ന്യൂഡൽഹി: 22 കുട്ടികളുടെ മരണത്തിനിടയക്കിയ കോൾഡ്രിഫ് സിറപ്പിന്റെ ഉത്പാദകരായ ശ്രേശൻ ഫാർമസ്യൂട്ടിക്കൽസ് അടച്ചുപൂട്ടാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടു. കമ്പനിയുടെ ഉത്പാദന ലൈസൻസ് റദ്ദാക്കി. അതേസമയം,ശ്രേശൻ ഫാർമസ്യൂട്ടിക്കൽസുമായി ബന്ധപ്പെട്ട് ഏഴിടങ്ങളിൽ ഇന്നലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി. കള്ളപ്പണം തടയൽ നിയമപ്രകാരമായിരുന്നു പരിശോധന. ഫാർമസ്യൂട്ടിക്കൽസിന്റെ കാഞ്ചീപുരത്തെ നിർമ്മാണ യൂണിറ്റിലും കേസിൽ അറസ്റ്റിലായ കമ്പനി ഉടമ ജി. രംഗനാഥന്റെ ചെന്നൈ കോടമ്പാക്കത്തെ വസതിയിലുമായിരുന്നു പരിശോധന നടത്തിയത്. തമിഴ്‌നാട് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ദീപ ജോസഫിന്റെയും ജോയിന്റ് ഡയറക്ടർ കെ. കാർത്തികേയന്റെയും ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും പരിശോധന നടന്നു. നിലവിൽ ശ്രേശൻ ഫാർമയ്ക്ക് ലൈസൻസ് നൽകിയതിലുള്ള വീഴ്ചയുടെ പേരിൽ ഇരുവരെയും സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.
കമ്പനിയും ഇവരും തമ്മിൽ നിയമവിരുദ്ധമായ പണമിടപാടുകൾ നടന്നിട്ടുണ്ടോ, കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഫാർമയിൽ കൃത്യമായ പരിശോധനകൾ നടന്നോയെന്നും അന്വേഷിക്കും. കോൾഡ്രിഫ് സിറപ്പിൽ വിഷവസ്തുവായ ഡൈഎത്തിലിൻ ഗ്ലൈക്കോൾ (ഡി.ഇ.ജി) അപകടകരമായ അളവിൽ അടങ്ങിയതായി സംസ്ഥാന ഡ്രഗ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ് മരുന്ന് ഉത്പാദനം നടക്കുന്നതെന്നും ലബോറട്ടറിയിൽ മതിയായ സൗകര്യങ്ങളില്ലെന്നതുമടക്കം 350ലേറെ നിയമലംഘനങ്ങളും കണ്ടെത്തിയിരുന്നു.
മദ്ധ്യപ്രദേശിലാണ് കോൾഡ്രിഫ് സിറപ്പ് കഴിച്ചതിന് പിന്നാലെ 22 കുട്ടികൾ മരിച്ചത്. ഇതിൽ 19 കുട്ടികളും ചിന്ദ്വാരയിൽ നിന്നുള്ളവരാണ്. ഇവർക്ക് മരുന്ന് കുറിച്ച ശിശുരോഗ വിദഗ്ദ്ധൻ ഡോ. പ്രവീൺ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |