ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് യുദ്ധം ഒൻപതാം ദിനത്തിലേയ്ക്ക് കടക്കവേ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാൻ കാലതാമസം എടുക്കരുതെന്ന് വടക്കൻ ഗാസ നിവാസികളോട് ഇസ്രയേൽ സൈന്യത്തിന്റെ വക്താവ്. ആകാശം, കടൽ, കര മാർഗം ഗാസയെ ആക്രമിക്കാൻ തയ്യാറെടുക്കുകയാണെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞദിവസം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ അടുത്ത ഘട്ടം വരാൻ പോകുന്നതായി അദ്ദേഹം സൈനികരോട് പറയുന്നത് കേൾക്കാമായിരുന്നു. ഗാസ മുനമ്പിലെ ഇസ്രായേൽ സൈനിക ക്യാമ്പ് സന്ദർശിക്കവേയായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം. അടുത്ത ഘട്ടത്തിന് തയ്യാറാണോ എന്നും അദ്ദേഹം സൈനികരോട് ചോദിച്ചു. ഹമാസിനെ എതിരെ കരയുദ്ധത്തിന് ഇസ്രയേൽ തയ്യാറെടുക്കുന്നതിനിടെയാണ് നെതന്യാഹു ഗാസയിൽ എത്തിയത്.
അതേസമയം, കരമാർഗം ഗാസയിൽ ആക്രമണം നടത്താൻ ഒരുങ്ങുകയാണെന്ന് പ്രഖ്യാപിച്ചിട്ടും ഇസ്രയേൽ സേന ഇതുവരെ നീക്കം ആരംഭിച്ചിട്ടില്ല. മേഘാവൃതമായ അന്തരീക്ഷം മൂലമാണ് ഇസ്രയേൽ സേന ആക്രമണം നീട്ടി വയ്ക്കുന്നതാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കരസേനയ്ക്ക് കവചം നൽകാൻ പൈലറ്റുമാർക്കും ഡ്രോൺ ഓപ്പറേറ്റർമാർക്കും സാധിക്കാതെവരും എന്നതിനാലാണിത്.
ഹമാസിനെതിരെയുള്ള യുദ്ധം കടുപ്പിക്കാനുള്ള നീക്കത്തിനിടെ വടക്കൻ ഗാസയിൽ നിന്ന് ജനങ്ങൾ 24 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സൈന്യംനേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസൻ നിവാസികൾ പലായനം തുടരുകയാണ്. കഴിഞ്ഞ ഒക്‌ടോബർ ഏഴിന് യുദ്ധം തുടങ്ങിയതിനുശേഷം മരണനിരക്ക് മൂവായിരം കടന്നു. 2329 പലസ്തീനികൾക്ക് ജീവൻ നഷ്ടമായി. 9714 പേർക്ക് പരിക്കേറ്റതായി പാലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |