ന്യൂഡൽഹി: കരൂരിൽ ടി.വി.കെ റാലിക്കിടെയുണ്ടായ ദുരന്തം റിട്ട. സുപ്രീംകോടതി ജഡ്‌ജി അജയ് രസ്തോഗി അദ്ധ്യക്ഷനായ മൂന്നംഗ സമിതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷിക്കും. 41 പേർ മരിക്കുകയും,100ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടൽ. പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) രൂപീകരിച്ച മദ്രാസ് ഹൈക്കോടതി നടപടിയും,തമിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് അരുണ ജഗദീശൻ കമ്മിഷന്റെ ജുഡിഷ്യൽ അന്വേഷണവും മരവിപ്പിച്ചു. സംഭവത്തിൽ പ്രഥമദൃഷ്ട്യാ വീഴ്ചകൾ വ്യക്തമാണെന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി,എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് സൂചിപ്പിച്ചു.
പൊലീസിന്റെ അലംഭാവം സംബന്ധിച്ച് ഇരകളുടെ കുടുംബങ്ങൾ അടക്കം പരാതി ഉന്നയിക്കുന്നു. റാലിക്ക് അനുമതി നൽകിയിട്ടും,ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ചില്ലെന്നും വീഴ്ചകൾ സമ്മതിക്കാൻ പൊലീസ് തയ്യാറാകുന്നില്ല. ഇത് ജനങ്ങളിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം സംബന്ധിച്ച് സംശയമുണർത്തിയിട്ടുണ്ട്. സ്വതന്ത്രവും നിഷ്‌പക്ഷവുമായ അന്വേഷണം ഉറപ്പാക്കണമെന്ന ടി.വി.കെ അടക്കം ഹർജിക്കാരുടെയും ഇരകളുടെ കുടുംബങ്ങളുടെയും താത്പര്യം മാനിച്ച് സി.ബി.ഐ അന്വേഷണത്തിന് വിടുകയാണെന്ന് കോടതി വ്യക്തമാക്കി.
വേഗം പൂർത്തിയാക്കണം
സി.ബി.ഐ ഉടൻ അന്വേഷണം ഏറ്റെടുക്കുകയും കഴിയുന്നതും വേഗം പൂർത്തിയാക്കുകയും വേണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. എസ്.ഐ.ടിയും,ജുഡിഷ്യൽ കമ്മിഷനും അവരുടെ പക്കലുള്ള രേഖകൾ സി.ബി.ഐക്ക് കൈമാറണം. തമിഴ്നാട് സർക്കാർ പൂർണ സഹകരണം ഉറപ്പാക്കണം. ഉന്നതസമിതിയുടെ ആദ്യയോഗം ഉടൻ നടത്തണം. കമ്മിറ്റിയുടെ സുഗമമായ പ്രവർത്തനത്തിന് 'നോഡൽ ഓഫീസറെ' തമിഴ്നാട് സർക്കാർ നിയോഗിക്കണം. സി.ബി.ഐ ഉദ്യോഗസ്ഥർ മാസംതോറും അന്വേഷണപുരോഗതി റിപ്പോർട്ട് സമിതിക്ക് കൈമാറണം. കോടതി ഇടപെടേണ്ട സാഹചര്യമുണ്ടെങ്കിൽ സി.ബി.ഐയ്‌ക്ക് സമീപിക്കാം.
സമിതിയുടെ
ഉത്തരവാദിത്വങ്ങൾ
മൂന്നംഗസമിതിയിലെ മറ്റു രണ്ടംഗങ്ങൾ ഐ.ജി പദവിയിൽ കുറയാത്ത മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരായിരിക്കണം. അവർ തമിഴ്നാട് സ്വദേശികളായിരിക്കരുത്. തമിഴ്നാട് കേഡറിലുള്ളവരെ പരിഗണിക്കാവുന്നതാണ്.
1.സി.ബി.ഐ അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം
2.അന്വേഷണം നടത്തേണ്ട വിഷയങ്ങൾ തീരുമാനിക്കാം
3.ആവശ്യമായ നിർദ്ദേശങ്ങൾ സി.ബി.ഐക്ക് നൽകാം
4.സി.ബി.ഐ ശേഖരിക്കുന്ന തെളിവുകൾ പരിശോധിക്കാം
5.അന്വേഷണസംഘത്തിന്റെ നിഗമനങ്ങൾ യുക്തിസഹമാണെന്ന് ഉറപ്പാക്കണം
6.ദുരന്തവുമായി ബന്ധപ്പെട്ട ഏതു വിഷയത്തിലും അന്വേഷണം നടത്താൻ അധികാരം
സിംഗിൾ ബെഞ്ച്
ജഡ്‌ജിക്ക് വിമർശനം
സി.ബി.ഐ അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളിയിരുന്നു. കരൂർ മധുര ബെഞ്ചിന്റെ അധികാരപരിധിയിൽപ്പെടുന്ന മേഖലയാണ്. ചെന്നൈയിലിരിക്കുന്ന സിംഗിൾ ബെഞ്ച് ജഡ്‌ജി എൻ. സെന്തിൽകുമാർ വിഷയത്തിൽ ഇടപെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത് തെറ്റായ നടപടിയാണെന്ന് സുപ്രീംകോടതി വിമർശിച്ചു. റാലികൾ നടത്തുന്നതിൽ രാഷ്ട്രീയ പാർട്ടികൾക്ക് മാർഗരേഖ പുറത്തിറക്കണമെന്ന മറ്റൊരു ഹർജിയിലാണ് എസ്.ഐ.ടി രൂപീകരണം. ഔചിത്യബോധമില്ലാത്ത നടപടിയാണിതെന്നും കുറ്റപ്പെടുത്തി. ഹർജിയെ ക്രിമിനൽ റിട്ട് പെറ്റീഷനായി ലിസ്റ്റ് ചെയ്‌തതിൽ ഹൈക്കോടതി രജിസ്ട്രാറോട് സുപ്രീംകോടതി വിശദീകരണം തേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |