സുനിതയെയും സംഘത്തെയും ആദ്യം സ്വീകരിക്കാനെത്തിയത് ഡോൾഫിനുകൾ; വീഡിയോ

Wednesday 19 March 2025 9:52 AM IST

വാഷിംഗ്ടൺ: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ന് പുല‌ച്ചെയാണ് സുനിതാ വില്യംസിനെയും സംഘത്തെയും വഹിച്ചുള്ള ഡ്രാഗൺ ക്രൂ 9 പേടകം മെക്സിക്കോ ഉൾക്കടലിന്റെ (ഗൾഫ് ഒഫ് അമേരിക്ക) മടിത്തട്ടിൽ വീണത്. അവിടെ സുനിതയെയും സംഘത്തെയും സ്വീകരിക്കാനെത്തിയ ഡോൾഫിനുകളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

പേടകം കടലിൽ വീണതിന് പിന്നാലെ അതിന് ചുറ്റും ഡോൾഫിനുകൾ എത്തുന്നതും വട്ടമിട്ട് നീന്തുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. ഇതിനോടകം വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാണ്. ബഹിരാകാശയാത്രികർക്ക് ഹായ് പറയാനാണ് ഡോൾഫിനുകൾ എത്തിയതെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 3.27​ന് ഫ്ലോറിഡയിലെ ടാലഹാസിക്ക് സമീപമായിരുന്നു ചരിത്ര ലാൻഡിംഗ് നടന്നത്. ഡ്രാഗൺ പേടകത്തിൽ നിന്ന് നാല് യാത്രികരും പുറത്തിറങ്ങി. നിക്ക് ഹേഗ് ആണ് ആദ്യം പുറത്തിറങ്ങിയത്. അലക്സാണ്ടർ ഗോർബനോവ് രണ്ടാമതും സുനിത മൂന്നാമതുമായാണ് ഇറങ്ങിയത്. യാത്രാ പേടകത്തിലെ തകരാർ കാരണം 2024 ജൂൺ മുതൽ നിലയത്തിൽ കുടുങ്ങിയതാണ് സുനിതയും വിൽമോറും. നിക്ക് ഹേഗും ഗോർബുനോവും സെപ്തംബറിലാണ് നിലയത്തിലെത്തിയത്.