റെക്കാഡിട്ട് ജി.എസ്.ടി, കുതിച്ച് യു.പി.ഐ ; വാഹന വില്പനയിൽ 27% വളർച്ച, പശ്ചിമേഷ്യൻ യുദ്ധം ബാധിച്ചില്ല

Sunday 03 May 2026 12:56 AM IST

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധം ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയാക്കിയപ്പോഴും ഇന്ത്യയ്ക്ക് തിളങ്ങുന്ന മുന്നേറ്റം. കഴിഞ്ഞമാസം ജി.എസ്.ടി വരുമാനത്തിൽ റെക്കാഡ്. യു.പി.ഐ ഇടപാടിലും കാർ വില്പനയിലും വൻകുതിപ്പ്.

ഏപ്രിലിലെ ജി.എസ്.ടി സമാഹരണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 2.43 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞമാസം യു.പി.ഐ ഇടപാടുകളുടെ എണ്ണം 2,235 കോടിയായി. 25 ശതമാനം വളർച്ച. ഇടപാടുകളുടെ മൂല്യം 29.03 ലക്ഷം കോടി. 21 ശതമാനം വാർഷിക വളർച്ച. ഏപ്രിലിൽ വാഹന വില്പന 27 ശതമാനം വർദ്ധനയോടെ 4.5 ലക്ഷം യൂണിറ്റുകളായി. എസ്.യു.വികളാണ് കൂടുതൽ വിറ്റത്. ഇറാൻ യുദ്ധത്തെ തുടർന്നുള്ള ഇന്ധനവില വർദ്ധനയും കയറ്റുമതിയിലെ ഇടിവും ആഭ്യന്തര ഉപഭോഗത്തെ ബാധിച്ചില്ല.

25.8 ശതമാനം ഉയർന്ന്

ഇറക്കുമതി വരുമാനം

 ജി.എസ്.ടി വരുമാനം 8.7 ശതമാനം ഉയർന്നാണ് 2.43 ലക്ഷം കോടിയിലെത്തിയത്

 മുൻവർഷം ഏപ്രിലിൽ ജി.എസ്.ടി വരുമാനം 2.23 ലക്ഷം കോടി രൂപയായിരുന്നു

 ഇറക്കുമതി വരുമാനം 25.8 ശതമാനം ഉയർന്ന് 57,580 കോടി രൂപയായി

 ആഭ്യന്തര വരുമാനം 4.3 ശതമാനം വർദ്ധനയോടെ 1.85 ലക്ഷം കോടി

ലോകത്ത് ഒന്നാമൻ

ഇന്ത്യൻ യു.പി.ഐ

 ഇന്ത്യയുടെ യു.പി.ഐ ലോകത്തെ ഏറ്റവും വലിയ റിയൽ ടൈം പേയ്‌മെന്റ് പ്ളാറ്റ്‌ഫോമായി

 2016 ഏപ്രിൽ 11നാണ് യു.പി.ഐ ആരംഭിച്ചത്. ആദ്യ മാസത്തിൽ 376 ഇടപാടുകൾ മാത്രം

 2016-17 ൽ 0.07 ലക്ഷം കോടി രൂപയായിരുന്നു ഇടപാടുകളുടെ മൂല്യം

 കഴിഞ്ഞ സാമ്പത്തിക വർഷം 4,000 ഇരട്ടി ഉയർന്ന് 314 ലക്ഷം കോടിയായി