ക്വാലാലംപൂർ: നിർബന്ധിത വധശിക്ഷ നിറുത്തലാക്കാനുള്ള നിയമ പരിഷ്കാരങ്ങൾക്ക് അംഗീകാരം നൽകി മലേഷ്യൻ പാർലമെന്റ്. ഇതോടെ വധശിക്ഷ നിർബന്ധമാക്കിയിട്ടുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു. ഭേദഗതിക്ക് പാർലമെന്റിന്റെ ഉപരിസഭയുടെ അംഗീകാരം കൂടി ലഭിക്കണം. ഉപരിസഭയിലും ഇത് പാസാകുമെന്നാണ് കരുതുന്നത്. വധശിക്ഷയ്ക്ക് പകരമായി ചാട്ടവാറടിയും 30 മുതൽ 40 വർഷം വരെ തടവും നൽകും. കുറ്റവാളിയുടെ സ്വാഭാവിക ജീവിതകാലം മുഴുവൻ തടവുശിക്ഷ ആവശ്യപ്പെടുന്ന രീതിയും മാറ്റിസ്ഥാപിക്കും. രാജ്യത്ത് വധശിക്ഷകൾക്ക് 2018 മുതൽ മോററ്റോറിയം നിലവിലുണ്ട്. പാസാക്കിയ ഭേദഗതി കൊലപാതകം, മയക്കുമരുന്ന് കടത്ത് എന്നിവ ഉൾപ്പെടെ നിലവിൽ വധശിക്ഷ ലഭിക്കാവുന്ന 34 കുറ്റകൃത്യങ്ങൾക്ക് ബാധകമാണ്. അതേ സമയം, വധശിക്ഷ നിർബന്ധമാക്കിയിട്ടുള്ള കുറ്റകൃത്യങ്ങൾ കൂടാതെ ജഡ്ജിയുടെ വിവേചന അധികാരമുപയോഗിച്ച് വധശിക്ഷ നൽകാവുന്ന കുറ്റകൃത്യങ്ങളുമുണ്ട്. മലേഷ്യയിലെ 1,300ലധികം തടവുകാർക്ക് പുതിയ ഭേദഗതികളുടെ അടിസ്ഥാനത്തിൽ ശിക്ഷാ ഇളവ് തേടാനാകും. ഔദ്യോഗിക കണക്കുകൾ പ്രകാരം 1992 മുതൽ 2023 വരെ 1,318 തടവുകാരെ മലേഷ്യയിൽ തൂക്കിലേറ്റിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |