ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ 'നിർജീവം" എന്ന് വിശേഷിപ്പിച്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭിപ്രായത്തെ പിന്തുണച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ട്രംപ് പറഞ്ഞത് ശരിയാണെന്നും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ഇങ്ങനെയാക്കിയത് മോദി സർക്കാരാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനകാര്യമന്ത്രിക്കും ഒഴികെ എല്ലാവർക്കും ഇക്കാര്യമറിയാം.
ഈ സാഹചര്യത്തിന് കാരണം നോട്ടു നിരോധനം, ജി.എസ്.ടി എന്നിവയാണ്. 'മേയ്‌ക്ക് ഇൻ ഇന്ത്യ' വെറും 'അസംബിൾ ഇൻ ഇന്ത്യ' നാടകമായി. എം.എസ്.എം.ഇകൾ തുടച്ചുനീക്കപ്പെട്ടു. കർഷകർ തകർന്നു.അദാനിയെ സഹായിക്കാൻ മോദി സർക്കാർ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നശിപ്പിച്ചു. അദാനിക്ക് വേണ്ടി മാത്രമാണ് പ്രധാനമന്ത്രി മോദി പ്രവർത്തിക്കുന്നത്. ലോകത്തിന് മുഴുവനറിയാം ഇന്ത്യൻ സമ്പദ് വ്യവസ്ഥ നിശ്ചലമാണെന്ന്. പ്രധാനമന്ത്രി മോദി യു.എസ് സമ്മർദ്ദത്തിന് വഴങ്ങി വ്യാപാര കരാർ നടപ്പാക്കുമെന്നും രാഹുൽ പറഞ്ഞു.
ട്രംപിനെതിരെ റഷ്യ
ഇന്ത്യ റഷ്യയുമായി എന്തു ചെയ്താലും തനിക്കൊന്നുമില്ലെന്നും അവർ അവരുടെ 'നിർജീവമായ" സമ്പദ്‌വ്യവസ്ഥകളുമായി ഒരുമിച്ച് തകരട്ടെയെന്നും ട്രംപ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
ഇന്ത്യയുമായി വളരെ കുറച്ച് വ്യാപാരമാണ് യു.എസിനുള്ളതെന്നും റഷ്യയുമായി വ്യാപാരമേ ഇല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം,ട്രംപിനെതിരെ റഷ്യൻ മുൻ പ്രസിഡന്റ് ഡിമിട്രി മെഡ്‌വഡേവ് രംഗത്തെത്തി. റഷ്യയുടെ ആണവാക്രമണ ശേഷിയെ ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |