വാഷിംഗ്ടൺ: അങ്ങ് ദൂരെ... 400 കിലോമീറ്റർ അകലെയുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയം. അവിടെനിന്ന് വെളുത്ത ഡ്രാഗണിന്റെ ചിറകിലേറി സുനിത വില്യസും സംഘവും ഭൂമിയിൽ പറന്നിറങ്ങി.
800 കോടി ജനങ്ങൾ സാക്ഷി. ശൗര്യമേറിയ കുതിരയെപ്പോലെ ചീറിപ്പാഞ്ഞെത്തിയ ഡ്രാഗൺ പേടകം മെക്സിക്കോ ഉൾക്കടലിന്റെ (ഗൾഫ് ഒഫ് അമേരിക്ക) മടിത്തട്ടിലേക്കാണ് വന്നത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 3.27ന് ഫ്ലോറിഡയിലെ ടാലഹാസിക്ക് സമീപമായിരുന്നു ചരിത്ര ലാൻഡിംഗ്.
9 മാസമായി മനുഷ്യരാശിയുടെ നെഞ്ചിടിപ്പ് കൂട്ടിയ ബഹിരാകാശ ത്രില്ലറിൽ സുനിതയ്ക്കൊപ്പം ബുച്ച് വിൽമോറും നിക്ക് ഹേഗും അലക്‌സാണ്ടർ ഗോർബുനോവും താരങ്ങൾ. ഇലോൺ മസ്‌കിന്റെ ഡ്രാഗൺ പേടകം (ക്രൂ ഡ്രാഗൺ - ഫ്രീഡം) കൺമുന്നിലെ ചരിത്രമാകുന്ന നിമിഷം കൂടിയായി.
യാത്രാ പേടകത്തിലെ തകരാർ കാരണം 2024 ജൂൺ മുതൽ നിലയത്തിൽ കുടുങ്ങിയതാണ് സുനിതയും വിൽമോറും. നിക്ക് ഹേഗും ഗോർബുനോവും സെപ്തംബറിലാണ് നിലയത്തിലെത്തിയത്.
# സുനിതയും വിൽമോറും
നിലയത്തിൽ
286 ദിവസം
4,576 തവണ ഭൂമിയെ ചുറ്റി
195,289,857 കിലോമീറ്റർ സഞ്ചരിച്ചു
# രണ്ടാം സ്ഥാനം
സുനിത ബഹിരാകാശത്ത് ചെലവഴിച്ച ദിവസങ്ങളുടെ എണ്ണം (3 ദൗത്യങ്ങളിലായി) 608 ആയി. കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ രണ്ടാമത്തെ യു.എസ് സഞ്ചാരി. പെഗ്ഗി വിറ്റ്സൺ (675 ദിവസം) ആണ് ഒന്നാമത്.
# ഡ്രാഗണിന്റെ വരവ്
പ്രതികൂല സാഹചര്യങ്ങൾ സന്ദർഭാേചിതമായി നേരിടാനുള്ള തയ്യാറെടുപ്പോടെ യാത്രാരംഭം.
ഇന്നലെ രാവിലെ 10:35 - ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെട്ടു
ഇന്ന് പുലർച്ചെ 2:36 - പേടകത്തിന്റെ ട്രങ്ക് ഭാഗം വേർപെട്ടു
2:41 - ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുന്നതിന് തൊട്ടുമുന്നേ 7.5 മിനിറ്റ് ത്രസ്റ്ററുകൾ ജ്വലിപ്പിക്കുന്ന ഡീഓർബിറ്റ് ബേൺ പ്രക്രിയ. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്. ഇന്നേരം ശബ്ദത്തിന്റെ 22 മടങ്ങ് വേഗത ആർജിച്ചു (മണിക്കൂറിൽ 27,359 കിലോമീറ്റർ). പുറംഭാഗത്തെ ചൂട് 1,926 ഡിഗ്രി സെൽഷ്യസിലേറെ
3:24 - 18,000 അടി ഉയരത്തിൽ വച്ച് രണ്ട് ചെറു പ്രാഥമിക പാരച്ചൂട്ടുകൾ വിടർന്നു. 6,500 അടി
മുകളിലെത്തിയപ്പോൾ 4 പ്രധാന പാരച്ചൂട്ടുകളും വിടർന്നു
3:27 - സെക്കൻഡിൽ 25 അടി എന്ന പ്രവേഗ നിരക്കോടെ (വെലോസിറ്റി) ഡ്രാഗൺ സാവധാനം കടലിലേക്ക് പതിച്ചു
# ഹൂസ്റ്റണിലേക്ക്
കടലിൽ നിന്ന് എം.വി. മേഗൻ കപ്പലിലേക്ക് പേടകത്തെ നീക്കി. പുറത്തിറങ്ങിയ സുനിതയും സംഘവും പോകുന്നത് ഹൂസ്റ്റണിലുള്ള നാസയുടെ ജോൺസൺ സ്പേസ് സെന്ററിലേക്ക്.
# സുനിതയെ
ഇന്ത്യയിലേക്ക്
ക്ഷണിച്ച് മോദി
ന്യൂഡൽഹി: സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സുനിതയെ ക്ഷണിച്ചുകൊണ്ടുള്ള മോദിയുടെ കത്ത് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് എക്സിൽ പങ്കുവച്ചു. നാസ ബഹിരാകാശയാത്രികൻ മൈക്ക് മാസിമിനോ വഴിയാണ് കത്ത് അയച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |