SignIn
Kerala Kaumudi Online
Sunday, 03 May 2026 8.28 PM IST

ബിജെപി റാലിക്കിടെ മന്ത്രിയുമായി നടന്ന വാക്കുതർക്കം; ഒടുവിൽ വിശദീകരണവുമായി യുവതി

Increase Font Size Decrease Font Size Print Page
teena-choudhry

മുംബയ്: ബിജെപി റാലിക്കിടെയുണ്ടായ ഗതാഗതക്കുരുക്കിൽ മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജനെ പരസ്യമായി ചോദ്യം ചെയ്ത യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വീഡിയോയിലെ യുവതിയായ മുംബയ് സ്വദേശി ടീന ചൗധരി. തർക്കമുണ്ടായെങ്കിലും ഒടുവിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ തന്നെ സഹായിച്ചത് മന്ത്രിയാണെന്ന് ടീന വ്യക്തമാക്കി. തന്റെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെട്ടവർക്ക് നന്ദി അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെയാണ് ടീന ഇക്കാര്യം പങ്കുവച്ചത്.


ഏപ്രിൽ 21-നായിരുന്നു വിവാദത്തിനാസ്പദമായ സംഭവം നടന്നത്. മകളെ മ്യൂസിക് ക്ലാസിൽ വിട്ട് മടങ്ങുകയായിരുന്ന ടീന വർളിയിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങുകയായിരുന്നു. 'ബിജെപി റാലിയെത്തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന രണ്ട് ബസുകൾ കാരണമാണ് ഗതാഗതം പൂർണമായും തടസപ്പെട്ടത്. ഏകദേശം ഒന്നര മണിക്കൂറോളം അവിടെയുണ്ടായിരുന്ന ഓരോ പൊലീസ് ഉദ്യോഗസ്ഥരോടും ബസ് മാറ്റാൻ അഭ്യർത്ഥിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. പൊലീസിന്റെ ശ്രദ്ധ തിരിക്കാനാണ് കൈയിലുണ്ടായിരുന്ന കുപ്പി നിലത്തടിച്ചത്. അത് പ്രതിഷേധക്കാർക്ക് നേരെയായിരുന്നില്ല. റാലിയിലുണ്ടായിരുന്നവരിൽ മന്ത്രി ഗിരീഷ് മഹാജൻ മാത്രമാണ് പരാതി കേൾക്കാൻ തയ്യാറായത്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ആ രണ്ട് ബസുകളും അവിടെനിന്ന് മാറ്റി. അതിനുശേഷമാണ് ഞങ്ങൾക്ക് യു-ടേൺ എടുത്ത് മെയിൻ റോഡിലേക്ക് കടക്കാൻ സാധിച്ചത്',- ടീന വീഡിയോയിൽ വിശദീകരിച്ചു.

സംഭവത്തെക്കുറിച്ച് നേരത്തെ മന്ത്രി ഗിരീഷ് മഹാജനും പ്രതികരിച്ചിരുന്നു. റാലിക്ക് മുൻകൂട്ടി അനുമതി വാങ്ങിയിരുന്നതാണെന്നും പ്രതിഷേധങ്ങൾ നടക്കുമ്പോൾ ഗതാഗതകുരുക്ക് സ്വാഭാവികമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. യുവതി ഉദ്യോഗസ്ഥരോട് മോശമായ ഭാഷയിലാണ് പെരുമാറിയതെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. 'റോഡ് അടച്ചിടാൻ എങ്ങനെ സാധിക്കും?' എന്ന് ചോദിച്ചുകൊണ്ടായിരുന്നു യുവതി മന്ത്രിയുടെ വാഹനത്തിന് അടുത്തേക്ക് എത്തിയത്. 'ഇവിടെ നിന്ന് പോകുക, നിങ്ങൾ കാരണം ഗതാഗതക്കുരുക്ക് ഉണ്ടാവുകയാണ്' എന്ന് അവർ ആക്രോശിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. എന്നാൽ ഒടുവിൽ കാര്യങ്ങൾ നല്ല നിലയിൽ അവസാനിച്ചുവെന്നാണ് ടീന വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, LATESTNEWS, BJP, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.