SignIn
Kerala Kaumudi Online
Thursday, 08 August 2024 2.58 PM IST

അറ്റ്‌ലാൻഡികിൽ മുങ്ങിത്താഴ്‌‌ന്ന ഫ്രീ ലൈഫ്

ff

ന്യൂയോർക്ക് : അഞ്ച് പതിറ്റാണ്ട് മുമ്പ്..... ന്യൂയോർക്കിലെ ഈസ്റ്റ് ഹാംപ്റ്റണിൽ നിന്ന് മാൽകം ബ്രൈറ്റൺ, റോഡ്നി ആൻഡേഴ്സൺ, ഭാര്യ പമേല ബ്രൗൺ എന്നിവർ ഒരു യാത്ര ആരംഭിച്ചു. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒരു ദൗത്യമായിരുന്നു അവരുടെ മുന്നിൽ. കൂറ്റൻ ഹീലിയം യാത്രാ ബലൂണിൽ അറ്റ്‌ലാൻഡിക് സമുദ്രത്തെ മുറിച്ചു കടക്കുക എന്നതായിരുന്നു അവരുടെ യാത്രയുടെ ലക്ഷ്യം. അറ്റ്‌ലാൻഡിക് സമുദ്രത്തെ മുറിച്ചു കടക്കുന്ന ആദ്യ മനുഷ്യ നിയന്ത്രണത്തിലുള്ള ബലൂൺ എന്ന റെക്കോർഡിനായി മൂവരെയും കൊണ്ട് പറന്നുയർന്ന ഹീലിയം ബലൂണിന്റെ പേര് ' ഫ്രീ ലൈഫ് ' എന്നായിരുന്നു.

 സ്വപ്ന യാത്ര

32 കാരനായ റോഡ്നി ആൻഡേഴ്സണും ഭാര്യ പമേല ബ്രൗണും ആയിരുന്നു ആ സാഹസിക യാത്ര ആവിഷ്കരിച്ചത്. കെന്റകി സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ മകളായിരുന്ന 28കാരിയായ പമേല ഒരു നടി കൂടിയായിരുന്നു. യാത്ര അത്ര നിസാരമായിരുന്നില്ല. റോഡ്നി - പമേല ദമ്പതികളുടെ പക്കൽ നിന്ന് വൻ തുകയാണ് യാത്രാ ചെലവായി വേണ്ടി വന്നത്. ദൗത്യം വിജയകരമായി പൂർത്തിയാക്കി തിരികെ എത്തിയ ശേഷം തങ്ങളുടെ അനുഭവങ്ങൾ പുസ്തക രൂപത്തിൽ എഴുതി വിൽക്കാമെന്നും അതിലൂടെ ബലൂൺ തയാറാക്കുന്നതിന് ചെലവഴിച്ച ഈ ഭീമൻ തുക തങ്ങൾക്ക് തിരിച്ചുപിടിക്കാൻ സാധിക്കുമെന്നും ഇരുവരും പദ്ധതിയിട്ടു.

മാൽകം ബ്രൈറ്റൺ എന്ന ബ്രിട്ടീഷ് ബലൂണിസ്റ്റിനെയാണ് ദമ്പതികൾ തങ്ങൾ യാത്ര തിരിക്കാൻ പോകുന്ന ബലൂണിനെ നിയന്ത്രിക്കുന്നതിനായി തിരഞ്ഞെടുത്തത്. നിരവധി ആകാശനൗകകളായ ബലൂണുകൾ നിർമ്മിച്ചും അവ പറത്തിയും പരിചയമുള്ളയാളായിരുന്നു

32 കാരനായ ബ്രൈറ്റൺ. മാത്രമല്ല, യൂറോപിലെ ആദ്യ മോഡേൺ ഹോട്ട് എയർ ബലൂണായ ' ബ്രിസ്റ്റൽ ബെല്ലി'ന്റെ നിർമാതാക്കളിൽ ഒരാൾ കൂടിയായിരുന്നു ബ്രൈറ്റൺ. അതിസങ്കീർണമായ അറ്റ്‌ലാൻഡിക് യാത്രയിൽ ബൈറ്റണിന്റെ പരിചയ സമ്പന്നത തീർച്ചയായും ഉപകാരപ്പെടുമെന്ന് അവർ കണക്കുകൂട്ടി.

 കൂറ്റൻ ബലൂൺ

റോസിയർ ഇനത്തിൽപ്പെട്ട ബലൂൺ ആയിരുന്നു ഫ്രീ ലൈഫ്. ചുടുവായുവും, ഭാരം കുറഞ്ഞ വാതകങ്ങളും ഉപയോഗിക്കുന്ന തരം ബലൂണുകളാണിവ. വളരെ ദൈർഘ്യമേറിയ യാത്രകൾക്ക് ഉപയോഗിച്ചിരുന്ന റോസിയർ ബലൂണുകളിൽ, പ്രത്യേകം അറകളിൽ നിറച്ചിരിക്കുന്ന വാതകങ്ങൾ ഉപയോഗിച്ചാണ് ഉയർത്തൽ ബലം സാദ്ധ്യമാകുന്നത്.

എന്നാൽ, ആദ്യമായാണ് റോസിയർ ഇനത്തിലെ ഒരു ബലൂൺ അറ്റ്‌ലാൻഡിക് സമുദ്രത്തെ മറികടക്കാൻ ഉപയോഗിക്കുന്നത്. മാർക് സെമിച്ച് എന്നയാളാണ് ഫ്രീ ലൈഫ് നിർമ്മിച്ചത്. മഞ്ഞ, വെള്ള, ഓറഞ്ച് നിറങ്ങൾ ഇടകലർന്നതായിരുന്നു ഫ്രീ ലൈഫ്. ഏകദേശം 80 അടി പൊക്കമുണ്ടായിരുന്നു ഫ്രീ ലൈഫിന്.

ഫ്രീ ലൈഫിനെ അറ്റ്‌ലാൻഡികിന് കുറുകേ പറത്താനുള്ള തീരുമാനം അത്യന്തം അപകടമാണെന്ന് പലതരം അഭിപ്രായപ്പെട്ടു. എന്നാൽ, റോഡ്നി - പമേല ദമ്പതികളോ മാൽകം ബ്രൈറ്റണോ അതത്ര കാര്യമാക്കിയില്ല. ചരിത്രം തിരുത്തുക എന്ന ഒറ്റ ലക്ഷ്യമായിരുന്നു അവരുടെ മുന്നിൽ. അങ്ങനെ ഫ്രീ ലൈഫ് ബലൂൺ ആകാശത്തേക്ക് പറന്നുയർന്നു.

 ദുരന്തത്തിലേക്ക്

1970 സെപ്റ്റംബർ 20... വളരെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു അന്ന്. ആൻഡേഴ്സണും പമേലയും ബ്രൈറ്റണും ഫ്രീ ലൈഫ് ബലൂണിൽ തങ്ങളുടെ യാത്ര തുടങ്ങി. ഫ്രീ ലൈഫ് പറന്നുയരുന്നത് കാണാൻ വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. പറന്നുയർന്ന ബലൂണിന് വിജയാശംസകൾ നേർന്ന് കൊണ്ട് അവർ മൂവരെയും നോക്കി കൈവീശിക്കാട്ടി.

ഏകദേശം 30 മണിക്കൂറുകൾ യാതൊരപ കുഴപ്പവുമില്ലാതെ കടന്നുപോയി. എന്നാൽ, വൈകാതെ അപകടം മറനീക്കി പുറത്തെത്തി. ബലൂണിന്റെ ഉയരം നിലനിറുത്താൻ രൂപകല്പന ചെയ്തിരുന്ന സംവിധാനം തകരാറിലായി. രാത്രി സമയമായിരുന്നു അത്. പോരാത്തതിന് ശക്തമായ മഴയും കാറ്റും. കാലാവസ്ഥ വളരെ മോശമായി. ന്യൂഫൗണ്ട്‌ലാൻഡിന് തെക്ക് കിഴക്ക് 600 മൈൽ അകലെ വച്ച് അറ്റ്‌ലാൻഡിക് സമുദ്രത്തെ ലക്ഷ്യമാക്കി ബലൂൺ നിയന്ത്രണം വിട്ട് താഴാൻ തുടങ്ങി.

തങ്ങൾ അപകടത്തിലാണെന്നും രക്ഷിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശം ഫ്രീലൈഫിൽ നിന്ന് രക്ഷാപ്രവർത്തകർക്ക് ലഭിച്ചു. വൈകാതെ ഫ്രീ ലൈഫ് പ്രഷുബ്ദമായി കിടന്ന അറ്റ്‌ലാൻഡിക് സമുദ്രത്തിലേക്ക് പതിച്ചു. റോയൽ കനേഡിയൻ എയർ ഫോഴ്സ്, യു.എസ് എയർ ഫോഴ്സ്, യു.എസ് കോസ്റ്റ് ഗാർഡ് എന്നിവർ ബലൂണിലുണ്ടായിരുന്നവർക്കായി സംയുക്തമായി തിരച്ചിൽ നടത്തി. തിരച്ചിൽ 14 ദിവസം നീണ്ടു നിന്നിട്ടും ബലൂണിന്റെ ചില ഭാഗങ്ങൾ മാത്രമാണ് കണ്ടെത്താനായത്. ഒടുവിൽ, മാൽകം ബ്രൈറ്റൺ, റോഡ്നി ആൻഡേഴ്സൺ, ഭാര്യ പമേല ബ്രൗൺ എന്നിവർ മരിച്ചിരിക്കാമെന്ന് അധികൃതർ വിധിയെഴുതി.

 എട്ട് വർഷങ്ങൾക്ക് ശേഷം...

അറ്റ്‌ലാൻഡികിനെ മറികടക്കുന്നത് സ്വപ്നം കണ്ട് ഫ്രീലൈഫ് ആരംഭിച്ച യാത്ര ദുരന്തത്തിൽ അവസാനിച്ചെങ്കിലും വീണ്ടും സമാനമായ ദൗത്യവുമായി പലരും മുന്നോട്ട് വന്നു. ഒടുവിൽ, എട്ട് വർഷങ്ങൾക്ക് ശേഷം, 1978ൽ അമേരിക്കക്കാരായ ബെൻ അബ്ര്യൂസോ, മാക്സി ആൻഡോഴ്സൺ, ലാറി ന്യൂമാൻ എന്നിവർ ഫ്രീ ലൈഫിന് സമാനമായ ' ഡബിൾ ഈഗിൾ II ' എന്ന ഹീലിയം ബലൂണിൽ 137 മണിക്കൂറുകൾ കൊണ്ട് അറ്റ്‌ലാൻഡിക് സമുദ്രത്തെ വിജയകരമായി മറികടന്ന് റെക്കോർഡ് സ്ഥാപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.