കൊച്ചി: ഇന്ന് ഓസ്‌ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റിൽ നടക്കുന്ന സർവമത സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന് മെൽബണിൽ ഇന്ത്യൻ വംശജരുടെ ഊഷ്മളമായ സ്വീകരണം.
ഗുരുദേവന്റെ ഏകലോക ദർശനത്തെ അടിസ്ഥാനമാക്കി സന്യാസിമാരുടെ നേതൃത്വത്തിലാണ് 16 മതങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം. ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് ദൈവദശകം പ്രാർത്ഥനയോടെയാണ് തുടക്കമാവുക. വിക്ടോറിയൻ പ്രീമിയർ ജസീന്ത അലനും ചടങ്ങുകളിൽ പങ്കെടുക്കും.പ്രതിനിധി സംഘത്തിന് മെൽബണിൽ ബുധനാഴ്ച നൽകുന്ന സ്വീകരണത്തിൽ വിവിധ മലയാളി സംഘടനാ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
ഇന്നലെ മെൽബൺ വിമാനത്താവളത്തിലെത്തിയ സ്വാമി സച്ചിദാനന്ദ, ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതംഭരാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, സ്വാമി വിശാലാനന്ദ, സ്വാമി അസംഗാനന്ദ, സ്വാമി വീരേശ്വരാനന്ദ, ഈഴവ മഹാജനസഭ പ്രസിഡന്റ് പി.എസ്. ബാബുറാം, കെ.എം.സജീവൻ, എസ്. അജയകുമാർ, മങ്ങാട് ബാലചന്ദ്രൻ എന്നിവരെ സ്വീകരിക്കാൻ ശ്രീനാരായണീയ സമൂഹത്തിനൊപ്പം വിവിധ മലയാളി സംഘടനാ പ്രതിനിധികളും എത്തിയിരുന്നു.ശശി തരൂർ എം.പി, ചാണ്ടി ഉമ്മൻ എം.എൽ.എ, ഗോകുലം ഗോപാലൻ, എ.വി. അനൂപ്, എം. സുരേഷ് കുമാർ, കെ. മുരളീധരൻ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കും.
ആഗോളതല അംഗീകാരം : സ്വാമി സച്ചിദാനന്ദ
മെൽബൺ: ശ്രീനാരായണ ഗുരുദേവന്റെ തത്വദർശനത്തിന് ആഗോളതലത്തിൽ അംഗീകാരം ലഭിക്കുന്നതിന്റെ ഉത്തമോദാഹരണമാണ് വിക്ടോറിയൻ പാർലമെന്റിൽ നടക്കുന്ന ലോകമത പാർലമെന്റെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദപറഞ്ഞു. ആധുനിക ലോകത്തെ സങ്കീർണമായ പ്രശ്നങ്ങൾക്കെല്ലാം ഒരു മറുമരുന്നായുള്ളത് ഗുരുദർശനമാണ്. ജാതികൊണ്ടും മതഭേദം കൊണ്ടും ദേശഭേദം കൊണ്ടും നിർമ്മിക്കപ്പെട്ട സങ്കുചിതമായ വേലിക്കെട്ടുകളെയെല്ലാം ഇല്ലായ്മ ചെയ്ത് ലോകത്തെ ഏകതയിലേക്ക് നയിക്കാൻ പര്യാപ്തമാണ് ഗുരുദർശനമെന്നും സ്വാമി പറഞ്ഞു. വത്തിക്കാൻ ലോകമത പാർലമെന്റ് , ഇംഗ്ലണ്ട്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നടന്ന സർവമത സമ്മേളനശതാബ്ദി സമ്മേളനം, ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ഗാന്ധി-ഗുരുദേവ സമാഗമശതാബ്ദി എന്നിവയ്ക്ക്ശേഷം നടക്കുന്ന ആസ്ട്രേലിയൻ ലോകമത പാർലമെന്റ് ശിവഗിരി മഠത്തിന്റെ കീർത്തി വിശ്വമാകെ എത്തിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുമെന്നും സ്വാമി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |