ലോകകപ്പില്‍ കളിക്കുമോ? 'ഇനിയും മൂല്യം തെളിയിക്കണമെങ്കില്‍ അവിടെ സ്ഥാനമുണ്ടെന്ന് കരുതുന്നില്ല': വിരാട് കൊഹ്ലി

Friday 15 May 2026 7:28 PM IST

മുംബയ്: ഏകദിന ലോകകപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ആരാധകര്‍ ഉറ്റുനോക്കുന്നത് സൂപ്പര്‍ താരങ്ങളായ വിരാട് കൊഹ്ലിയും രോഹിത് ശര്‍മ്മയും ഇന്ത്യക്കായി കളിക്കുമോ എന്നാണ്. ഇപ്പോഴിതാ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് വിരാട് കൊഹ്ലി. ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍. പൂര്‍ണമായ സമര്‍പ്പണത്തോടെയാണ് താന്‍ ക്രിക്കറ്റ് കളിക്കുന്നത്, എന്നിട്ടും തന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടുകയാണെങ്കില്‍ അതിനെ ന്യായീകരിക്കുന്ന ഉത്തരങ്ങള്‍ നല്‍കേണ്ട ആവശ്യം കാണുന്നില്ലെന്നാണ് കൊഹ്ലിയുടെ മറുപടി.

ക്രിക്കറ്റിനോടുള്ള തന്റെ സമീപനത്തിനോ അര്‍പ്പണബോധത്തിനോ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും കൊഹ്ലി കൂട്ടിച്ചേര്‍ത്തു. വളരെ ചെറുപ്പത്തില്‍ കരിയറിന്റെ തുടക്കകാലത്ത് ഉണ്ടായിരുന്ന അതേ മനോഭാവം ഇന്നും നിലനിര്‍ത്തുന്നുണ്ട്. അച്ചടക്കത്തോടെയാണ് പരിശീലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.ടീമിന് വേണ്ടി ബൗണ്ടറിയില്‍ നിന്ന് ബൗണ്ടറിയിലേക്ക് 40 ഓവറുകള്‍ ഓടാന്‍ പറഞ്ഞാല്‍ അത് താന്‍ ചെയ്യും. ഇക്കാര്യത്തില്‍ തനിക്ക് ഒരു പരാതിയും ഉണ്ടാകില്ല.

ഒരു പരമ്പരയ്ക്ക് തൊട്ടുമുന്‍പ് മാത്രം പരിശീലനം നടത്തുന്ന ശൈലി തനിക്കില്ല. തന്റെ കായികക്ഷമതയും തയ്യാറെടുപ്പും വര്‍ഷംമുഴുവന്‍ നീണ്ടതാണ്. ഈവര്‍ഷമാദ്യം വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചത് ക്രിക്കറ്റിനോടുള്ള ഇഷ്ടം വീണ്ടും കണ്ടെത്താന്‍ സഹായിച്ചു. കാണികളില്ലാത്ത ഗ്രൗണ്ടില്‍ കളിക്കുമ്പോള്‍പോലും ബാറ്റിങ്ങിലുള്ള സന്തോഷമാണ് ശ്രദ്ധിച്ചതെന്നും കൊഹ്ലി കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് കൊഹ്ലിയും രോഹിത്തും കളിക്കുന്നത്. ട്വന്റി 20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് ഇരുവരും നേരത്തെ തന്നെ വിരമിച്ചിരുന്നു.