ന്യൂഡൽഹി: ബംഗാളിലെ ദുർഗാപൂരിൽ മെഡിക്കൽ വിദ്യാർത്ഥിനി കൂട്ടമാനഭംഗത്തിന് ഇരയായ സംഭവത്തിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മൂന്ന് പേർ അറസ്റ്റിലായിരുന്നു. ഇതോടെ കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. അഞ്ച് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
അതേസമയം,പെൺകുട്ടി എങ്ങനെയാണ് രാത്രി 12.30ന് പുറത്ത് പോയതെന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പരാമർശം അപലപനീയമാണെന്ന് അതിജീവിതയുടെ പിതാവ് പ്രതികരിച്ചു. ഒരു സ്ത്രീയായ മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ഇങ്ങനെ നിരുത്തരവാദപരമായി സംസാരിക്കാനാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇവിടെ മകൾ സുരക്ഷിതയല്ലെന്നും അവളെ തിരികെ ഒഡീഷയിലേക്ക് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും പിതാവ് വ്യക്തമാക്കി.
രാത്രി 12.30ന് പെൺകുട്ടി പുറത്തുപോയതെങ്ങനെയെന്നും കോളേജിന് ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ടെന്നും മമത പറഞ്ഞിരുന്നു. എന്നാൽ,വിദ്യാർത്ഥിനിയുടെ പരാതി പ്രകാരം പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ പറയുന്നത് സംഭവം നടന്നത് രാത്രി എട്ട് ഓടെയാണെന്നാണ്.
ഒഡീഷ സ്വദേശിയായ 23കാരി കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ദുർഗാപൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് പരിസരത്ത് വച്ച്
കൂട്ട മാനഭംഗത്തിന് ഇരയായത്. ആൺസുഹൃത്തിനൊപ്പം അത്താഴം കഴിക്കാൻ ക്യാമ്പസിന് പുറത്തേക്കിറങ്ങിയപ്പോൾ ഒരു സംഘം ആക്രമിക്കുകയായിരുന്നു. അക്രമികളെ കണ്ടതോടെ യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. ഈ സുഹൃത്തിനെയും മെഡിക്കൽ കോളേജിലെ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
വിവാദ പരാമർശവുമായി
തൃണമൂൽ എം.പിമാർ
മുഖ്യമന്ത്രി മമതാ ബാനർജിക്ക് പിന്നാലെ വിവാദ പരാമർശവുമായി തൃണമൂൽ കോൺഗ്രസ് എം.പിമാരും രംഗത്ത്. ഇത്തരം കാര്യങ്ങൾ നടക്കാത്ത സ്ഥലങ്ങളോ രാജ്യങ്ങളോ ഇല്ലെന്ന് കകോലി ഘോഷ് ദസ്തിദാർ എം.പി പ്രതികരിച്ചു. സ്ത്രീകൾ രാത്രി പുറത്തിറങ്ങരുതെന്നും രക്ഷിക്കാൻ പൊലീസിന് എല്ലായിടത്തും എത്താനാകില്ലെന്നുമാണ് സൗഗത റോയ് എം.പി പറഞ്ഞു. പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുതെന്നും രാത്രി 12.30ന് വിദ്യാർത്ഥിനി എങ്ങനെയാണ് കോളേജിന് പുറത്തുവന്നതെന്നുമായിരുന്നു മമതയുടെ വിവാദ പരാമർശം. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ സംസ്ഥാനത്താകെ വലിയ പ്രതിഷേധമാണ് ഉയർന്നത്. അതിന് പിന്നാലെയാണ് ഇപ്പോൾ ഒരു വനിതാ എം.പിയും മറ്റൊരു മുതിർന്ന എം.പിയും സമാന പരാമർശം നടത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |