ന്യൂഡൽഹി:ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ,മഹാസഖ്യത്തിലെ പ്രധാന നേതാക്കൾ പ്രതികളായ ഐ.ആർ.സി.ടി.സി അഴിമതിക്കേസ് വിചാരണാനടപടികളിലേക്ക് കടന്നു.ബീഹാർ മുൻമുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്,ഭാര്യ റാബ്റി ദേവി,മകൻ തേജസ്വി യാദവ് തുടങ്ങിയവരാണ് സി.ബി.ഐ അന്വേഷിച്ച കേസിലെ പ്രതികൾ.ഇന്നലെ ഡൽഹി റൗസ് അവന്യു കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ചപ്പോൾ നേതാക്കൾ കുറ്റം നിഷേധിച്ചു.ഇതോടെയാണ് വിചാരണാനടപടികളിലേക്ക് കടക്കാൻ പ്രത്യേക ജഡ്‌ജി വിശാൽ ഗൊഗ്നെ തിരുമാനിച്ചത്.
രാഷ്ട്രീയപോര്
അഴിമതിക്കേസിനെ ലാലുവിനും തേജസ്വി യാദവിനുമെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് ബി.ജെ.പി.അഴിമതിക്കും തട്ടിപ്പിനും കുറ്റപത്രം ലഭിച്ച തേജസ്വി യാദവ് ബീഹാറിനെ മാറ്റിമറിക്കുമെന്നാണ് പറയുന്നതെന്ന് ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് പരിഹസിച്ചു.അതേസമയം,ഐ.ആർ.സി.ടി.സി അഴിമതിക്കേസ് രാഷ്ട്രീയ പ്രേരിതമെന്നും, മരണം വരെ നിയമപരമായും രാഷ്ട്രീയമായും പോരാട്ടം നടത്തുമെന്നും തേജസ്വി യാദവ് പ്രതികരിച്ചു.
കരാറിനു പകരം ഭൂമി
ലാലുപ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന 2004-09 കാലയളവിൽ റെയിൽവേ കരാറിനു പ്രത്യുപകാരമായി വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടി അഴിമതി നടത്തിയെന്നാണ് കേസ്.സുജാത ഹോട്ടൽസ് എന്ന കമ്പനിക്ക് നിയമവിരുദ്ധ മാർഗങ്ങളിലൂടെ കരാർ നൽകിയതിനു പകരമായി പാട്നയിൽ കണ്ണായസ്ഥലത്ത് ഭൂമി ലഭിച്ചുവെന്നാണ് ആരോപണം.ഇതു കുടുംബാംഗങ്ങളുടെ പേരിലേക്കും മാറ്റിയെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു.കമ്പനിയുടമകളും കേസിൽ പ്രതികളാണ്. ആകെ 14 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |