ന്യൂഡൽഹി: മലേഗാവ് ബോംബ് സ്‌ഫോടന കേസിൽ വിചാരണ പൂർത്തിയാക്കി വിധി പറയാനെടുത്തത് 17 വർഷം. 2008ലെ സംഭവത്തിൽ 2018ലാണ് വിചാരണ ആരംഭിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ 19ന് വിധി പറയാൻ മാറ്റി. 2008 മുതൽ 2025 വരെ അഞ്ചു ജഡ്‌ജിമാർ കേസ് പരിഗണിച്ചു. ഇന്നലെ വിധി പറഞ്ഞ സ്‌പെഷ്യൽ ജഡ്‌ജി എ.കെ. ലാഹോട്ടിയെ നാസികിലേക്ക് ഏപ്രിലിൽ സ്ഥലംമാറ്രിയിരുന്നു. വലിയ വിവാദമുയർന്നു. ഇരകളുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് വിചാരണ നടപടികൾ പൂർത്തിയാക്കാൻ ബോംബെ ഹൈക്കോടതി ആഗസ്റ്റ് വരെ സമയം നീട്ടി നൽകുകയായിരുന്നു. സംഭവം ആദ്യം മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡും (എ.ടി.എസ്),പിന്നീട് എൻ.ഐ.എയും അന്വേഷിച്ചു.
അറസ്റ്റ് ചെയ്‌തത്
ഹേമന്ദ് കർക്കറെ
ഹേമന്ദ് കർക്കറെയുടെ നേതൃത്വത്തിലുള്ള എ.ടി.എസ് അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. 2009ൽ കുറ്റപത്രം സമർപ്പിച്ചു. മുസ്ലിം സമുദായത്തിനെതിരെ പ്രതികാരം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഭോപ്പാൽ,ഇൻഡോർ തുടങ്ങിയ സ്ഥലങ്ങളിൽ ഗൂഢാലോചന നടത്തി സ്‌ഫോടനം നടപ്പാക്കിയെന്നാണ് എ.ടി.എസ് കുറ്റപത്രം. 2011ൽ അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തു. പ്രഗ്യയ്‌ക്കെതിരെ തെളിവില്ലെന്ന് 2016ൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. സാക്ഷികളെ മർദ്ദിച്ച് പ്രഗ്യയ്‌ക്കെതിരെ എ.ടി.എസ് മൊഴി ശേഖരിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി. പ്രതികൾക്കെതിരെ ചുമത്തിയിരുന്ന മക്കോക്ക ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. മക്കോക്ക ഒഴിവാക്കിയെങ്കിലും പ്രഗ്യയെ കുറ്റവിമുക്തയാക്കാൻ പ്രത്യേക കോടതി തയ്യാറായില്ല. എ.ടി.എസ് സമർപ്പിച്ച നിർണായക തെളിവുകൾ അവഗണിക്കാൻ കഴിയില്ലെന്ന് നിലപാടെടുത്തു. വിചാരണയിലേക്ക് കടക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |