ലാപ്‌ടോപ്പിലും ഡസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറിലും മൊബൈലിലുമെല്ലാം നമ്മൾ പാസ്‌വേർഡ് നൽകുകയോ മറ്റോ ചെയ്യുമ്പോൾ രണ്ടുവട്ടം സുരക്ഷ ഉറപ്പാക്കിയിട്ടാണ് അനുമതി നൽകുന്നത്. സ്വന്തം ഉപകരണമാകുമ്പോൾ പ്രശ്‌നമില്ല എന്ന് നാം ഇതുകൊണ്ട് കരുതും. എന്നാൽ കാര്യങ്ങൾ വിചാരിച്ചത്ര സിമ്പിളല്ല. ചോർത്തില്ല എന്ന് നാം കരുതിയ ഒരു ഉപകരണം ചിലപ്പോൾ നമ്മുടെ സംസാരം പോലും കേട്ട് വിവരം ചോർത്താനിടയുണ്ടെന്ന അമ്പരപ്പിക്കുന്ന പഠനം പുറത്തുവന്നിട്ടുണ്ട്. മറ്റൊന്നുമല്ല നമ്മുടെ സ്വന്തം മൗസ് ആണ് ആ ഉപകരണം. സ്‌ക്രീനിൽ ക്ളിക്ക് ചെയ്യാനും സ്‌ക്രോൾ ചെയ്യാനും മാത്രമാണ് മൗസ് എന്ന് കരുതിയെങ്കിൽ തെറ്റി. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ച 'മൈക്ക് ഇ മൗസ്' വഴി നമ്മൾ ഉപയോഗിക്കുന്ന ഒപ്റ്റിക്കൽ മൗസിന് സംസാരം ചോർത്താം എന്ന് കണ്ടെത്തി.
മൗസിലുള്ള ശക്തമായ സെൻസറുകൾ ഉപയോഗിച്ച് എഐ സഹായത്തോടെ സംസാരം ശ്രദ്ധിക്കാനും അവ വേണ്ടപോലെ പിടിച്ചെടുക്കാനും കഴിയും. മൗസിനെ ഒരു ചാര മൈക്രോ ഫോണാക്കി എന്നർത്ഥം. വളരെ ചെറിയ ശബ്‌ദം പോലും ഇത്തരത്തിൽ സെൻസർ ഉപയോഗിച്ച് തിരിച്ചറിയാം. ഇവയെ റെക്കോഡ് ചെയ്‌താൽ സോഫ്റ്റ്‌വെയർ വഴി വ്യക്തമാകും.
ശബ്‌ദത്തിന്റെ ആവൃത്തി മനസിലാക്കി ഏകദേശം 61 ശതമാനം വരെ ഇത്തരത്തിൽ പിടിച്ചെടുക്കാൻ മൗസുകൾക്ക് ആകും. മൗസ് പോലുള്ള ഉപകരണങ്ങളിൽ കർശന സ്‌കാനിംഗ് നടത്താത്തതിനാൽ പലപ്പോഴും ഹാക്കർമാർക്ക് വിവരങ്ങൾ ഇതുപയോഗിച്ച് എളുപ്പം വേർതിരിച്ചെടുക്കാൻ കഴിയും. ഗവേഷകർ ഒരിക്കൽ ഇത്തരത്തിൽ മൗസ് ഉപയോഗിച്ച് ശേഖരിച്ച വിവരങ്ങൾ വിയേനർ ഫിൽറ്റർ വഴി ശേഖരിച്ച് എഐ സംവിധാനങ്ങൾ വഴി വാക്കുകൾ തിരിച്ചറിയാൻ ശ്രമിച്ചു. വാക്കുകൾ മനസിലാക്കാൻ പ്രയാസപ്പെട്ടെങ്കിലും അക്കങ്ങൾ വളരെയെളുപ്പം തന്നെ വേർതിരിച്ചെടുത്തു. ഇതിനർത്ഥം ഹാക്കർമാർക്ക് ശ്രമിച്ചാൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് നമ്പരുകൾ ശേഖരിക്കാനോ അവ വഴി പണം തട്ടാനോ എല്ലാം മൈക്ക് ഇ മൗസ് വഴി കഴിയും.
പക്ഷെ മൗസിന് എല്ലാം ചോർത്താൻ കഴിയുമെന്ന് ഇതിലൂടെ അർത്ഥമില്ല. ഇത്തരത്തിൽ ചോർത്തുന്നതിനും ചില പരിമിതികളൊക്കെയുണ്ട്. പരന്ന വൃത്തിയേറിയ പ്രതലത്തിൽ മൗസ് ഇരിക്കുമ്പോൾ അവിടെ മൗസ് പാഡോ കവറോ ഉണ്ടെങ്കിൽ അതിന് സംവേദനം ചെയ്യാനുള്ള കഴിവ് കുറയും. ചുറ്റുമുള്ള വലിയ ശബ്‌ദങ്ങളും വലിയ തടസമാണ്. ഒരു ഹാക്കർക്ക് ഇത്തരത്തിൽ നിങ്ങളുടെ വിവരം ചോർത്തണമെങ്കിൽ ആദ്യം നിങ്ങളുടെ കമ്പ്യൂട്ടർ സിസ്റ്റം ഹാക്ക് ചെയ്യേണ്ടതുണ്ട്. എന്നാൽ നാം തീരെ ശ്രദ്ധിക്കാത്ത മൗസ് പോലും ഹാക്ക് ചെയ്യാൻ ഇപ്പോൾ സാദ്ധ്യമാണ് എന്ന ഗൗരവമേറിയ വശവും ഇതിനുണ്ട്.
മൗസ് ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ചെയ്യേണ്ടത്:
ചലനങ്ങളും വൈബ്രേഷനും വഴി വിവരങ്ങൾ മൗസ് ചോർത്തുന്നത് കുറയ്‌ക്കാൻ സ്ഥിരമായി മൗസ് മാറ്റോ, ഡെസ്‌ക് കവർ മാറ്റോ ഉപയോഗിക്കുക.
ഇത്തരം വിവരങ്ങൾ നൽകേണ്ടി വരുമ്പോൾ ശബ്‌ദമുഖരിതമായ അന്തരീക്ഷത്തിൽ ചെയ്യുക, കുറഞ്ഞപക്ഷം പാട്ടെങ്കിലും വച്ച് ജോലി ചെയ്യുന്നത് നല്ലതാണ്.
മൗസിന്റെ ഇന്റേണൽ ഹാർഡ്‌വെയറുമായി ബന്ധിപ്പിക്കുന്ന മൗസ് ഫേം വെയറുകളും മൗസിനെ കംപ്യൂട്ടറിലെ ഓപ്പറേറ്റിംഗ് സിസ്‌റ്റവുമായി ബന്ധിപ്പിക്കുന്ന സോഫ്‌റ്റ്‌വെയറായ ഡ്രൈവറും പുതുക്കി സൂക്ഷിക്കുക.
വൈറസ് സാദ്ധ്യത തടയാൻ ഏറ്റവും പുതിയ അപ്‌ഡേറ്റഡായ മാൽവെയറുകൾ ഉപയോഗിക്കുക. വെബ് പ്രൊട്ടക്ഷൻ സംവിധാനമുള്ളവ തന്നെ ഉപയോഗിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |