനിതാ ഡബിൾസിലും മിക്സഡ് ഡബിൾസിലും കിരീടം നേടിയിട്ടുണ്ട് സാനിയ. 2018ൽ മിക്സഡ് ഡബിൾസിൽ ടിമിയ ബാബോസിനൊപ്പം ഫൈനലിൽ എത്തിയതാണ് ഓസ്ട്രേലിയൻ ഓപ്പണിൽ 42 കാരനായ ബൊപ്പണ്ണയുടെ മികച്ച പ്രകടനം. 2017ൽ ഫ്രഞ്ച് ഓപ്പണിൽ മിക്സഡ് ഡബിൾസിൽ ഗബ്രിയേല ഡബ്രോവ്സ്കിയ്ക്കൊപ്പം ബൊപ്പണ്ണ ചാമ്പ്യനായിട്ടുണ്ട്.
മെൽബൺ മുതൽ മെൽബൺ വരെ
റോഡ് ലെവർ അരീനയിൽ ഗ്രാൻസ്ലാമിൽ നിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിൽ വികാരഭരിതയായി ഇന്ത്യൻ ടെന്നിസ് ഇതിഹാസം സാനിയ മിർസ.
സാനിയയുടെ പ്രസംഗിലെ പ്രസക്തഭാഗങ്ങൾ : മെൽബണിലാണ് എന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. ഗ്രാൻസ്ലാം കരിയർ അവസാനിപ്പിക്കാൻ ഇതിലും മികച്ചൊരു വേദിയെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലുമാകില്ല. ഞാൻ കരയുന്നുണ്ട്. പക്ഷേ അത് സങ്കടം കാരണമല്ല, സന്തോഷം കൊണ്ടാണ്. ഞാൻ ഇനിയും കുറച്ച് ടൂർണമെന്റുകൾ കൂടി കളിക്കും. 2005ൽ മെൽബണിലാണ് എന്റെ ഗ്രാൻസ്ലാം കരിയർ ആരംഭിക്കുന്നത്. അന്നുമുതൽ വീണ്ടും ഇവിടേക്ക് വരാനുള്ള പ്രത്യേക അനുഗ്രഹം എനിക്ക് ലഭിച്ചു. മെൽബൺ എന്റെ സ്പെഷ്യൽ വേദിയാണ്. മകന്റെ മുന്നിൽ ഗ്രാൻസ്ലാം ഫൈനൽ കളിക്കാനാകുമെന്ന് ഒരിക്കലും കരുതിയില്ല. പതിന്നാല് വയസിൽ എന്റെ ആദ്യ മിക്സഡ് ഡബിൾസ് പങ്കാളിയാണ് രോഹൻ. ഇപ്പോൾ എന്റെ അടുത്ത സുഹൃത്തും കോർട്ടിലെ ഏറ്റവും മികച്ച പങ്കാളിയുമാണ് അദ്ദേഹം.
ജോക്കോ - സിറ്റ്സിപാസ്
ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ പത്താം ഓപ്പൺ തേടി സെർബ് സെൻസേഷൻ നൊവാക്ക് ജോക്കോവിച്ചും കന്നി ഗ്രാൻസ്ലാം ലക്ഷ്യമിട്ട് ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിറ്റ്സിപാസും ഏറ്രുമുട്ടും. നാളെയാണ് ഫൈനൽ. ഇന്നലെ സെമിയിൽ ജോക്കോവിച്ച് ടോമി പോളിനേയും (7-5,6-1,6-2), സിറ്റ്സിപാസ് കരേൻ ഖാച്നോവിനേയും (7-6,6-4,6-7,6-3) കീഴടക്കിയാണ് ഫൈനൽ ഉറപ്പിച്ചത്.
വനിതാ ഫൈനൽ ഇന്ന്
ഇന്ന് നടക്കുന്ന ഓസ്ട്രേലിയൻ ഓപ്പൺ വനിത സിംഗിൾസ് ഫൈനലിൽ എലേന റൈബാക്കിനയും ആര്യാന സബലെങ്കയും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മുതലാണ് മത്സരം. സെമിയിൽ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ പോളിഷ് താരം മാഗ്ദ ലിനെറ്റിനെ 7-6,6-2ന് കീഴടക്കിയാണ് സബലെങ്ക ഫൈനലിലെത്തിയത്.വെറ്റ്റൻ താരം വിക്ടോറിയ അസരങ്കയ്ക്ക് സെമിയിൽ മടക്കടിക്കറ്റ് നൽകിയാണ് (7-6,6-3) റൈബാക്കിന കലാശപ്പോരിനെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |