മകനെ ക്രിക്കറ്ററാക്കാൻ കൃഷിസ്ഥലം വിറ്റു, അന്ന് പിതാവ് കരുതിക്കാണില്ല ഈ നേട്ടം; ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ താരോദയം

Tuesday 29 April 2025 10:45 AM IST

ജയ്‌പൂർ: സവായ് മാൻ സിംഗ് സ്റ്റേഡിയത്തിൽ ഇന്നലെ പിറന്നത് ചരിത്രം. ഗുജറാത്തിനെതിരായ ഐപിഎൽ മത്സരത്തിൽ വെറും 35 പന്തുകളിൽ നിന്ന് സെഞ്ച്വറി തികച്ച് വൈഭവ് സൂര്യവംശിയെന്ന 14വയസുകാരൻ തോൽവികളുടെ പടുകുഴിയിൽ നിന്ന് രാജസ്ഥാൻ റോയൽസിനെ ഉയർത്തെഴുന്നേൽപ്പിച്ചപ്പോൾ ക്രിക്കറ്റ് ലോകം അമ്പരന്നുപോയി. 210 റൺസ് എന്ന വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാനുവേണ്ടി ഓപ്പണറായി ഇറങ്ങി ഏഴുഫോറുകളും 11 സിക്സുകളും പറത്തിയ വൈഭവ് 38 പന്തുകളിൽ 101 റൺസടിച്ച് മടങ്ങുമ്പോഴേക്കും രാജസ്ഥാൻ ജയമുറപ്പിച്ചു കഴിഞ്ഞിരുന്നു.

ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറിക്കാരൻ, ഐപിഎല്ലിൽ മൂന്നക്കം കടക്കുന്ന ഏറ്റവും വേഗമേറിയ ഇന്ത്യക്കാരൻ എന്നിങ്ങനെ ഒരുപിടി റെക്കാഡുകൾ തിരുത്തിയാണ് തന്റെ മൂന്നാമത്തെ ഐപിഎൽ മത്സരത്തിൽ വൈഭവ് ചരിത്രമെഴുതിയത്. 40 പന്തുകളിൽ 70 റൺസ് നേടി പുറത്താകാതെ നിന്ന യശസ്വി ജയ്സ്വാളും 15 പന്തുകളിൽ 32 റൺസ് നേടിയ റിയാൻ പരാഗും കൂടി കസറിയപ്പോൾ 15.5 ഓവറിലാണ് രാജസ്ഥാൻ എട്ടുവിക്കറ്റ് വിജയം ആഘോഷിച്ചത്.

ബീഹാറിലെ സമസ്തിപൂരിൽ നിന്ന് ആരംഭിച്ച തന്റെ യാത്ര വൈഭവ് സൂര്യവംശിയ്ക്ക് അത്ര എളുപ്പമൊന്നുമായിരുന്നില്ല. ബീഹാറിന് വേണ്ടി 12-ാം വയസിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതോടെയാണ് സൂര്യവംശി ഇന്ത്യൻ ക്രിക്കറ്റിൽ ശ്രദ്ധപിടിച്ചുപറ്റിയത്. നാലാം വയസിലാണ് വെെഭവ് കളി തുടങ്ങുന്നത്. പിതാവ് സഞ്ജീവ് സൂര്യവംശിയായിരുന്നു ആദ്യ പരിശീലകൻ. ഒമ്പതാം വയസിൽ നാട്ടിലെ ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നു. മകന്റെ ക്രിക്കറ്റ് മോഹങ്ങൾക്ക് കുടപിടിക്കാൻ തങ്ങളുടെ കൃഷിഭൂമി വിറ്റാണ് കുടുംബം കൂടെ നിന്നത്. അന്ന് മകന്റെ കൂടെ നിൽക്കാനുള്ള തീരുമാനം ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് വെെഭവ്.

2024 നവംബറിൽ വിജയ് ഹസാരെ ട്രോഫിയിൽ മദ്ധ്യപ്രദേശിനെതിരെ കളിച്ചതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ കളിക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമായി. 14 വർഷവും 23 ദിവസവുമുള്ളപ്പോഴാണ് ഇത്തവണ ഐപിഎലിൽ അരങ്ങേറ്റം കുറിക്കുന്നത്. ഐപിഎലിലെ പ്രായം കുറഞ്ഞ താരമെന്ന റെക്കാഡും നേടി. സൂര്യവംശിയെ 1.10 കോടി രൂപമുടക്കിയാണ് രാജസ്ഥാൻ മാനേജ്‌മെന്റ് സ്വന്തമാക്കിയത്. ക്യാപ്റ്റൻ സ‌ഞ്ജു സാംസണ് പരിക്കേറ്റ് പുറത്തായതിനെത്തുടർന്നാണ് കഴിഞ്ഞ 19ന് ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ കളിയിൽ സൂര്യവംശി ഓപ്പണറായി അരങ്ങേറ്റം കുറിക്കുന്നത്.

ആദ്യപന്തിൽ തന്നെ സിക്സർ പറത്തിയായിരുന്നു വെെഭവ് തന്റെ ഐപിഎൽ ക്രിക്കറ്റിലെ അരങ്ങേറ്റം കുറിച്ചത്. അന്ന് ഒൻപതാം ഓവറിൽ നാലാം പന്തിൽ സൂര്യവംശി പുറത്താകുമ്പോൾ 85 റൺസായിരുന്നു രാജസ്ഥാൻ റോയൽസ് അതുവരെ നേടിയത്. എയ്‌ഡൻ മാർക്രമിന്റെ പന്തിൽ ഔട്ടായ സങ്കടത്തിൽ വിതുമ്പിക്കൊണ്ട് സൂര്യവംശി കളംവിടുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഐ​പിഎ​ല്ലി​ൽ​ ​ഇ​തു​വ​രെ​ ​ക​ളി​ച്ച​വ​രി​ൽ​ ​ഐപി​എ​ൽ ​ആ​ദ്യ​ ​സീ​സ​ണി​ന് ​ശേ​ഷം​ ​ജ​നി​ച്ച​ ​ഒ​രേ​യൊരു​ ​താ​രം​ ​കൂ​ടി​യാ​ണ് ​സൂ​ര്യ​വം​ശി.​