SignIn
Kerala Kaumudi Online
Thursday, 19 September 2024 11.40 AM IST

ഏകാന്തതയ്ക്ക് അന്ത്യം, വേദനകളില്ലാത്ത ലോകത്തേക്ക് കിസ്ക മടങ്ങി

Increase Font Size Decrease Font Size Print Page
kiska

ടൊറന്റോ : മനുഷ്യരെ പോലെ ഒറ്റപ്പെടലും വിഷാദവും മൃഗങ്ങൾക്കുമുണ്ട്. ഒറ്റപ്പെടൽ ഒരു മിണ്ടാപ്രാണിയെ എത്ര ഭീകരമായി ബാധിക്കുന്നുവെന്നതിന്റെ ഉദാഹരണമായിരുന്നു ' കിസ്ക". നീണ്ട 40 വർഷം മനുഷ്യരുടെ ' സംരക്ഷണത്തിൽ" കഴിഞ്ഞ കിസ്ക 47ാം വയസിൽ വിടപറഞ്ഞിരിക്കുകയാണ്. 2011 മുതൽ ഭീമൻ ടാങ്കിൽ കിസ്ക ഒറ്റയ്ക്കായിരുന്നു.

കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപമുള്ള മറൈൻ ലാൻഡ് വാട്ടർ പാർക്കിൽ ജീവിച്ചിരുന്ന ഒരു ഓർക്കയാണ് കിസ്ക. ബാക്ടീരിയൽ അണുബാധ മൂലം വ്യാഴാഴ്ചയായിരുന്നു കിസ്കയുടെ മരണം. ആഹാരത്തിനും മറ്റുമായി കടലിൽ ആയിരക്കണക്കിന് മൈൽ ദൂരം പ്രതിവർഷം സഞ്ചരിക്കുന്ന ഒരു ഭീമൻ കൊലയാളിത്തിമിംഗലത്തെ അഥവാ ഓർക്കയെ 150 അടി നീളവും 90 അടി വീതിയും 30 അടി ആഴവും ഉള്ള ഒരു കോൺക്രീറ്റ് കുളത്തിൽ പാർപ്പിച്ചാൽ എന്താകും സ്ഥിതി.? തന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ ആ ജീവി അനുഭവിച്ചിരുന്ന സ്വാതന്ത്ര്യവും സന്തോഷവും കോൺക്രീറ്റ് കുളത്തിൽ ലഭിക്കില്ല എന്നത് തീർച്ച. ഇതാണ് കിസ്കയും നേരിട്ടത്.

കടുത്ത വിഷാദം അനുവഭിച്ച കിസ്ക തന്നെ പാർപ്പിച്ചിരുന്ന ടാങ്കിന്റെ ഭിത്തിയിൽ തല തുടർച്ചയായി ഇടിക്കുന്നതിന്റെ ദൃശ്യങ്ങൾ 2021ൽ പുറത്തുവന്നത് പ്രതിഷേധത്തിന് കാരണമായിരുന്നു. തന്റെ കൂട്ടത്തിലെ മറ്റാരെയും കാണാതെ കഴിഞ്ഞ കിസ്ക വിഷാദത്തിന്റെ പിടിയിലാണെന്നാണ് ഇതോടെ പുറംലോകമറിഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ ഏകാന്തത അനുഭവിക്കുന്ന ഓർക്കയെന്നാണ് കിസ്ക അറിയപ്പെട്ടത്.

 ദുരിത ജീവിതം

1979ൽ ഐസ്‌ലൻഡ് തീരത്ത് നിന്ന് കീകോ എന്ന ഓർക്കയ്ക്കൊപ്പമാണ് കിസ്കയെ പിടികൂടിയത്. ' ഫ്രീ വില്ലി " എന്ന അമേരിക്കൻ സിനിമയിൽ കീകോ അഭിനയിച്ചിരുന്നു. കനേഡിയൻ പാർക്കിലെത്തും മുന്നേ നിരവധി വാട്ടർ പാർക്കുകളിൽ കിസ്ക ജീവിച്ചു. കിസ്കയ്ക്ക് അഞ്ച് കുഞ്ഞുങ്ങൾ ജനിച്ചെങ്കിലും അഞ്ച് വയസ് എത്തും മുന്നേ എല്ലാവരും ചത്തു. കടലിൽ 30 മുതൽ 50 വർഷം വരെയാണ് ഓർക്കകളുടെ ശരാശരി ആയുസ്. എന്നാൽ ആൺ ഓർക്കകൾ പരമാവധി 60 വർഷവും പെൺ ഓർക്കകൾ പരമാവധി 80 വർഷവും വരെ ജീവിച്ചേക്കാം.

തിമിംഗലങ്ങളെയും ഡോൾഫിനുകളെയും വളർത്തുന്നത് 2019ൽ കാനഡ നിരോധിച്ചിരുന്നു. എന്നാൽ കിസ്കയെ പോലെ സംരക്ഷണത്തിൽ തുടർന്നവയ്ക്ക് നിയമം ബാധകമായില്ല. യു.എസ്, ചൈന, ജപ്പാൻ, സ്പെയ്‌ൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോഴും ഓർക്കകളെ വളർത്താൻ പാർക്കുകൾക്ക് അനുമതിയുണ്ട്. വെയ്‌ൽ ആൻഡ് ഡോൾഫിൻ കൺസർവേഷൻ സംഘടനയുടെ കണക്ക് പ്രകാരം യു.എസിൽ 173 ഓർക്കകളാണ് മനുഷ്യരുടെ സംരക്ഷണത്തിലിരിക്കെ ചത്തത്. യു.എസിലെ പ്രശസ്തമായ തീം പാർക്ക് കമ്പനിയായ സീവേൾഡിന്റെ മൂന്ന് പാർക്കുകളിലായി 18 ഓർക്കകളാണ് ഇപ്പോഴുള്ളത്.

 ഓർക്ക - കടലിലെ വേട്ടക്കാർ

ഗ്രേറ്റ് വൈറ്റ് ഷാർകുകളെ പോലും തങ്ങളുടെ മൂർച്ചയേറിയ പല്ലുകൊണ്ട് വേട്ടയാടുന്നവയാണ് ഓർക്കകൾ. സമുദ്രത്തിലെ ഇരപിടിയൻമാരിൽ അത്യന്തം അക്രമകാരികളായ ഇവ കൊലയാളിത്തിമിംഗലമെന്നും അറിയപ്പെടുന്നുണ്ടെങ്കിലും ശരിക്കും ഡോൾഫിന്റെ കുടുംബത്തിൽപ്പെട്ടവയാണ്.

ഇന്ന് ലോകത്തിന്റെ വിവിധ ഭാഗത്തെ സീപാർക്കുകളിലും അക്വേറിയങ്ങളിലുമായി ഏകദേശം 55 ഓർക്കകളെ പാർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ കടലിൽ നിന്ന് നേരിട്ട് പിടിച്ചുകൊണ്ട് വന്നവയുമുണ്ട് പാർക്കുകളിൽ തന്നെ ജനിച്ചവയുമുണ്ട്. ജന്തുലോകത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ തലച്ചോറ് ഓർക്കകൾക്കാണ്.

അതുകൊണ്ട് തന്നെ, പരിശീലകന്റെ നിർദ്ദേശാനുസൃതം അവയ്ക്ക് വെള്ളത്തിൽ കുതിച്ചുചാടാനും മുകളിലേക്ക് പൊങ്ങാനും കഴിയും. അപകട സാദ്ധ്യതകൾ ഉണ്ടെങ്കിലും ഓർക്കകളുടെ അതിഗംഭീര പ്രകടനം തൊട്ടടുത്ത് കാണാൻ ആളുകളെ പ്രേരിപ്പിക്കുന്ന കാരണം ഇതാണ്. വിനോദത്തിനും അഭ്യാസപ്രകടനങ്ങൾക്കുമായി ഓർക്കകളെ കടലിൽ നിന്ന് മനുഷ്യർ ' തടവിലാക്കുന്നതിന് " എതിരെ വിവിധ പാരിസ്ഥിതിക സംഘടനകൾ രംഗത്തുണ്ട്.

 രക്തസാക്ഷിയായ ഹ്യൂഗോ

ഫ്ലോറിഡയിലുള്ള മയാമി സീക്വേറിയത്തിൽ ജീവിച്ചിരുന്ന ഹ്യൂഗോ എന്ന ഓർക്ക അതിനെ പാർപ്പിച്ചിരുന്ന കോൺക്രീറ്റ് ടാങ്കിന്റെ വശത്ത് തന്റെ തല പതിവായി ഇടിച്ചിരുന്നു. സ്വന്തം മൂക്ക് ഹ്യൂഗോ ഒരിക്കൽ ഇടിച്ച് തകർത്തു. ക്രമേണ പരിശീലകരെയും തലകൊണ്ട് ഇടിക്കാൻ തുടങ്ങി.

12 വർഷത്തെ ദുരിതജീവിതത്തിനൊടുവിൽ 1980 മാർച്ചിൽ ഹ്യൂഗോ വിടപറഞ്ഞു. പതിവായി തല ടാങ്കിൽ ഇടിപ്പിച്ചതിലൂടെ തലയിൽ രക്തം കട്ട പിടിച്ചായിരുന്നു മരണം. വാഷിംഗ്ടൺ തീരത്തിനടുത്തുള്ള വോഗൻ ബേയിൽ നിന്ന് വേട്ടക്കാർ പിടികൂടുമ്പോൾ ഹ്യൂഗോയ്ക്ക് ഏകദേശം മൂന്ന് വയസായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.