ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തിയ കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കാനുള്ള നിർദ്ദേശങ്ങൾ ചർച്ചയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വ്യാപാരം,ഊർജ്ജം,സാങ്കേതികവിദ്യ,കൃഷി തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ ചർച്ചയിൽ തീരുമാനമായി.
ജി 7 ഉച്ചകോടിക്കിടെ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നടത്തിയ കൂടിക്കാഴ്ചയും മോദി അനുസ്മരിച്ചു. കാർണിയുമായി വരാനിരിക്കുന്ന സംഭാഷണങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും അനിത കൂടിക്കാഴ്ച നടത്തി. പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ ഫലപ്രദമായ ചർച്ചകൾ നടന്നതായി കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
കാനഡ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നതാലി ഡ്രൂയിൻ ഇന്ത്യയിലെത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി മൂന്നാഴ്ചയ്ക്ക് ശേഷമാണ് വിദേശകാര്യ മന്ത്രി അനിതയുടെ ഇന്ത്യ സന്ദർശനം. ഡ്രൂയിൻ-ഡോവൽ ചർച്ച കഴിഞ്ഞ് ദിവസങ്ങൾക്കകം ലോറൻസ് ബിഷ്‌ണോയ് സംഘത്തെ കാനഡ ഭീകരവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 2023ൽ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായുള്ള അന്നത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശത്തെ തുടർന്നാണ് ഇന്ത്യ-കാനഡ ബന്ധം വഷളായത്. കഴിഞ്ഞ ഏപ്രിലിലെ തിരഞ്ഞെടുപ്പിൽ കാർണി വിജയിച്ചതോടെ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ വേഗത്തിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |