ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ തന്റെ പിൻഗാമിയായി കണ്ട് പ്രോത്സാഹിപ്പിച്ച നേതാവാണ് ഉപേന്ദ്ര ഖുശ്‌വാഹ. മൂന്നു തവണ നിതീഷിനോട് കലഹിച്ച് പാർട്ടി വിട്ടു. പുതിയ പാർട്ടികൾ രൂപീകരിച്ച് ബീഹാർ ജാതി രാഷ്ട്രീയത്തിനൊത്ത് ഒഴുകുന്നതാണ് തന്ത്രം. ഇപ്പോഴത്തെ പാർട്ടിയായ രാഷ്‌ട്രീയ ലോക് മോർച്ച(ആർ.എൽ.എം) എൻ.ഡി.എയിലുണ്ട്.
ഉപേന്ദ്ര കുമാർ സിംഗ് എന്നാണ് പേര്. നെൽകൃഷിയും പശുവളർത്തലും ഉപജീവനമാക്കിയ ഖുശ്‌വാഹ-കൊയേരി സമുദായത്തിന്റെ നേതാവെന്ന നിലയിൽ പേര് പരിഷ്‌കരിച്ചു. സമുദായ നേതാവെന്ന പ്രസക്തിയിലാണ് ബീഹാർ രാഷ്‌ട്രീയത്തിൽ അദ്ദേഹം പയറ്റി നിൽക്കുന്നതും. എൽ.ജെ.പിയുടെ ചിരാഗ് പാസ്വാനെയും എച്ച്.എ.എമ്മിന്റെ ജിതൻ റാം മാഞ്ചിയെയും പോലെ വെറുപ്പിക്കാനും മാറ്റി നിറുത്താനുമാകില്ല. മഗധ് (ഗയ,ഔറംഗാബാദ്,ജെഹനാബാദ്),ഷഹാബാദ് (ഭോജ്പൂർ,ബക്‌സർ,കൈമൂർ,റോഹ്‌താസ്) മേഖലകളിൽ സ്വാധീനമുള്ള ഉപേന്ദ്രയെ പിണക്കിയ തിരഞ്ഞെടുപ്പുകളിൽ ജെ.ഡി.യുവിനും ബി.ജെ.പിക്കും പണി കിട്ടിയിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി കർപൂരി താക്കൂറിന്റെ കീഴിൽ രാഷ്ട്രീയ ജീവിതം ആരംഭിച്ച് യുവ ജനതാദൾ,സമതാ പാർട്ടി എന്നിവ കടന്ന് ജെ.ഡി.യുവിൽ എത്തിയ ഉപേന്ദ്രയ്‌ക്ക് നിയമസഭാ പ്രതിപക്ഷ നേതൃ പദവി അടക്കം നിതീഷ് നൽകി. ഖുശ്‌വാഹ സമുദായത്തിന്റെ വോട്ടായിരുന്നു ലക്ഷ്യം. 2005ലെ നിയമസഭാ തോൽവിക്കു ശേഷം നിതീഷുമായി ഉടക്കി എൻ.സി.പിയിലേക്ക് പോയി. 2009ൽ രാഷ്‌ട്രീയ സമതാപാർട്ടിയുണ്ടാക്കി. 2010ൽ അതിനെ ജെ.ഡി.യു ലയിപ്പിച്ചു. രാജ്യസഭാംഗത്വം ശരിയാക്കി നിതീഷ് വരവേറ്റു. 2013ൽ വീണ്ടും ഉടക്കി പുറത്തേക്ക്. അപ്പോഴുണ്ടാക്കിയ പാർട്ടി രാഷ്‌ട്രീയ ലോക് സമതാ പാർട്ടി(ആർ.എൽ.എസ്.പി).
2014ൽ നിതീഷ് പോയ ഒഴിവിൽ ബി.ജെ.പി എൻ.ഡി.എയിലെടുത്തു. ലോക്‌സഭയിലൂടെ ആദ്യ മോദി സർക്കാരിൽ മന്ത്രി. ബീഹാറിനെ അവഗണിച്ചെന്നു പറഞ്ഞ് 2018ൽ എൻ.ഡി.എ വിട്ട് മഹാമുന്നണിക്കൊപ്പം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ക്ളച്ചു പിടിക്കാതിരുന്നതോടെ അവിടെ നിന്നില്ല. ബി.എസ്.പിയെ കൂട്ടി രൂപീകരിച്ച മഹാ മതേതര മുന്നണി 2020 നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി. 2021ൽ ആർ.എൽ.എസ്.പിയെ ജെ.ഡി.യുവിൽ ലയിപ്പിച്ച് വീണ്ടും നിതീഷിനൊപ്പം. 2023 ഫെബ്രുവരിയിൽ വീണ്ടും ചാടി രാഷ്‌ട്രീയ ലോക് ജനതാദൾ(ആർ.എൽ.ജെ.ഡി) രൂപീകരിച്ചു. തുടർന്ന് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പോടെ രാഷ്‌ട്രീയ ലോക് മോർച്ചായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |